മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെടുകയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരികൂടിയാണ് ഇവര്‍.
മുന്‍വിധികളില്ലാതെ താനേവാര്‍ന്നുവീഴുന്നവയെന്നു ധ്വനിപ്പിക്കുന്നവയാണ് പൊതുവേ അവരുടെ രചനകള്‍. പ്രമേയത്തിലും അവതരണത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് മലയാളിയുടെ സാംസ്‌കാരികലോകത്ത് കലാപം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ടകള്‍.
എന്നും വായനക്കാര്‍ക്ക് വിസ്മയംതീര്‍ത്ത 19 കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നാവികവേഷം ധരിച്ച കുട്ടി, നെയ്പ്പായസം, മലഞ്ചരുവുകളില്‍, പക്ഷിയുടെ മണം, ചുവന്ന പാവാട, മതിലുകള്‍ എന്നീ കഥകളും ഇക്കൂട്ടത്തിലുണ്ട്. ഡി സി ബുക്‌സ് കഥാവര്‍ഷം പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പതിനാറാമത് പതിപ്പാണ് വിപണിയിലുള്ളത്.