മുക്തികോപനിഷത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ച് രചിച്ച കൃതിയാണ് ഉപനിഷത്ത് സാരസംഗ്രഹം . എന്‍ കെ കുഞ്ഞിക്കുട്ടന്‍ ഇളയത് ആണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്. ഉപനിഷത്ത് സാരസംഗ്രഹത്തെ മന്‍നിര്‍ത്തി കുഞ്ഞിക്കുട്ടന്‍ ഇളയത് എഴുതിയ ആമുഖക്കുറിപ്പ്
വായിക്കാം..
ഭാരതീയതത്ത്വചിന്തകളുടെയും ഇന്ത്യന്‍ ജനതയുടെ ആത്മീയാനുഭൂതിയുടെയും മഹത്തായ ദര്‍ശനമാണ് വേദാന്തം അഥവാ ഉപനിഷത്ത് നല്കുന്നത്. വേദോപനിഷത്തുകളുടെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സില്‍ തെളിയുന്നത് കൈലാസവും പര്‍വ്വതനിരകളും കുത്തിയൊഴുകുന്ന നദികളും മന്ദാനിലനും വന്‍വൃക്ഷങ്ങളും പച്ച നിറമാര്‍ന്ന സസ്യലതാദികളും ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികളും മൃഗങ്ങളുമാണ്. കൂടാതെ, മുനിവര്യന്മാരുടെ സ്തുതിഗീതങ്ങളും വേദമന്ത്രങ്ങളും ആശ്രമപ്രദേശത്തുനിന്നും കേള്‍ക്കാം. ശ്രേഷ്ഠന്മാരായ ആ വനവാസികളുടെ ചിന്തയില്‍ ഉപനിഷത്തുകള്‍ വ്യാപിച്ചുകിടന്നിരുന്നു. അതിലൂടെ ആ ഋഷിവര്യന്മാര്‍ യാത്രചെയ്ത് ആവര്‍ത്തനാത്മകമായ ജീവിതത്തിന്
കാരണമായിട്ടുള്ള അവിദ്യയെ നശിപ്പിച്ചു. അവര്‍ ദുഃഖത്തെ അകറ്റാനും ബ്രഹ്മത്തെ പ്രാപിക്കാനും ശ്രമിച്ചു. പക്ഷേ, അതുകൊണ്ടൊന്നും ഫലം പൂര്‍ത്തിയായില്ല. അതിനാല്‍ ആചാര്യന്മാര്‍ ഉപനിഷത്തുകള്‍ കഴിവിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ ആരംഭിക്കുകയും ശിഷ്യനെ അടുത്തിരുത്തി രഹസ്യമായി പാഠം പഠിപ്പിക്കുകയും ചെയ്തിരുന്നു. ബ്രഹ്മവിദ്യ രഹസ്യമായിട്ട് പഠിപ്പിച്ചിരുന്നതിനാല്‍ ഉപനിഷത്തിനും ആ പേരുണ്ടായി. എല്ലാവരും രഹസ്യോപനിഷത്തെന്നു വിളിക്കാനും തുടങ്ങി.
അമരകോശത്തിലും ഉപനിഷത്തിന് ‘രഹസ്യം’എന്നര്‍ത്ഥം പറഞ്ഞു കാണുന്നു. പിന്നീട് ഉപനിഷത്ത് ആത്മതത്ത്വങ്ങളുടെ ദിവ്യോപദേശങ്ങളായിത്തീര്‍ന്നു. കാലം പിന്നെയും മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ശിഷ്യനെ അടുത്തിരുത്തി പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ വന്നു. ഋഷിവര്യന്മാര്‍ പഴയ രീതി മാറ്റുകയും അവര്‍ സ്ത്രീപുരുഷഭേദമന്യേ സര്‍വ്വ രെയും പഠിപ്പിക്കാനും ആരംഭിച്ചു. കുടുംബസദസ്സുകളിലും പൊതുവേദിയിലും സ്ത്രീപുരുഷ വ്യത്യാസമന്യേ എല്ലാവരും ഉപനിഷത്ത് പഠിക്കാന്‍ ആരംഭിച്ചു. വേദോപനിഷത്തു ചര്‍ച്ചകള്‍ എല്ലായിടത്തും ആരംഭിച്ചു. ജനകരാജാവിന്റെ സദസ്സിലും ഉപനിഷത്ത് വ്യാഖ്യാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിപോലും! അവിടെ സഭയില്‍ യാജ്ഞവല്ക്യന്‍, അശ്വലന്‍, സാകല്യന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കുശേഷം അവിടെ ബ്രഹ്മചിന്തകളും അരങ്ങേറാന്‍ തുടങ്ങി. അടുത്തിരുന്ന് ശിഷ്യന് വേദം പറഞ്ഞു കൊടുക്കുന്ന രീതിക്കും വീണ്ടും മാറ്റങ്ങള്‍ ഉണ്ടായി. സ്വകാര്യപഠനരീതി അവസാനിച്ചു. വേദം മൂന്നായി പിരിഞ്ഞു. എന്നാല്‍ അധികം വൈകാതെ മൂന്നു വേദങ്ങളും കൂടിച്ചേരുകയും ‘ത്രയീ’ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. വേദം വീണ്ടും പുഷ്ടി പ്രാപിച്ചു. ധാരാളം പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തും ബ്രാഹ്മണര്‍വ്യാഖ്യാനങ്ങള്‍ നിരത്തിയും വേദത്തിന് ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ മൂന്നു ശാഖകള്‍ ആവിര്‍ഭവിച്ചു. അതില്‍ ബ്രാഹ്മണം യജ്ഞങ്ങള്‍ക്കുവേണ്ടി മന്ത്രങ്ങള്‍ വ്യാഖ്യാനം ചെയ്തു. ഇപ്രകാരം പലപ്പോഴും വേര്‍തിരിവുകള്‍ ഉണ്ടായിട്ടുള്ളതായും കാണാം. ഭാരതത്തിന്റെ ആത്മീയ ദാരിദ്ര്യമാണ് അതിന് കാരണമെന്നും അഭിപ്രായമുണ്ട്.
വേദസത്യം കാണാതായപ്പോള്‍ പുരോഹിതന്മാര്‍ ആചാരങ്ങളിലേക്ക് നീങ്ങി. അത് പുരാണങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും ബ്രാഹ്മണങ്ങളിലെ കല്പിതാഖ്യാനങ്ങള്‍ പിന്നീട് പുരാണങ്ങളെ തളര്‍ത്തുകയും വേദങ്ങളിലെ ആത്മീയസങ്കല്പങ്ങള്‍ പുരാണങ്ങളെ വികൃതമാക്കുകയും ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.