ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ ഞാനും ബുദ്ധനുംഎന്ന നോവല്‍. ഉപേക്ഷിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ നിറഞ്ഞ ഈ നോവല്‍ ഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും വായനക്കാരെ വിസ്മയിപ്പിക്കുന്നു. ഈ നോവലിന് സിന്ധു കെ വി എഴുതിയ ആസ്വാദനക്കുറിപ്പ്.. വായിക്കാം.
കര്‍ക്കിടകം തീര്‍ന്ന് ചിങ്ങം വന്നെങ്കിലും വന്നുകൊണ്ടേയിരുന്ന ദുരിതങ്ങളില്‍ മനമിടറുകയാല്‍ ആകാശം വീണ്ടും കനക്കുകയും മഴ പെയ്യാന്‍ തുടങ്ങുകയും ചെയ്തു. മങ്ങിയ പകല്‍ വെളിച്ചത്തില്‍ അക്ഷരങ്ങളിലൂടെ അലങ്കാരക്കൂട്ടുകളില്ലാത്ത മറ്റൊരു കാലത്തിലേക്കുള്ള സഞ്ചാരമായിരുന്നു. കഥ കേള്‍ക്കുമ്പോള്‍ ഉണ്ടാവാറുള്ള കൗതുകങ്ങളിലൊന്ന് അതതുകാലത്തിന്റെ, ആചാരങ്ങളുടെ,ആളുകളുടെ ഭാഷയാണ്. എത്ര പെട്ടെന്നാണ് ഭാഷ ആളുകളെ അടയാളപ്പെടുത്തുന്നതെന്ന് അതിശയിക്കാറുണ്ട്. പറച്ചിലുകളുടെ വ്യത്യസ്തത. വേറെ കാലം. വേറെ ലോകം. വേറെ ആളുകള്‍. പാട്ടുകളില്‍, കവിതകളില്‍, വരകളില്‍ ഇതുതന്നെയല്ലേ സ്രഷ്ടാക്കളെ വ്യത്യസ്തരാക്കാറുള്ളത്? വന്നതേയുള്ളുവെങ്കിലും രാജേന്ദ്രന്‍ എടത്തുങ്കരയുടെ ഞാനും ബുദ്ധനും എന്ന നോവല്‍ ഏറെ ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിനു നിങ്ങള്‍ക്കും രണ്ടോ മൂന്നോ പേജിനപ്പുറത്തേക്ക് പോകേണ്ടിവരില്ല. അത്രവേഗതയിലാണ് ഒറ്റക്കുതിരയെപ്പൂട്ടിയ ആ രഥത്തിലേക്ക് എഴുത്തുകാരന്‍ നമ്മളെ വലിച്ചുകയറ്റുന്നത്. പ്രകാശനദിവസം മുതലിങ്ങോട്ട് ധാരാളം നോവല്‍ വായനകളും കണ്ടു. ഏറ്റവുമൊടുവില്‍ പ്രിയ സുഹൃത്ത് സോന (Sona Rajeevan)യുടെ മലയാളത്തില്‍ ഒരു ഡാവിഞ്ചിക്കോഡ് എന്ന വായനയും കൂടിയായപ്പോള്‍ ഇനി നോവല്‍ വായിക്കാതെ വയ്യെന്നായി. ഈ വായനകളെല്ലാം നോവലിനു ശേഷമാവുന്നതായിരുന്നു നല്ലത്, ഇനിയിപ്പോ വായിക്കുമ്പോ ഇതെല്ലാം കേറി വന്നേക്കുമോ എന്ന് സോന ആശങ്കപ്പെട്ടിരുന്നു. പക്ഷേ, അതുണ്ടായില്ല. നോവലിലോ ആളുകളിലോ എനിക്കതുണ്ടാകാറില്ല. ആരു വായിച്ചാലും ഞാന്‍ വായിക്കുമ്പോ മറ്റൊരു വായനയും വരാറില്ല. അങ്ങനെ പോവുമ്പോ ഉദ്യാനത്തിലേക്കു തുറക്കുന്ന ജാലകവാതില്‍ക്കല്‍ വെറുതേ പുറത്തേക്കു നോക്കിനില്‍ക്കുന്ന ഗോപ..
എന്തുകാത്ത്, ആരെക്കാത്ത്?
കാത്തിരിക്കുന്നു, അത്ര മാത്രമേ അറിയൂ.മഞ്ഞിലും മഴയിലും വെയിലിലും കാത്തിരിക്കുന്നു. രാത്രിയും പകലും കാത്തിരിക്കുന്നു.
ആരെയെന്നോ എന്തിനെന്നോ അറിയാത്ത ഇത്തരം നിരര്‍ത്ഥകമായ കാത്തിരിപ്പില്‍ അനേകമാണ്ടായി മുഴുകിക്കൊണ്ടേയിരിക്കുന്ന ഒരുവളുടെ/ അനേകായിരം ഒരുവളുടെ മുന്നിലേക്ക്.
ഗോപ..
മറ്റൊന്നുമറിയില്ലെങ്കിലും അവളെ അറിയാതിരിക്കില്ല. പെണ്ണെന്ന ജാതിയില്‍ പിറന്നുവളര്‍ന്ന ഒരുവള്‍ക്കും അവളെ അറിയാതിരിക്കാനാവില്ല. ആ നില്‍പ്പ് അറിയാതിരിക്കാനാവില്ല. കാത്തിരിപ്പായിരുന്നു അവളുടെ ജീവിതം. നിശ്ശബ്ദമായ കാത്തിരിപ്പ്. സ്വയംവരപ്പന്തലില്‍ എത്തിച്ചേരാന്‍ വൈകിയ അവനുവേണ്ടിയുള്ള കാത്തിരിപ്പുമുതല്‍ അത് ആരംഭിക്കുന്നു. കാത്തിരിപ്പിന്റെ ഒറ്റയടിപ്പാതയിലൂടെ അവള്‍ ഇരുട്ടിലേക്ക് നടക്കുന്നു.
കല്യാണി..
അവസാനിക്കാത്ത ഒരു നിലവിളി തന്നെ സദാ പിന്തുടരുന്നുണ്ടെന്ന് നന്ദനെ അലട്ടാറുള്ള അതേ കല്യാണി..രാജകുമാരാ പോവരുതേ എന്ന് വിലപിച്ച് പിന്നാലെ പാഞ്ഞ് അടിപതറിയവള്‍.
കോസലദേവി
ഉള്ളുതകര്‍ന്ന പടുമുളയുടെ അവസ്ഥയായിരുന്നു അവളുടേത്. ആത്മാവിന്റെ ആഴത്തില്‍ നിന്നും കരച്ചില്‍ കൂലം കുത്തിയൊഴുകുന്നു. കാറ്റില്‍ സാവധാനം നിലം പതിക്കുന്ന പടുമുള പോലെ കോസലദേവി പുറത്തേക്കു നടന്നു.കരിങ്കല്‍ച്ചീളുകള്‍ പാകിയ നിലത്ത് നീരുവറ്റി ചുളിഞ്ഞുപോയ ശരീരവുമായി വരണ്ടുണങ്ങിയ ചുണ്ടുകളോടെ മഗധയുടെ മഹാരാജാവ് മരണാസന്നനാവുന്നതുകണ്ട് തന്റെ കണ്ണുനീര്‍ കൊണ്ടുപോലും ഇത്തിരി നനവുപകരാനാവാതെ നിസ്സഹായയായി പുറത്തേക്ക് പോകുന്ന അവള്‍..കോസലദേവി.
മകന്‍ പിറന്ന സന്തോഷത്താല്‍ മതിമറന്നുനില്‍ക്കുന്ന മകനോട് ആയമ്മ യാചിക്കുന്നുണ്ട്, ‘ഈ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ ഒരാളെക്കൂടി അനുവദിക്കണം’ ഏതന്ധകാരത്തിലും ഇത്തിരിക്കനിവു തേടുന്ന പ്രാര്‍ത്ഥന.
കമല
എല്ലാവരും പോകട്ടെ തേലംഗാ. ഞാന്‍ ഇവിടെത്തന്നെ നില്‍ക്കും. ആഞ്ഞുതീരാറായ ഈ വീട്ടില്‍.. ലോകമെങ്ങും ബുദ്ധകഥകള്‍ക്ക് പരിവേഷം കൂടുമ്പോഴും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാല്‍ കപിലവസ്തുവിന്റെ ആകാശങ്ങളെ അസ്വസ്ഥയാക്കിയ കമല.. കമലയും കാത്തിരിക്കുകയാണ്. ‘വൈശാലിയില്‍ എത്തിച്ചേര്‍ന്ന സ്ത്രീകളില്‍ കമലയില്ലെന്നറിഞ്ഞാല്‍ ഒരാള്‍ക്ക് പിന്നെ അവിടെനില്‍ക്കാനാവില്ല. ” വന്നേക്കുമയാള്‍ എന്ന് കാളുദായിക്കായുള്ള കാത്തിരിപ്പിന്റെ കടംകഥയായി കമലയും. ഒരു വാര്‍ത്തയും അവള്‍ ശ്രദ്ധിച്ചില്ല. ഒരു വാര്‍ത്തയും അവള്‍ കേള്‍ക്കുകയുണ്ടായില്ല.
ഗൗതമി
അമ്മ അകത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല. നിഗ്രോധാരാമത്തിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ്. സന്ധ്യ മുതല്‍ ഒരേ ഇരിപ്പ്.
കപിലവസ്തുവില്‍ കാലുകുത്തുന്ന നിമിഷം മകന്‍ തന്നെ കാണാനെത്തുമെന്നു കാത്തിരുന്ന, അതു തെറ്റിപ്പോയ ഒരമ്മയുടെ കാത്തിരിപ്പ്..
ഹാ.. പിന്നേയുമെത്ര പേര്‍..
കോട്ട കെട്ടിയും പ്രസ്ഥാനങ്ങള്‍ വലുതാക്കിയും പേരുകൊത്തി കടന്നുപോയ ചരിത്രത്തിലെ അനേകായിരം നാമങ്ങളെ.. പിന്നെയുമെത്ര പേര്‍..