തിരക്കിനിടയില്‍ നഷ്ടപ്പെടുകയോ വിസ്മൃതിയിലാകുകയോ ചെയ്യുന്ന സാംസ്‌കാരിക ഘടകങ്ങളെ ഊതിത്തെളിച്ചുകാട്ടുക എന്നത് എഴുത്തുകാരുടെ ധര്‍മ്മമാണ്. ഈ ധര്‍മ്മം നിറവേറ്റുന്ന ഭാഷാസംസ്‌കാരസംബന്ധിയായ 12 ലേഖനങ്ങളുടെ സമാഹാരമാണ് അരുവിപ്പുറത്തിനപ്പുറം. കവി, വിമര്‍ശകന്‍, ഗവേഷകന്‍, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.
മൂന്ന് വിഭാഗങ്ങളിലായി ഈ ലേഖനങ്ങളെ തരംതിരിച്ചിരിക്കുന്നു. എങ്കിലും അരുവിപ്പുറത്തിനപ്പുറം എന്ന ലേഖനത്തിലൂടെ ജാത്യാനാചാരങ്ങളുടെ ഇരുണ്ട തടവറയില്‍ വെളിച്ചം കെട്ടു ജീവിച്ച ജനസഹസ്രങ്ങളെ നവോത്ഥാനത്തിന്റെ പുലരിയിലേക്ക് നയിച്ച ചരിത്ര സംഭവങ്ങളെ അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. തീര്‍ത്ഥപാദ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും ആശ്രമങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും മറ്റും വിശദമാക്കുന്നതാണ് തീര്‍ത്ഥപാദസമ്പ്രദായം.
വ്യാസപഠനത്തിലും ആര്‍ഷജ്ഞാനഗവേഷണത്തിലും മുഴുകിയ ആചാര ശ്രീയുടെ വ്യാസദര്‍ശനം എന്ന കൃതിയെക്കുറിച്ചുള്ള പഠനമാണ് വ്യാസദര്‍ശനം. ഭാഗവതപുരാണം ശ്രവിക്കുന്നതിന്റെ പുണ്യങ്ങള്‍ എടുത്തുകാട്ടുന്ന ലേഖനമാണ് ഭാാഗവതശ്രവണം. കാര്‍ഷികോത്സവത്തിന്റെ പ്രാധാന്യത്തെ വിളംബരപ്പെടുത്തുന്നതാണ് വിഷുപ്പക്ഷി പാടുന്നു എന്ന അടുത്ത ലേഖനം.
പുരാരേഖയും ചരിത്രരചനയും, ടെലിവിഷനും റിയാലിറ്റി ഷോയും, മലയാളത്തിന്റെ സ്വാതന്ത്ര്യസമരം, എന്നീ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഭാഗവും പ്രകാശം പരത്തിയ ആശാന്‍, ആരാധനയുടെ മാധുര്യം, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, ഇടയാറന്മുള കെ.എം.വര്‍ഗീസ് തുടങ്ങിയവ അടങ്ങുന്ന മൂന്നാം ഭാഗവും അരുവിപ്പുറത്തിനപ്പുറം എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.
പ്രശസ്തനായ മലയാള ഗദ്യ സാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമായ എഴുമറ്റൂര്‍ രാജരാജവര്‍മ്മ കവിത, ശാസ്ത്രം, വിമര്‍ശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.. നല്ല ജീവചരിത്രകൃതിക്കുള്ള പി.കെ. പരമേശ്വരന്‍നായര്‍ അവാര്‍ഡ്, കേരള നവോത്ഥാന കലാസാഹിത്യവേദി അവാര്‍ഡ്, ഡോ.എന്‍ കൃഷ്ണവാര്യര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ് തുടങ്ങി സാഹിത്യത്തിലെ വിവിധമേഖലകളിലായി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
The post ഭാഷാസംസ്‌കാരസംബന്ധിയായ 12 ലേഖനങ്ങള് appeared first on DC Books.