മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ.ആര്‍.മീര യുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളാണ്. ഡി സി ബുക്‌സ്പ്രസിദ്ധീകരിച്ച, ബെസ്റ്റ് സെല്ലറായ മീരയുടെ മൂന്ന് പുസ്തകങ്ങളുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. നിരവധി ചര്‍ച്ചകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വിധേയമായ ആരാച്ചാര്‍, മീരയുടെ നോവെല്ലകള്‍, കഥകള്‍: കെ ആര്‍ മീര എന്നീ പുസ്തകങ്ങളുടെ പതിപ്പുകളാണ് ഇറങ്ങിയത്.
പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന അവരുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ് കഥകള്‍: കെ ആര്‍ മീര. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ആവേ മരിയ’, ‘മോഹമഞ്ഞ’, ‘ശൂര്‍പ്പണഖ’ എന്നീ പ്രശസ്തങ്ങളായ കഥകള്‍ ഉള്‍പ്പെടെ മുപ്പത്തിമൂന്ന് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമാഹാരത്തിലെ കഥകളിലോരോന്നിലും കെ.ആര്‍.മീര തന്റെ ഭാഷയും അവബോധത്തെയും സമീപനത്തേയും പുനര്‍ജനിപ്പിക്കുന്നു. പുസ്തകത്തിന്റെ ഒമ്പതാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
മീരയില്‍ നിന്ന് മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ആ മരത്തെയും മറന്നു മറന്നു ഞാന്‍. പിന്നീട് പെണ്ണിന്റെ ലോകം നിരവധി തരത്തിലുള്ള യുദ്ധങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍, കരിനീല, മീരാസാധു തുടങ്ങിയ നോവെല്ലകളും മീര എഴുതി. കഥകള്‍കൊണ്ട് പലപ്പോഴും ആസ്വാദകരെ മോഹിപ്പിച്ച മീരയുടെ ഈ അഞ്ച് നോവല്ലകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് മീരയുടെ നോവെല്ലകള്‍. വേട്ടക്കാരും ഇരകളും മാറിമറിയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഈ അഞ്ച് നോവെല്ലകളും. ഇതിന്റെ ഒമ്പതാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
എന്നാല്‍ പെണ്‍ ആരാച്ചാരുടെ കഥപറഞ്ഞ വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ടനേടിയ നോവലാണ് ആരാച്ചാര്‍. ഒരു കൃതിക്കു ലഭിക്കാവുന്ന മികച്ച പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ ആരാച്ചാരുടെ 26-ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. കേവലം ഒരു ആരാച്ചാരുടെ കഥ എന്നു പറഞ്ഞു നിര്‍ത്താവുന്ന നോവലല്ല ആരാച്ചാര്‍ മറിച്ച് ആധുനിക സമൂഹത്തെ നിത്യവും മഥിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ധാര്‍മിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്ന പ്രത്യേകത കൂടി നോവലിനുണ്ട്. ഇന്നു സമൂഹത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും നടക്കുന്ന മാധ്യമ ഇടപെടലുകളും ധാര്‍മികത നഷ്ടമാകുന്ന രീതിയിലുള്ള വാണിജ്യ വല്‍ക്കരണവും ആരാച്ചാര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്‍.മീര 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 2001 മുതല്‍ എഴുത്തിലേക്ക് തിരിഞ്ഞു. ആരാച്ചാര്‍, മീരയുടെ നോവെല്ലകള്‍, കഥകള്‍: കെ ആര്‍ മീര, പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും, ആ മരത്തെയും മറന്നു മറന്നു ഞാന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി.യു.സി.എല്‍.) അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി. ഇംഗ്ലീഷിലേക്കും തമിഴിലേക്കും കൃതികള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
The post കെ ആര്‍ മീരയുടെ മൂന്ന് പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പ് appeared first on DC Books.