സ്വന്തം പേര് വെളിപ്പെടുത്താത്ത ഒരു യുവാവില്‍ നിന്ന് ബെന്യാമിന് ഒരു ഇ-മെയില്‍ സന്ദേശം ലഭിക്കുന്നു. തന്റെ ജീവിതകഥ അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അയാള്‍ നേരിടുന്ന ജീവിതസംഘര്‍ത്തില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ലെന്നും അയാള്‍ വ്യക്തമാക്കുന്നു. അജ്ഞാതന്റെ ആത്മകഥയായ പിതാക്കന്മാരുടെ പുസ്തകത്തിന്റെ ആദ്യഭാഗമാണ് തുടര്‍ന്ന് ബെന്യാമിന് ലഭിച്ചത്.
പിതാക്കന്മാരുടെ പുസ്തകം ഡീഗോ ഗാര്‍ഷ്യയിലെ ചാങ്ങ്‌സൂ അന്ത്രപ്പേര്‍ എഴുതുന്ന സ്വന്തം ജീവിതം തന്നെയായിരുന്നു. എഴുത്തിനിടയില്‍ അയാള്‍ തന്റെ സഹപാഠിയായ ശെന്തിലിന്റെ കൊലപാതകത്തിന് സാക്ഷിയായി. പബ്ലിക്ക് സെക്യൂരിറ്റിക്കാര്‍ വന്ന് മൃതദേഹം നീക്കം ചെയ്തു. എന്നാല്‍ പിന്നീട് അന്ത്രപ്പേര്‍ അറിഞ്ഞത് അങ്ങനൊരു മരണം നടന്നിട്ടില്ല എന്നായിരുന്നു. താന്‍ വ്യക്തമായി കണ്ട കൊലപാതകം എങ്ങനെ ചരിത്രത്തില്‍ ഇല്ലാതായി എന്ന ചിന്ത അന്ത്രപ്പേറിനെ ഒരു അന്വേഷണത്തിനു പ്രേരിപ്പിച്ചു. അത് അയാളുടെ ജീവന്‍ നഷ്ടമാക്കുമെന്ന് അയാള്‍ ഭയന്നു.
താന്‍ മരിച്ചാലും തന്റെ കണ്ടെത്തലുകള്‍ ലോകം അറിയണമെന്ന് അന്ത്രപ്പേര്‍ ആഗ്രഹിച്ചു. അതിന്‍ പ്രകാരം തന്റെ ആത്മകഥ പല ഭാഗങ്ങളായി വിഭജിച്ച് പലര്‍ക്കായി അയച്ചുകൊടുത്തു. ആദ്യഭാഗം ലഭിച്ചത് ബെന്യാമിനായിരുന്നു. അന്ത്രപ്പേറിന്റെ കണക്കുകൂട്ടല്‍ പോലെതന്നെ ആദ്യഭാഗം വായിച്ച് ആകാംക്ഷ വര്‍ദ്ധിച്ച ബെന്യാമിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റ് ഭാഗങ്ങള്‍ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചു.
ബെന്യാമിന്റെയും അന്ത്രപ്പേറിന്റെയും അന്വേഷണങ്ങളിലൂടെ സമാന്തരമായി വികസിക്കുന്ന നോവലാണ് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍. ഡീഗോ ഗാര്‍ഷ്യയിലും കേരളത്തിലുമായി നടക്കുന്ന സംഭവവികാസങ്ങള്‍ വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. വായന കഴിഞ്ഞാലും അവന് പൂര്‍ത്തീകരിക്കാനായി ചില കണ്ണികള്‍ ബെന്യാമിന്‍ അവശേഷിപ്പിക്കുന്നു. കഥ അവസാനിച്ചതിനുശേഷം മറ്റൊരു തരത്തിലും നോവലിനെ നോക്കിക്കാണാമെന്നതിന് ചില സൂചനകള്‍ നല്‍കുന്ന നോവലിസ്റ്റിനെ ഇതില്‍ കാണാം.
2011 ആഗസ്റ്റിലാണ് മഞ്ഞവെയില്‍ മരണങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകൃതമായി 6വര്‍ഷം തികയുന്നതിനുമുമ്പ് ഉദ്വേഗജനകമായ നോവലിന്റെ 12 പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്. എഴുത്തുകാരന്‍ അവസാനിപ്പിക്കുന്നിടത്ത് വായനക്കാരന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്ന ഈ രചനാശൈലിയാണ് ചുരുങ്ങിയകാലം കൊണ്ട് മഞ്ഞവെയില്‍ മരണങ്ങളെ ഇത്ര പ്രിയങ്കരമാക്കിയത്.
ആടുജീവിതം, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍, അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അബീശഗിന്‍ തുടങ്ങിയവയാണ് ബെന്യാമിന്റെ മറ്റ് നോവലുകള്‍. അദ്ദേഹം രചിച്ച 37 കഥകള്‍ സമാഹരിച്ച കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകവും വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പുസ്തകത്തിന്റെ ഇ-ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക
The post ഉദ്വേഗജനകമായ ഒരു നോവല്‍ appeared first on DC Books.