ഓര്‍മ്മപ്പാടങ്ങളുടെ തീവരമ്പുകളിലൂടെ ഉന്മാദിനിയായ ഒരുവളുടെ സ്വയം മറന്ന നഗ്നസഞ്ചാരങ്ങളാകുന്ന കവിതകള്‍… ചിലപ്പോള്‍ ആര്‍ത്തലച്ച്, മറ്റുചിലപ്പോള്‍ പിറുപിറുത്ത് ഉറക്കെച്ചിരിച്ച്, പൊള്ളിയടര്‍ന്ന് നോട്ടം തെറ്റി, മൗനം പൊതിഞ്ഞ്, ദിക്കറിയാതെയുള്ള ഒറ്റനടത്തങ്ങളാണ് അവ. വാക്ക് ഉയിര്‍കൊണ്ടയിടങ്ങളിലെ മായക്കാഴ്ചകളിലേക്കുള്ള രഹസ്യവഴികളില്‍ എവിടെയോ അവളവളെ മറന്നുവെച്ചിരിക്കുന്നു.
അധ്യാപികയും എഴുത്തുകാരിയുമായ ആര്‍.സംഗീത പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എഴുതിത്തുടങ്ങിയത് ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ്. ആ കൂട്ടായ്മയില്‍ വിരിഞ്ഞ മനോഹരമായ കവിതകളുടെ സമാഹാരമാണ് ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു. വായിക്കുംതോറും വായനക്കാരുടെ ഉള്ളിലേക്ക് കൂടുതല്‍ കടന്നുചെല്ലുന്ന 38 കവിതകള്‍ ഈ പുസ്തകത്തിലുണ്ട്.
കവിതാഭൂപടത്തിലെ സ്‌ത്രൈണതയുടെ സ്വത്വവരമ്പുകളെ ഭംഗിയായി മറികടക്കാന്‍ സംഗീതയുടെ കവിതകള്‍ക്ക് അവയുടെ അന്യൂനമായ പൊളിറ്റിക്കല്‍ സെന്‍സിബിലിറ്റിയാല്‍ സാധ്യമാകുന്നുവെന്ന് പിന്‍കുറിപ്പില്‍ പ്രമുഖ കവി ശൈലന്‍ അഭ്പ്രായപ്പെടുന്നു. രേണുകുമാറാണ് ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
The post ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു appeared first on DC Books.