അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര ഓരോ മനുഷ്യനിലും കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുകയും ഉദ്ദീപിപ്പിക്കുകയും ചെയ്ത് പ്രകാശപൂര്‍ണ്ണമായ ഒരു വഴിത്താരയിലൂടെ നയിച്ചാല്‍ പരമാനന്ദത്തെ പ്രാപിക്കാം. ഭാരതത്തിലെ മഹര്‍ഷിവര്യന്മാര്‍ ആവിഷ്‌കരിച്ച യോഗമാര്‍ഗ്ഗങ്ങള്‍ അതിന് സഹായിക്കുന്നു. അടുത്തകാലത്തായി പാശ്ചാത്യരാജ്യങ്ങള്‍ പോലും യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നതും നാം കണ്ടു.
യോഗപരിശീലനത്തെ ഒരു ദിനചര്യയാക്കാന്‍ പറ്റും വിധം ലളിതമായി ആവിഷ്‌കരിച്ച പുസ്തകമാണ് യോഗാചാര്യ ഗോവിന്ദന്‍ നായരുടെ യോഗവിദ്യ. 1982ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ വായനക്കാരെ നേടുകയായിരുന്നു. പ്രസിദ്ധീകൃതമായി 34 വര്‍ഷം കൊണ്ട് ഈ പുസ്തകം ഇരുപത്തഞ്ചാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. യോഗപരിശീലനത്തിനുതകുന്ന നിരവധി പുസ്തകങ്ങള്‍ ഇറങ്ങുന്ന ഇക്കാലത്തും യോഗവിദ്യ പ്രസക്തമാകുന്നത് പുസ്തകത്തിന്റെ മികവിനെ സൂചിപ്പിക്കുന്നു.
പന്ത്രണ്ടു വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവര്‍ക്കും അഭ്യസിക്കാനുതകുന്ന വിധം ചിത്രങ്ങള്‍ സഹിതമാണ് ഓരോ പാഠങ്ങളും വിവരിക്കുന്നത്. ലളിതമായി വിവരിച്ചിരിക്കുന്നതുതന്നെയാണ് യോഗവിദ്യ എന്ന പുസ്തകം ഇന്നും ജനപ്രിയമായി നില്‍ക്കുന്നതിനു കാരണം.
പത്രപ്രവര്‍ത്തകനായിരുന്ന യോഗാചാര്യ ഗോവിന്ദന്‍ നായര്‍ അരനൂറ്റാണ്ടിലേറെക്കാലം പഠനപരിശീലനങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. യോഗപാഠാവലി, ആരോഗ്യവും ദീര്‍ഘായുസ്സും, ഹഠദീപിക, യോഗപ്രകൃതി ചികിത്സ, ലഘുയോഗാസനങ്ങള്‍ , കംപ്ലീറ്റ് യോഗ തുടങ്ങിയ ജനോപകാരപ്രദമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2001 സെപ്തംബര്‍ ഏഴിന് നിര്യാതനാവുന്നതു വരെയും പഠിച്ച പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.
The post 25 പതിപ്പുകളുമായി യോഗവിദ്യ appeared first on DC Books.