രുചിയൂറുന്ന എണ്ണയില്‍ വറുത്തുപൊരിച്ചതും കീടനാശിനികള്‍ തളിച്ച മറ്റ് പഴങ്ങള്‍ കഴിക്കാനുമാണ് ഇന്ന് കേരളീയര്‍ക്ക് ഇഷ്ടം. എന്നാല്‍ പ്രകൃതി മനുഷ്യര്‍ക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നായ വിഷാംശം ലെവലേശമേക്കാത്ത ചക്കപ്പഴത്തിന്റെ സ്വാദ് ഇന്ന് കേരളീയരുടെ നാവിന് പരിചിതമല്ലാതായിരിക്കുന്നു. പക്ഷേ നമ്മള്‍ നിസാരമെന്നു തള്ളിക്കളയുന്ന ഈ ചക്കപ്പഴത്തിന് രോഗപ്രതിരോധശേഷിവരെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തിന് മാറാരോഗമായ അര്‍ബുദത്തെവരെ പ്രതിരോധിക്കാന്‍ കഴിവുണ്ടത്രേ…!
ഏറെഗുണങ്ങളുള്ള ചക്ക കൊണ്ട് സ്വാദൂറുന്ന ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും . ചക്കപ്പഴം കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് മറ്റ് വിഭവങ്ങള്‍ ഉണ്ടാക്കിക്കഴിക്കാം. ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, , ചക്ക എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്കക്കുരു പൊടിമാസ്, ചക്കത്തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി, കൂഞ്ഞില്‍ തോരന്‍ എന്തിനേറെ ചകിണിത്തോരന്‍ വരെ രുചികരം. ചക്ക ഉപ്പേരിയുടെ കാര്യം പറയാനുമില്ല. ഇനി പഴുത്ത ചക്കകൊണ്ടോ ചക്ക വരട്ടിയത്, ചക്കപ്പായസം, ചക്ക അട – ഇനിയും എത്രയോ ഏറെ ചക്ക വിഭവങ്ങള്‍.
നമ്മുടെ തീന്മശകളില്‍ ചക്ക വിഭവങ്ങള്‍കൊണ്ട് നിറയ്ക്കാനുള്ള ശ്രമമാണ് ചക്ക വിഭവങ്ങള്‍ എന്ന പുസ്തകത്തിലൂടെ ആന്‍സി മാത്യു ലക്ഷ്യമിടുന്നത്. വീട്ടുമുറ്റത്തെ ചക്ക ആധുനീക ഭക്ഷണങ്ങളുടെ രൂപപ്പൊലിമയോടെ അവതരിപ്പിക്കുകയാണ് ആന്‍സി മാത്യു ചക്ക വിഭവങ്ങള്‍ എന്ന പുസ്തകത്തിലൂടെ. ചക്കച്ചുളയും , ചകിണിയും , കുരുവും മാത്രമല്ല ചക്കമടല്‍ പോലും പായസം വയ്ക്കാന്‍ കൊല്ലാമെന്ന അറിവ് പുതുമയേറിയതാണ്. ഭക്ഷണവിപ്ലവ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പാണ് ആന്‍സി മാത്യുവിന്റെ ചക്ക വിഭവങ്ങള്‍.
ആന്‍സി മാത്യു തയ്യാറാക്കിയ ചക്ക വിഭവങ്ങളുടെ ഇംഗ്ലിഷ് പരിഭാഷയും പുറത്തിറങ്ങി. Jackfruit Cuisines എന്നപേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന Jackfruit Cuisinse പ്രിയ ജോസ് കെ, സലിദ മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്.