സാഹിത്യനിരൂപകനും സൗന്ദര്യശാസ്ത്ര ചിന്തകനുമായ പ്രൊഫ. വി സുകുമാരന്‍ എണ്‍പതിന്റെ നിറവിലാണ്. എഴുത്തിലും ചിന്തയിലും പുതുമയുടെ യൗവനം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ പിറന്നാള്‍ സാംസ്‌കാരികാഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോടന്‍ സാംസ്‌കാരിക ലോകം.
മലയാള സാഹിത്യ നിരൂപണത്തില്‍ തനതായ ശൈലിയുടെ ഉടമയാണ് ഈ ബഹുഭാഷാപണ്ഡിതന്‍. ലളിതവും ഹൃദ്യവുമായ ഭാഷയില്‍ നര്‍മം കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. ലോകസാഹിത്യത്തിലും പാരമ്പര്യ വിജ്ഞാനത്തിലുമുള്ള അറിവ് ഇദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ കരുത്തും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി കോളങ്ങളും എഴുതുന്നു.
പാലക്കാട് സ്വദേശി എം പി നാരായണന്‍ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനായി 1936 സെപ്തംബര്‍ 30ന് ചെന്നൈയിലാണ് അദ്ദേഹം ജനിച്ചത.് ഏറെക്കാലം ഇന്ത്യക്ക് വെളിയിലായിരുന്നു. പാലക്കാട് ആലത്തൂരിലാണ് ഹൈസ്‌കൂള്‍ പഠനം. മദ്രാസ്, കേരള സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം. 1960ല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ അധ്യാപകനായി. പിന്നീട് തൃശൂര്‍ കേരളവര്‍മ കോളേജിലേക്ക് മാറി. പിന്നീട് കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം 1996ല്‍ വിരമിച്ചു. ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളെല്ലാം പുറത്തുവന്നത്.
നാലുപതിറ്റാണ്ട് ഇന്ത്യക്കകത്തും വിദേശ സര്‍വകലാശാലകളിലും ഇംഗ്ലിഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചു. യൂറോപ്പിലും ആഫ്രിക്കയിലും തെക്കേ ഏഷ്യയിലുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇംഗ്ലിഷിലും മലയാളത്തിലുമായി പുസ്തക നിരൂപണങ്ങള്‍ നടത്തുന്ന സുകുമാരന്‍ ഇരുപതോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങള്‍, സ്ത്രീ: എഴുത്തും വിമോചനവും, വാക്കിന്റെ വജ്രസൂചി എന്നിവയാണ് പ്രസിദ്ധ കൃതികള്‍.
2006ല്‍ സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് നേടിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റി അംഗമാണ്.
The post സാഹിത്യനിരൂപകനും ചിന്തകനുമായ വി സുകുമാരന്‍ എണ്‍പതിന്റെ നിറവില്‍ appeared first on DC Books.