മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ തിരിക്കാനും പര്യാപ്തമായ ശുഭചിന്തകളുമായി മലയാളിയുടെ പ്രഭാതങ്ങളെ തൊട്ടുണര്‍ത്തുന്ന പ്രശസ്ത എഴുത്തുകാരനും വേദപണ്ഡിതനുമാണ് റ്റി ജെ ജെ എന്നറിപ്പെടുന്ന ഫാ.റ്റി ജെ ജോഷ്വ.
1992ല്‍ കോന്നിയിലാണ് റ്റി.ജെ.ജെ ജനിച്ചത്.കോട്ടയം സി.എം.എസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ്, ആലുവ യു.സി കോളേജില്‍നിന്ന് ബി.എ, കല്‍ക്കട്ട ബിഷപ്‌സ് കോളേജില്‍നിന്ന് ബി.ഡി, അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.റ്റി.എം എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. യെരുശലേമിലെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണപഠനം നടത്തി. 1947ല്‍ ശെമ്മാശപ്പട്ടവും 1956ല്‍ വൈദികപദവിയും കൈവന്നു. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി മലയാളമനോരമയിലെ ഇന്നത്തെ ചിന്താവിഷയം കൈകാര്യം ചെയ്യുന്നത് ഫാദര്‍ റ്റി.ജെ.ജോഷ്വയാണ്. ആ ആത്മീയചിന്തകള്‍ ദൈനംദിന വായനയ്ക്കും മനനത്തിനുമായി ക്രമീകരിച്ച ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ ചിന്താവിഷയം: ഉത്തമജീവിതചിന്തകള്‍ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളിലായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ശുഭചിന്തകള്‍ : കുട്ടികളില്‍ സത്സ്വഭാവം വളര്‍ത്താന്‍ , ശുഭചിന്തകള്‍ : മികച്ച പെരുമാറ്റശീലങ്ങള്‍ക്ക് നേരിടാന്‍ എന്നിവയടക്കം അറുപതു പുസ്തകങ്ങള്‍ ഫാദര്‍ റ്റി.ജെ.ജോഷ്വ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മകഥ ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
രോഗംപോലും ഈശ്വരവരദാനമായി കാണുന്ന റ്റി ജെ ജെയുടെ വ്യക്തിജീവിതവും അദ്ധ്യാത്മിക ജീവിതവും പ്രവര്‍ത്തനമണ്ഡലങ്ങളും എല്ലാം ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്വന്തം ജീവന്‍ പറിച്ചെടുക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയും ഓരാവാക്കിലും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.