പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം സുകുമാരന്‍ (75) അന്തരിച്ചു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് എന്നും പ്രതിബദ്ധതപുലര്‍ത്തിക്കൊണ്ടുള്ള ശക്തമായ രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ആധുനികസാഹിത്യം കത്തിനില്‍ക്കുന്ന കാലത്ത് അതില്‍നിന്നു വ്യത്യസ്തമായി യാഥാര്‍ത്ഥ്യബോധത്തോടെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്റെ ജീവിതസങ്കീര്‍ണ്ണതകളെ പ്രതിരോധചിഹ്നങ്ങളാക്കുകയായിരുന്നു എം സുകുമാരന്‍ തന്റെ ഓരോ കഥകളിലൂടെയും ചെയ്തത്. ശേഷക്രിയ, ശുദ്ധവായു, പിതൃതര്‍പ്പണം, ജനിതകം തുടങ്ങിയ നോവലുകളും മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, എം സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണ്ണം, ചുവന്ന ചിഹ്നങ്ങള്‍, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്രഗാഥ, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
1943-ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരിലായിരുന്നു എം. സുകുമാരന്റെ ജനനം. മീനാക്ഷിയമ്മയും നാരായണ മന്നാടിയാരുമാണ് മാതാപിതാക്കള്‍. വിദ്യാഭ്യാസാനന്തരം കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ഒരു സ്വകാര്യസ്‌കൂളില്‍ പ്രൈമറി അധ്യാപകനായും ജോലി ചെയ്തു. 1963-ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. 1974-ഇടതുപക്ഷ തൊഴില്‍സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു.
അധികാരകേന്ദ്രങ്ങളിലെ മാനുഷികവിരുദ്ധമായ പ്രവണതകളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നയസമീപനങ്ങളിലെ ജീര്‍ണ്ണതകളെയും വിമര്‍ശനബുദ്ധ്യാ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ശേഷക്രിയ എന്ന കൃതി മലയാള നോവല്‍സാഹിത്യത്തിലെ എക്കാലത്തെയും മാസ്റ്റര്‍പീസുകളിലൊന്നാണ്.
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന ആദ്യകഥാസമാഹാരത്തിന് 1976-ലും ജനിതകത്തിന് 1997-ലും സമഗ്രസംഭാവനയ്ക്ക് 2004-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ചുവന്ന ചിഹ്നങ്ങള്‍ എന്ന നോവെല്ലകളുടെ സമാഹാരത്തിന് 2006-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടി. 1992-ല്‍ മികച്ച കഥയ്ക്കുള്ള പദ്മരാജന്‍ പുരസ്‌കാരം പിതൃതര്‍പ്പണം എന്ന കഥയ്ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശേഷക്രിയയ്ക്കുമായിരുന്നു. ‘പിതൃതര്‍പ്പണ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ ‘മാര്‍ഗ’ത്തിന് 2003-ല്‍ മികച്ച കഥാചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ഭാര്യ മീനാക്ഷി, മകള്‍ രജനി മന്നാടിയാര്‍.