കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയുമായി മാധ്യമ പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ കെ ബി വേണു രംഗത്ത്. ചുള്ളിക്കാടിന്റെ വാക്കുകളെ തെറ്റിധരിക്കേണ്ടന്നും മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വവുമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തത് എന്നാണ് ചുള്ളിക്കാട് പറഞ്ഞത് എന്നും വ്യക്തമാക്കുകയാണ് കെ ബി വേണു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേണുവിന്റെ പ്രതികരണം. ‘മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍ ഗൗരവമുള്ള ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അതിന്റെ കാതലിലല്ലേ നമ്മുടെ ശ്രദ്ധ പതിയേണ്ടത്? അങ്ങനെ ചെയ്യാതെ അങ്ങേരുടെ സീരിയല്‍ അഭിനയത്തെ വിമര്‍ശിച്ചിട്ട് എന്തു കാര്യമെന്നും വേണു ചോദിക്കുന്നു.
കെ ബി വേണുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
വിദ്യാഭ്യാസ മേഖലയെ വളരെ ഹീനമായ രീതിയില്‍ കച്ചവടം ചെയ്ത കേരളത്തിലെ രാഷ്ട്രീയ മുന്നണികളെക്കുറിച്ചുള്ള വിമര്‍ശനമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍. മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും അല്ലാതെയും ഇരു മുന്നണികളും വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ നെറികേടുകള്‍ അക്ഷന്തവ്യമാണ്. ‘അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുകയാണ്’ എന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയല്ലേ?
‘മലയാളം അധ്യാപകരുടെ കൈയെഴുത്തു പ്രതികള്‍ കാണാന്‍ അവസരങ്ങളുണ്ടായിട്ടുണ്ട്. അധ്യാപകരുടെ എഴുത്തില്‍ പോലും അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും പതിവാണ്…….’ അദ്ദേഹം ചൂണ്ടിക്കാണിച്ച ഇക്കാര്യവും സത്യമാണ്. തെറ്റായി എഴുതിയ ഉത്തരങ്ങള്‍ക്ക് ‘ശരി’ എന്നു കാണിച്ചു മാര്‍ക്ക് കൊടുത്ത ഉത്തരക്കടലാസുകള്‍ ഞാന്‍ എത്രയോ കണ്ടിരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലതും ശരിയാണ്. നമ്മുടെ ഭാഷാ വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങള്‍ പത്രപ്രവര്‍ത്തന മേഖലയിലും പ്രകടമാണ്.
ചുള്ളിക്കാട് ചൂണ്ടിക്കാണിച്ച കാര്യങ്ങളുടെ പിറകിലേക്ക് നടക്കുമ്പോള്‍ ജനപ്രീതി നേടാന്‍ വേണ്ടി ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ ചതിച്ച കേരളത്തിലെ സര്‍ക്കാരുകളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എനിക്ക് വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയമുണ്ട്. പക്ഷെ, വിദ്യാഭ്യാസ രംഗത്തോടും വിദ്യാര്‍ത്ഥികളോടും ഇത്തരം ഒരു അനീതി കാട്ടിയ എല്ലാവരും എനിക്ക് ഒരുപോലെയാണ്.
പുതിയ തലമുറയിലെ അദ്ധ്യാപക സുഹൃത്തുക്കളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അവര്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടിയ ഈ വ്യവസ്ഥിതിയില്‍ വളര്‍ന്നു വന്നവരാണ്. ആ വ്യവസ്ഥിതി സൃഷ്ടിച്ച രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് വിമര്‍ശനം. അത് ഉള്‍ക്കൊള്ളാന്‍ കഴിയണം. മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍ ഗൗരവമുള്ള ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അതിന്റെ കാതലിലല്ലേ നമ്മുടെ ശ്രദ്ധ പതിയേണ്ടത്? അങ്ങനെ ചെയ്യാതെ അങ്ങേരുടെ സീരിയല്‍ അഭിനയത്തെ വിമര്‍ശിച്ചിട്ട് എന്തു കാര്യം…?