‘എന്തുകൊണ്ടാണ് തീവണ്ടിയിലെ 3-ാം ക്ലാസ്സില്‍ മാത്രം യാത്ര ചെയ്യുന്നത്?’ എന്നുചോദിച്ച അനു
യായിയോട് ഗാന്ധിജി പറഞ്ഞു: ‘നാലാം ക്ലാസ്സ് ഇല്ലാത്തതുകൊണ്ട്’-
-നിഷ്‌കളങ്കമായ ഈ മറുപടിയില്‍ കുട്ടികളുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നതുകൊണ്ട് കൈവരുന്ന ലാഘവം നര്‍മ്മമായിത്തീര്‍ന്നിരിക്കുന്നു. ആ എളിമ വേറെ ഊറിത്തെളിയുന്നുമുണ്ട്. പി.എന്‍. ദാസ് എന്താണ് സ്വന്തം ജീവിത’പരീക്ഷണങ്ങളി’ലൂടെ ‘അന്വേഷി’ക്കുന്നത് എന്ന് ആലോചിച്ചു ചെന്നപ്പോഴാണ് ആ പഴയ ഗാന്ധിഫലിതം ഓര്‍മ്മയായത്. ‘ജീവിതം ഈശ്വരന്‍തന്നെ’ എന്ന് നിര്‍വ്വചിക്കുന്ന ദാസ് അതിനെ വളരെ വിലമതിക്കുന്നുണ്ട്; ‘ലളിതമായ ജീവിതത്തെ സങ്കീര്‍ണ്ണമാക്കി അവനവന്നും മറ്റുള്ളവര്‍ക്കും ഭാരമാകാതെ ആനന്ദദായകമാക്കിത്തീര്‍
ക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട് –അതിന് ബാലസഹജമായ നോട്ടം മാത്രം മതി. കാര്യം: നമ്മള്‍ മാറണം. മറ്റുള്ളവരെ എങ്ങനെ മാറ്റാം എന്നതല്ല, അവനവനെ എങ്ങനെ മാറ്റാം എന്നതാണ് വിഷയം. അമ്പരപ്പിക്കുന്ന മട്ടിലാണ് ഈ എഴുത്തുകാരന്‍ മാറിയത്. ‘ദാസന്‍മാഷ്’ എന്ന് ഞങ്ങളൊക്കെ പിന്നീട് വിളിച്ചുശീലിച്ച ഈ മനുഷ്യന്റെ പരിണാമം അകലെനിന്ന് കണ്ട ഒരാളാണ് ഞാന്‍.
കുഞ്ഞുണ്ണി മാസ്റ്ററുടെ കൈകാര്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ നടന്ന ഒരു സാഹിത്യശിബിരത്തിലാണ് നല്ലേരം കണ്ടുമുട്ടുന്നത്-1970 കാലം. ഞാന്‍ഗുരുവായൂരപ്പന്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥി. ‘ദാസ് ശാന്താലയം’ പട്ടാമ്പി കോളജില്‍. ചെറുകഥകളെഴുതും. പെരുമാറ്റത്തില്‍ വിദ്യാര്‍ത്ഥികളില്‍ കാണാത്ത അച്ചടക്കവും പാകതയും. മാഷാണോ എന്നു സംശയിച്ചുപോയി. വര്‍ത്തമാനം പറഞ്ഞ് അടുത്തിടപഴകിയപ്പോള്‍ തോന്നിയത് ‘വളരെ സൗമ്യനാണല്ലോ’ എന്നാണ്. രണ്ടുദിവസം നീണ്ട, വിശദാംശങ്ങളോടെ ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന, ആ പരിപാടിയില്‍ ഏറ്റവും പതുക്കെ, സാവധാനം സംസാരിച്ചതും അദ്ദേ
ഹമാണ്. അതുകൊണ്ടുതന്നെ ശ്രദ്ധാപാത്രമായി. അന്നൊത്തുകൂടിയവരില്‍ അത്രയും വിനീതനായി മറ്റാരെങ്കിലും ഉണ്ടായിരുന്നതായി ഓര്‍മ്മ തോന്നുന്നില്ല.
ഞാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എം.എ. യ്ക്കു പഠിക്കുമ്പോഴാണ് ‘പട്ടാമ്പി കോളജിലെ നക്‌സലൈറ്റുകളില്‍ ഒരാളാണ് ദാസ്’ എന്ന കുശുകുശുപ്പ് കേട്ടത്. ഞാനത് വിശ്വസിച്ചില്ല. അത്രയും സാധുവായ ഒരാള്‍ക്ക് ഇതു സാധിക്കുമോ? ആ വിനീതന്‍ തല്ലാനും കൊല്ലാനുമൊക്കെ ആളാകുമോ? ജന്മിഗൃഹങ്ങളും പോലീസ് സ്റ്റേഷനുകളുമൊക്കെ ആക്രമിച്ചു മുന്നേറുന്ന പോരാളികളില്‍ ഒരാളാവാന്‍ മെലിഞ്ഞുണങ്ങിയ ആ ചെറുകഥാകൃത്തിനു കഴിയുമോ? അക്കാലമാവുമ്പോഴേക്ക് പുല്പള്ളി-തലശ്ശേരി പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. വര്‍ഗ്ഗീസിനെ പോലീസ് വെടിവെച്ചു കൊന്നുകഴിഞ്ഞിരുന്നു. അജിതയും അമ്മയും തടവില്‍ കിടക്കുകയാണ്. ആ പേരുകളൊക്കെ ഞങ്ങള്‍ പേടിയോടെ ഓര്‍ക്കുകയും ഉരുവിടുകയും ചെയ്യുന്ന സാഹചര്യം. ആയിടെയാണ് ദാസും കൂട്ടുകാരും ചേര്‍ന്ന് പട്ടാമ്പിയില്‍നിന്ന് ‘പ്രസക്തി’എന്നൊരു മാസിക തുടങ്ങിയത്. സഹകരിക്കണമെന്ന് ചൊല്ലിയയച്ചു. എനിക്ക് വലിയ സന്തോഷം തോന്നി.
ആ നല്ല മനുഷ്യന്‍ എന്നെ ഓര്‍ത്തിരുന്നല്ലോ! ഞാന്‍ ഏറ്റു. ആദ്യലക്കത്തിന്റെ 5 കോപ്പി എന്റെ ഹോസ്റ്റല്‍മുറിയില്‍ വന്നെത്തി. വലിപ്പം, ലേ-ഔട്ട്, ഭാഷ, ഉള്ളടക്കം–എല്ലാം പുതിയതാണ്. നല്ല ഹരം തോന്നി. ആധുനികത ഞങ്ങള്‍ക്കൊക്കെതലയ്ക്കു പിടിച്ച കാലമാണ്. അതി
ലാണ് കെ.ജി. ശങ്കരപ്പിള്ളയുടെ’ബംഗാള്‍’ വന്നത്–അപൂര്‍ണ്ണ രൂപത്തില്‍. ഞങ്ങള്‍ അത് ശരിക്കും ആഘോഷിച്ചു. ‘പാട്ടുകൊണ്ട് ചൂട്ടുകെട്ടി രാജാക്കന്മാരുടെ മുഖത്തും കുത്തും’ തുടങ്ങിയ വരികള്‍ കാണാപ്പാഠമാക്കി മെസ്സ് ഹാളിലും കാന്റീനിലും മൈതാനത്തും ഞങ്ങള്‍ ചൊല്ലി നടന്നു. ‘പ്രസക്തി’യുടെ കൊടി ‘ബംഗാള്‍’ ആയിരുന്നു. അതിലെ കവിതകളും ലേഖനങ്ങളും ശ്രദ്ധിച്ചുവായിച്ചപ്പോഴാണ് നക്‌സലിസത്തെപ്പറ്റി കേട്ടത് സത്യമാണ് എന്നു പേടിയോടെ ഞാന്‍ തിരിച്ചറിയുന്നത്. ആ കോപ്പികള്‍ വിറ്റ് പൈസ അയച്ചുകൊടുത്തു. ആയിടെ ഒരു കൂട്ടുകാരന്‍ എന്നെ താക്കീതു ചെയ്തു: ‘എടോ, നീയാ ക്യാമ്പസിലെ പ്രസക്തീടെ ഏജന്റ് അല്ലേ, നക്‌സല്‍ മാസികയാ. നിന്നെയും പോലീസ് പിടിക്കും.’ എനിക്ക് പേടിയായി. ഞാന്‍ സത്യം പറഞ്ഞു: ‘ഞാന്‍ ദാസ് ശാന്താലയത്തിന്റെ ഏജന്റാ. പ്രസക്തീടെ ഏജന്റല്ല. അയാളൊരു സാധുവാ. അയാളെ വിചാരിച്ചിട്ടാ.’ വാക്ക് മാറാന്‍ പ്രയാസം തോന്നി. ഞാന്‍ പിന്നെയും സഹകരിച്ചു.
നക്‌സലിസത്തെപ്പറ്റി എനിക്ക് അന്ന് ഭയവും സഹതാപവും മാത്രമായിരുന്നു. വര്‍ഗ്ഗീസിനെ വെടിവെച്ചുകൊന്നതിലൂടെ ഒരു സാമൂഹികദ്രോഹിയെ വകവരുത്തി നാട്ടില്‍ സമാധാനം സ്ഥാപിച്ചു എന്നതായിരുന്നു, പൊതുവിലുണ്ടായ ധാരണ! പത്രങ്ങളും രാഷ്ട്രീയക്കാരും കാര
ണവന്മാരുമെല്ലാം ആ വഴിക്കായിരുന്നല്ലോ–അതിലെ നിഷ്ഠുരതയും അന്യായവും തിരിച്ചറിയാന്‍ ഉണര്‍വ്വില്ലാത്ത മട്ടില്‍ കേരളം അന്ന് മരവിപ്പിലായിരുന്നു… പിന്നെ എപ്പോഴോ
‘പ്രസക്തി’ നിന്നു. പൊട്ടിവീണ അടിയന്തരാവസ്ഥയില്‍ എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടിത്തുടങ്ങി. അതിന്നെതിരില്‍ കാര്യമായി പ്രവര്‍ത്തിക്കുന്ന കൂട്ടത്തില്‍ നക്‌സലുകളുണ്ടെന്ന് കേട്ടത് അവരെപ്പറ്റി മതിപ്പുണ്ടാക്കി.
പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി ക്യാമ്പസില്‍ ടി.കെ. രാമചന്ദ്രന്‍ കണ്‍വീനര്‍ ആയി ‘നാട്ടുകൂട്ടം’ എന്നൊരു സംഘം രൂപംകൊണ്ടു–ഹിരണ്യന്‍, മൊകേരി രാമചന്ദ്രന്‍, വേണു, മുഹമ്മദ്, പി.പി. രവീന്ദ്രന്‍, ഞാന്‍ എന്നിങ്ങനെ 6 അംഗങ്ങള്‍. ഞങ്ങള്‍ ചില കവിയരങ്ങുകളും സാഹിത്യചര്‍ച്ചകളും നടത്തി. ‘ഉള്ളിലിരിപ്പ്’ വ്യക്തമായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം വൈകുന്നേരം ടി.കെ. വേണു, മുഹമ്മദ് എന്നിവരെ പോലീസ് പിടിച്ചു–ഏതോ നക്‌സല്‍ നേതാവിന് ഒളിവില്‍ത്തങ്ങാന്‍ സൗകര്യം ചെയ്തു എന്നായിരുന്നു കേസ്. പിറ്റേന്നുതന്നെ അവരെ വിട്ടയച്ചെങ്കിലും പോലീസ് വിചാരിച്ചപോലെ ‘നാട്ടുകൂട്ടം’ നിലച്ചു. ഞാന്‍ ശരിക്കും
പേടിച്ചുപോയി. ഇടയ്ക്ക് ദാസിനെ പോലീസ് പിടിച്ചെന്നു കേട്ടു. ഞാന്‍ വല്ലാതായി–ഈശ്വരാ! പോലീസിന്റെ തല്ല് കൊള്ളാനുള്ള കെല്പുണ്ടോ ആ സാധുവിന്? ഏതോ നക്‌സല്‍ സുഹൃത്തിന്റെ യാത്രയുടെ വിശദാംശങ്ങള്‍ തനിക്കറിയാവുന്നത് പോലീസിനോട് പറഞ്ഞില്ല എന്നതിനാണ് അറസ്റ്റ് എന്നുകേട്ടു.
എനിക്ക് വലിയ അന്തസ്സു തോന്നി–ഞാന്‍ പേടിക്കൊടലനാണെങ്കിലും എന്റെ ചങ്ങാതി ഉശിരനാണല്ലോ. പേടിച്ച് ഒറ്റുകാരനായില്ലല്ലോ. ഒരു സുഹൃത്തിന്റെ രഹസ്യം കാക്കാന്‍വേണ്ടി അറസ്റ്റു വരിക്കുക; പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങുക; എത്രയോ മാസക്കാലം തടവില്‍ കിടക്കുക… ആ കഥകളൊക്കെ കേട്ടപ്പോള്‍ വ്യസനംകൊണ്ടും അഭിമാനം
കൊണ്ടും എന്റെ കണ്ണു നനഞ്ഞു.