കുട്ടനാടിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാ ചലനങ്ങളെയും അക്ഷരങ്ങളില്‍ ആവാഹിച്ച് കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെപ്പോലെ ഫ്രഞ്ച് അധീനതയിലുള്ള മയ്യഴിയുടെ ചരിത്രവും ജീവിതവും എഴുതിയ മയ്യഴിയുടെ ഇതിഹാസകാരനാണ് എം മുകുന്ദന്‍. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് മുകുന്ദന്‍ ശ്രദ്ധേയനായത്. പിന്നീട് മയ്യഴിയുടെ കഥാകാരനില്‍ നിന്ന് നിരവധി കഥകളും നോവലുകളുമാണ് മലയാള സാഹിത്യ ലോകത്തിന് നേടാനായത്. മുകുന്ദന്റെ ശ്രദ്ധയമായ അഞ്ച് കൃതികളുടെ പുതിയ ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.. നോവല്‍ പ്രപഞ്ചത്തില്‍ ഒരു കലാശില്പമെന്ന നിലയില്‍ ഖ്യാതി നേടിയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദല്‍ഹി, രാവും പകലും, നൃത്തം , എന്റെ പ്രയിയപ്പെട്ട കഥകള്‍ എന്നീ പുസ്തകങ്ങള്‍ക്കാണ് പുതിയപതിപ്പ്.
ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം.മുകുന്ദന്‍ രചിച്ച നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന്‍ തന്റെ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. കോളനി ഭരണത്തില്‍ അധിനപ്പെട്ടിരുന്ന തന്റെ ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് എഴുത്തുകാരന്‍ നടത്തുന്ന യാത്ര കൂടിയായ നോവല്‍ പ്രസിദ്ധീകൃതമായ കാലം മുതല്‍ മലയാളത്തിലെ ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നാണ്. 1974 ലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഈ കൃതിയുടെ ആദ്യ ഡി സി പതിപ്പ് 1992ല്‍ പ്രസിദ്ധീകൃതമായി. ഇപ്പോള്‍ 45-ാമത് ഡി സി പതിപ്പാണ് പുറത്തിറങ്ങിയത്.
മനുഷ്യാവബോധത്തെ ഗാഢമായി സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ ആഖ്യായികയാണ് എം.മുകുന്ദന്റെ രാവും പകലും എന്ന നോവല്‍. വായനയിലും പുനര്‍വായനകളിലും കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ കൈവരുന്ന നോവല്‍ ആദ്യം പുറത്തിറങ്ങിയത് 1982ലാണ്. 2011ലാണ് ഡി സി ബുക്‌സ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. നോവലിന്റെ നാലാമത് ഡി സി പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയത്.
ചോരവാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ പറഞ്ഞ കൃതിയായിരുന്നു ദല്‍ഹി. അപൂര്‍വ്വ ഭംഗിയോടെ ആവിഷ്‌കരിച്ച മുകുന്ദന്റെ ശക്തമായ രചനകളിലൊന്നാണിത്. 1969ല്‍ പ്രസിദ്ധീകരിച്ച ദല്‍ഹിക്ക് ഒരു ഡി സി പതിപ്പ് ഉണ്ടാകുന്നത് 1984 ല്‍ ആണ്. ഇപ്പോള്‍ നോവലിന്റെ 17-ാമത് പതിപ്പാണ് ഇറങ്ങിയത്.
സാങ്കേതികവിദ്യ പ്രമേയമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ സൈബര്‍ നോവലാണ് എം മുകുന്ദന്റെ നൃത്തം. സ്ഥലകാലത്തിന്റെ അതിരുകള്‍ മായിച്ചുകളയുകയും ലോകത്തിന്റെ ഏതൊരു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയും ചെയ്ത ഇ മെയില്‍ സംവിധാനത്തിന്റെ പ്രായോഗികത പരീക്ഷിച്ച നോവല്‍ വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവമാണ് വായനക്കാരന് പകര്‍ന്നു തന്നത്. രണ്ടായിരാമാണ്ടിലാണ് നൃത്തം പുറത്തിറങ്ങിയത്. സാങ്കേതിക വിദ്യകള്‍ അതിനുശേഷം ഒരുപാട് മാറിയെങ്കിലും ഈ നോവല്‍ ഇന്നത്തെ കാലത്തെ വായനക്കാരെയും ആകര്‍ഷിക്കുന്നതിനു കാരണം പ്രമേയത്തിന്റെ കരുത്തും ആഖ്യാനത്തിന്റെ നവീനതയുമാണ്. നോവലിന്റെ 14-ാം പതിപ്പ് ഇപ്പോള്‍
പുറത്തിറങ്ങി.
എന്നാല്‍ എം മുകുന്ദന് ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ തന്നെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. 2008ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പ്രഭാതം മുതല്‍ പ്രഭാതം വരെ, അവര്‍ പാടുന്നു, മുലപ്പാല്‍, ദല്‍ഹി 1981, ഫോട്ടോ, കൈക്കുമ്പിളിലെ വെള്ളം തുടങ്ങി പതിനേഴ് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമാഹാരത്തിന്റെ ആറാമത് പതിപ്പാണ് പുറത്തുള്ളത്.
The post മയ്യഴിയുടെ ഇതിഹാസകാരന്റെ കൃതികള്‍ പുതിയ പതിപ്പില്‍ appeared first on DC Books.