കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ ഭീഷണമാം വിധം വര്‍ദ്ധിച്ചുവരികയാണ്. കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ ഉപഭോഗവും വ്യായാമരഹിതമായ ജീവിതക്രമവും ആണ് ഇതിനു പിന്നിലെ മുഖ്യകാരണം. ദേശീയ സര്‍വ്വേ പ്രകാരം മൊത്തം ഉപഭോഗച്ചെലവിന്റെ 43 ശതമാനമാണ് ഭക്ഷണത്തിനുവേണ്ടി ഒരു ശരാശരി കേരളീയന്‍ ചിലവാക്കുന്നത്. ഇതില്‍ ധാന്യാഹാരത്തിന് ഉപയോഗിക്കുന്നത് മൊത്തം ചിലവിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം. ബാക്കി എവിടേക്കാണ് പോകുന്നത്?
1980കളിലാണ് മലയാളികളുടെ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റം ഉണ്ടായത്. കൊഴുപ്പേറിയ ഫാസ്റ്റ് ഫുഡുകള്‍ക്കു പിറകേ അവന്‍ വെപ്രാളത്തോടെ ഓടാന്‍ തുടങ്ങി. പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രെഡ്, ഈയമുള്ള ന്യൂഡില്‍സ്, അജിനോമോട്ടോ സുലഭമായ സ്പ്രിങ് റോള്‍സ്, കാര്‍ബൈഡ് കൊണ്ട് പഴുപ്പിച്ച മാങ്ങ, ബാക്ടീരിയ പെരുകുന്ന സമോസയും കട്‌ലറ്റും… അപകടകരമായ ചേരുവകളും മായവും വിഷാംശവുമെല്ലാം ചേര്‍ന്ന് നമ്മുടെ ഭക്ഷണം വിഷലിപ്തമായിരിക്കുന്നു.
ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുകേരളത്തില്‍ തന്നെ. വികലമായ ഈ ജീവിതവീക്ഷണം മാറ്റിയെടുത്ത് രോഗം വരാതിരിക്കാനുള്ള ക്രിയാത്മക ജീവിതശൈലി ഓരോരുത്തരും സ്വായത്തമാക്കണം. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അതീവലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായമവും.
പ്രസിദ്ധനും പ്രഗത്ഭനുമായ ഹൃദ്രോഗ വിദഗ്ധന്‍, പത്രമാസികകളില്‍ കോളമിസ്റ്റ്, എഴുത്തുകാരന്‍, ടി.വി.പ്രഭാഷകന്‍ എന്നീ നിലകളില്‍ പരിചിതനായ ഡോ. ജോര്‍ജ്ജ് തയ്യില്‍ തയ്യാറാക്കിയ പുസ്തകമാണ് ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായമവും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അത്യാധുനിക ചികിത്സോപകരണങ്ങളുണ്ടല്ലോ എന്ന ചിന്തയ്ക്ക് പകരം ഈ പുസ്തകത്തില്‍ 19 അധ്യായങ്ങളിലായി വിവരിച്ച ജീവിതശൈലി ശീലമാക്കിയാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നതില്‍ സംശയമില്ല.
ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദ്രോഗചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ, ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദയപൂര്‍വ്വം ഒരു ഹെല്‍ത്ത് ഗൈഡ്, സ്ത്രീകളും ഹൃദ്രോഗവും എന്നിവ ഡോ. ജോര്‍ജ്ജ് തയ്യിലിന്റെ മികച്ച പുസ്തകങ്ങളാണ്.
2009ല്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പരമോന്നത ബഹുമതിയായ ഫെലോഷിപ് ഓഫ് ദി അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ലഭിച്ച ജോര്‍ജ്ജ് തയ്യില്‍ പിന്നീട് അമേരിക്കന്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സിന്റെയും ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെയും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെയും ഫെലോഷിപ്പുകള്‍ കരസ്ഥമാക്കി. ഹൃദ്രോഗ ചികിത്സയില്‍ പതിറ്റാണ്ടുകള്‍ കൊണ്ട് നല്‍കിയ സേവനങ്ങള്‍ക്ക് നിരവധി ബഹുമതികള്‍ സ്വന്തമാക്കിയ അദ്ദേഹം എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവന്‍ കൂടിയാണ്.
The post ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും appeared first on DC Books.