ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയാലും കേരളത്തിലെ കുടിയന്‍മാരുടെ എണ്ണത്തില്‍ കുറവുവരുമോ…?
മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്താം എന്ന പരസ്യമില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല. അറിഞ്ഞും അറിയാതെയും കുടി നിര്‍ത്താനുള്ള നല്ലതും അല്ലാത്തതുമായ ചികിത്സകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഒരിക്കല്‍ മദ്യാസക്തരോഗിയായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയ വ്യക്തിയാണ് പുനര്‍ജനി’ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകനായ ജോണ്‍സണ്‍. കുടിയന്റെ കുമ്പസാരം എന്ന ആത്മകഥയ്ക്ക് ശേഷം അദ്ദേഹമെഴുതിയ പുസ്തകമാണ് മദ്യപരറിഞ്ഞ് കുടി നിര്‍ത്താം.
മദ്യലഹരിയില്‍ ജീവിതം ഹോമിച്ചു കൊണ്ടിരുന്ന തനിക്ക് ജീവിതം തിരിച്ചു പിടിക്കാനായത്, മദ്യാസക്തി ഒരു മാരകമായ കുടുംബരോഗമാണ് എന്ന തിരിച്ചറിവുണ്ടായതോടെയാണെന്ന് ജോണ്‍സണ്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെയും ചില സുഹൃത്തുക്കളുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനഫലമായി തൃശൂരിലെ പൂമല ഗ്രാമത്തിലുണ്ടായ ‘പുനര്‍ജനി’ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ, ‘മരുന്നും തടവറയും കൂടാതെ’ നാലായിരത്തില്‍പരം മദ്യാസക്ത രോഗികളെയും അവരുടെ കുടുംബങ്ങളെയും മദ്യവിമുക്തരാക്കാനും കഴിഞ്ഞു. വരദാനം പോലെ ലഭിച്ച പുനര്‍ജന്മരഹസ്യം മറ്റനേകം പേരിലേക്ക് കൈമാറാനാണ് മദ്യപരറിഞ്ഞ് കുടി നിര്‍ത്താം എന്ന പുസ്തകം അദ്ദേഹം രചിച്ചത്.
മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്താനുള്ള വഴി തേടി നെട്ടോട്ടമോടുന്ന കുടുംബാംഗങ്ങള്‍ക്കുള്ള പോംവഴിയുമായാണ് ജോണ്‍സണ്‍ മദ്യപരറിഞ്ഞ് കുടി നിര്‍ത്താം എന്ന പുസ്തക എഴുതിയത്. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ശരിയെന്ന് ബോദ്ധ്യപ്പെട്ട ചില കാര്യങ്ങളാണ് ജോണ്‍സണ്‍ പുസ്തകരൂപത്തില്‍ വായനക്കാര്‍ക്ക് എത്തിച്ചത്. നൂറുകണക്കിനാളുകള്‍ ഈ പുസ്തകത്തിന്റെ പ്രേരണയാല്‍ വര്‍ഷങ്ങളായി കൊണ്ടുനടന്ന ശീലം വെടിഞ്ഞ് നന്മയിലേക്കും കാരുണ്യത്തിലേക്കും ചുവട് വെച്ചു. അതുതന്നെയാണ് ഈ പുസ്തകം നേടിയ ജനപ്രീതിയുടെ കാരണം. 2013ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
The post മദ്യാസക്തരെ രക്ഷിക്കാം appeared first on DC Books.