വാസ്തുവിദ്യയുടെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഗൃഹവാസ്തുനിയമങ്ങള്‍ക്ക് മാത്രമായി രചിക്കപ്പെട്ട ഏകകൃതിയാണ് മനുഷ്യാലയചന്ദ്രിക. കേരളീയ വാസ്തുശില്‍പികള്‍ക്ക് നൂറ്റാണ്ടുകളായി മാര്‍ഗ്ഗദീപമേകുന്ന വാസ്തുവേദപുസ്തകമാണിത്. പ്രസിദ്ധമായ മാതംഗലീലയുടെയും കാവ്യോല്ലാസത്തിന്റെയും കര്‍ത്താവായ തിരുമംഗലത്തു ശ്രീ നീലകണ്ഠന്‍ മൂസ്സതാണ് ഈ കൃതി രചിച്ചത്. ചെറുവള്ളി നാരായണന്‍ നമ്പൂതിരി വിവര്‍ത്തനം നിര്‍വ്വഹിച്ച് വ്യാഖ്യാനം നടത്തിയ മനുഷ്യാലയചന്ദ്രികയുടെ മൂന്നാം പതിപ്പ് ഇപ്പോള്‍ വിപണിയില്‍ എത്തി.
വിവിധ പ്രാചീന കൃതികളില്‍ ചിന്നിച്ചിതറികിടക്കുന്ന മനുഷ്യാലയ വാസ്തുനിയമങ്ങള്‍ ശാസ്ത്രീയമായി ക്രോഡീകരിച്ചു എന്നതാണ് മനുഷ്യാലയചന്ദ്രികയുടെ ചരിത്രപരമായ പ്രത്യേകത. കേരളത്തിന്റെ ഉജ്ജ്വലവാസ്തു പാരമ്പര്യത്തിന്റെ ആധാരശിലയും ഈ പ്രൗഢഗ്രന്ഥം തന്നെ. പല ഭാഷകളിലും ഇതിന്റെ നിരവധി ഭാഷ്യങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നതാണ് ചെറുവള്ളി നാരായണന്‍ നമ്പൂതിരി തയ്യാറാക്കി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി.
സംസ്‌കൃതവുത്തിലും മലയാളത്തിലും നിരവധി കൃതികള്‍ രചിച്ചിട്ടുള്ള ചെറുവള്ളി നാരായണന്‍ നമ്പൂതിരി കേരളത്തിനകത്തും പുറത്തുമുള്ള അനേകം ക്ഷേത്രങ്ങളില്‍ ജ്യോതിഷ വാസ്തു വിഷയങ്ങള്‍ക്ക് നേതൃത്വവും ഉപദേശവും നല്‍കി വരുന്നു. വാസ്തുവിദ്യാപ്രതിഷ്ടാനത്തിന്റെ ഡയറക്ടര്‍, കോഴിക്കോട്ടെ ആര്‍ഷശിലം ഡയറക്ടര്‍, കേരള സംസ്ഥാന ഭവനനിര്‍മാണബോര്‍ഡില്‍ എഞ്ചിനീയര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി സ്ഥാപനങ്ങള്‍ അധ്യാപകനും മുഖ്യോപദേഷ്ടാവുമായിട്ടുണ്ട്. തച്ചുശാസ്ത്രം ഭാഷ എന്ന കൃതി രചിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രൗഢകൃതികള്‍ക്ക് വ്യാഖ്യാനം ചമച്ചിട്ടുണ്ട്.
2007ല്‍ ആണ് ഡി സി ബുക്‌സ് മനുഷ്യാലയചന്ദ്രിക പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ മൂന്നാം പതിപ്പ് പുറത്തിറങ്ങി.
The post വാസ്തുശില്‍പികള്‍ക്ക് മാര്‍ഗ്ഗദീപമാകുന്ന പുസ്തകം appeared first on DC Books.