സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ വെളിപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് പി. വത്സല എഴുതിയ അവതാരിക
സ്ത്രീ ദര്‍ശനവീഥികള്‍
ഉയര്‍ന്ന നവീന വിദ്യാഭ്യാസം, ജനാധിപത്യവ്യവസ്ഥ, മനുഷ്യാവകാശ നിയമങ്ങളുടെ നിര്‍മ്മാണം, ഒരു സന്തുഷ്ടസമൂഹത്തിന്റെ ആവിര്‍ഭാവം എന്ന ചിന്തയിലാണ് ഇന്ന് നമ്മള്‍. വ്യവഹാരങ്ങളുടെ ഉന്നതവും ഉദാത്തവുമായ മണ്ഡലങ്ങളിലാണ് കലകള്‍ സ്വമേധയാ വികസിച്ചു വളരേണ്ടത്. ആദിജീവിതത്തില്‍ ഇങ്ങനെയൊരു സുവര്‍ണ്ണകാലം ഉണ്ടായിരുന്നു. ചരിത്രാവശിഷ്ടങ്ങള്‍ (എല്ലാ കലകളുമടക്കം) ഇതാണ് സൂചിപ്പിക്കുന്നത്.
ഭാഷകളുടെ പുരോഗതി, ഗോത്രവര്‍ഗ്ഗജീവിതത്തെ പിന്നിലാക്കി മുന്നോട്ടുവന്നു. ആദ്യം ജീവിതം, അതിന്റെ ഗുണമേന്മ കലകള്‍ക്ക് എന്നതാണ് സ്വാഭാവിക വ്യവസ്ഥ.
ആണുപെണ്ണും തീറ്റയും കുടിയുമായിക്കഴിഞ്ഞാല്‍ പോരെന്ന ചിന്തയിലാണ് കലകളുടെ ആവിര്‍ഭാവത്തിലേക്കു മനക്കണ്ണു തിരിഞ്ഞത്. ഭാഷയുടെ ഏറ്റവും മികച്ച ഉപാധിയാണ് ലിഖിതസാഹിത്യം. ഇതാണിന്ന് നമ്മുടെ വിഷയം. പെണ്ണിനും വികാരവും വിവേകവും ഉണ്ടെന്നും ചിലപ്പോഴതില്‍ മികച്ചുനില്ക്കാനുള്ള സര്‍ഗ്ഗവൈഭവം പെണ്ണിനാണ് കൂടുതലെന്നും നമ്മള്‍ തിരിച്ചറിയണം. കഥ, യാത്ര, കവിത, വര എന്നിവയിലൂടെ കടന്നുപോകുന്ന മാധ്യമങ്ങള്‍ക്കെല്ലാം സ്‌ത്രൈണവികാരങ്ങളെ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ എഴുത്തിലും കവിതയിലും ചിത്രരചനയിലും യാത്രയിലുമെല്ലാം പെണ്ണുണ്ടായിരിക്കണം.
കരീബിയന്‍ ദ്വീപനിവാസികളില്‍ ആണും പെണ്ണും ജീവിതപോരാട്ടങ്ങളിലും സര്‍ഗ്ഗവൈഭവത്തിലും പുരാതന കാലത്തേ ഇടപെട്ടിരുന്നു എന്നു കാണുന്നു. ഇന്ത്യ-ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ടൊരേ അവസ്ഥ ഉണ്ടായിരുന്നു. സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചു, മരിച്ചു, എങ്കിലും ഇവിടെ സ്ത്രീജീവിതത്തില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല. ഇവിടെ പ്രസ്താവ്യമായ കഥ, കവിത, യാത്ര, വരകളിലെല്ലാം വെല്ലുവിളിയുടെ സ്വരത്തിലും രേഖയിലുമാണ് സ്ത്രീകള്‍ നിലപാടുതറയൊരുക്കുന്നത്. സ്ത്രീ-പുരുഷബന്ധം വിവാഹജീവിതമെന്ന തടവറയിലാക്കിയിരിക്കയാണ് സ്ത്രീയെ എന്നു രചയിതാക്കള്‍ തീക്ഷ്ണമായി ചിന്തിക്കുന്നു. പ്രതിഷേധത്തിന്റെ അഗ്നിയാണ് ഈ അക്ഷരങ്ങളിലും സ്വരങ്ങളിലും കാണപ്പെടുന്നത്.
ജന്മനാ മൃദുലമനസ്‌കരാണ് നമ്മുടെ സ്ത്രീകള്‍ എന്നത് അനുഭവസിദ്ധമാണ്. കുഞ്ഞുങ്ങള്‍, രോഗികള്‍, വൃദ്ധര്‍, വികലാംഗര്‍ എന്നിവരെല്ലാം സ്ത്രീയുടെ കയ്യില്‍ സുരക്ഷിതരാണ്. അഥവാ അടുത്തകാലംവരെ ആയിരുന്നു. സ്ത്രീയുടെ മൃദുലത, കാരുണ്യം, സ്‌നേഹം എന്നിവ നഷ്ടപ്പെടുന്നത് വിരല്‍ചൂണ്ടുക മൂല്യത്തകര്‍ച്ചയിലേക്കും ദുഃഖങ്ങളിലേക്കും പുരോഗതിയില്ലായ്മയിലേക്കും ആകും. ലോകജീവിതത്തില്‍ സാമൂഹിക
മണ്ഡലത്തിലും കുടുംബങ്ങളിലും ചിട്ടയും ആരോഗ്യവും കാന്തിയും നിലനിര്‍ത്തുന്നത് ഓരോ കുടുംബത്തിലെയും സ്ത്രീകളാണ് എന്നു മറന്നുകൂടാ. മുതുകൊടിഞ്ഞ ഒരു വലിയ ഭവനത്തിന്റെ തകര്‍ച്ചയാവും അത് മനുഷ്യരാശിക്ക് സമ്മാനിക്കുക. ഭാഷയുടെ മൂര്‍ച്ച, സത്യസന്ധത, മൂര്‍ച്ഛ, തകര്‍ച്ച എന്നിവ സംഭവിക്കാം. സ്‌നേഹത്തിന്റെ കഴിവാണ് മനുഷ്യന്റെ മികവ് എന്ന് നാം ധരിച്ചുപോന്നു. സ്‌നേഹരാഹിത്യത്തില്‍നിന്നോ തകര്‍ച്ചയില്‍നിന്നോ ആണ് ഫെമിനിസത്തിന്റെ വിരുദ്ധഭാവം നടന്നുവന്നിരിക്കുന്നത്. അറിഞ്ഞിട്ടും അറിയാതിരിക്കരുത്.
ലളിതകലകളുടെ സൗന്ദര്യം ജീവിതലാവണ്യത്തില്‍നിന്നും ലാവണ്യബോധത്തില്‍നിന്നും ഉറന്നുവന്നതാണ്. റൊമാന്റിക് സങ്കല്പം ഇല്ലാത്ത ജീവിതം ഊഷരമായിത്തീരുക എളുപ്പമാണ്. രചനകളില്‍ വീട്, കുടുംബസ്ഥാനം, ആശുപത്രി, പാലിയേറ്റീവ് സെന്റര്‍, വാഹനം, യാത്രാവീഥി, ഉദ്യോഗസ്ഥലം, കളിയിടം, പൊതുസ്ഥലം, ഭരണമണ്ഡലം എന്നിവ വേദിയായി വരുന്നു. സമസ്തജീവിതമണ്ഡലങ്ങളെയും സാക്ഷിനിര്‍ത്തിയാണ് രോഷാകുലരായ വീട്ടമ്മമാരും നവവധുക്കളും അവിവാഹിതയുവതികളും രോഷത്തിന്റെ വാളുമായി ഇറങ്ങിയിരിക്കുന്നത്. ജനാധിപത്യരാഷ്ട്രങ്ങള്‍ക്കുവേണ്ടി നടന്ന സമരങ്ങളെക്കാള്‍ അര്‍ത്ഥവത്തായ സമരരംഗമാണിതെന്ന് ഈ വായന അനുഭവിപ്പിക്കുന്നു.
പ്രേമം (സ്ത്രീ-പുരുഷപ്രേമം-രതി) എന്ന വികാരം നമ്മുടെ ജീവിതത്തില്‍ ക്ഷയിച്ചാലുണ്ടാവുന്ന ഭീകരത എത്രയായിരിക്കും? ചിലര്‍ സ്വന്തം ഇണകളെ വെറും ‘കോലങ്ങള്‍’ എന്ന അവസ്ഥയില്‍ കാണുന്നു. അത്രയൊന്നും അടിസ്ഥാനമില്ലാത്ത ചില പ്രണയപിണക്കങ്ങളും ഇടയ്ക്കു കണ്ടേക്കാം. അവയെ വിടാം. ഭാഷയ്ക്കും ഭാവത്തിനും കൈവന്നിരിക്കുന്ന ഒരുതരം നിര്‍വ്വികാരതയും അടിസ്ഥാനനിഴലായി ഈ രചനകളില്‍ കാണാം. ഫെയ്‌സ് ബുക്ക് മാദ്ധ്യമത്തിന്റെ വിപുലമായ സാദ്ധ്യതയെ രണ്ടുകൈയും നീട്ടി പുല്‍കാന്‍ ഇവിടെ സ്ത്രീകള്‍ മുന്നോട്ടുവരുന്നു. അവരെ ബലപ്പെടുത്താന്‍ പുരുഷസാന്നിദ്ധ്യം പുറത്തുമുണ്ട്. സ്ത്രീയുടെ ദര്‍ശനവീഥിയില്‍നിന്ന് സമഗ്രജീവിതത്തിന്റെ സംസ്‌കൃതരൂപം മറഞ്ഞുപോകുന്നത് ഒരുതരം വിപത്തിലവസാനിക്കാം. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മാറുന്ന അവസ്ഥയെ കാംക്ഷിക്കും. അവരുടെ നല്ല രചനകളും പുറത്തുവരും.