Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ബഷീറിന്റെ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്

$
0
0

വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുനോവല്‍ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയനായ എഴുത്തുകാരന്റെ മാന്ത്രികപ്പൂച്ച പ്രസിദ്ധീകരണമായത് 1968 ലാണ്.

ബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം, ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം എന്നതിനു സമാനമാണ്. ഡോ. ആര്‍. ഇ. ആഷര്‍

പുസ്തകത്തില്‍ നിന്നും…

ഒരു മാന്ത്രികപ്പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നത്. പണ്ടു പണ്ടു മുതല്‍ക്കേ, അത്ഭുതങ്ങള്‍ ഒരുപാട് ഒരുപാട് ഈ ഭൂലോകത്തു സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൗരവമുള്ള കാര്യമല്ലിത്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങനെയാണ് ഇതൊരു മാന്ത്രികപ്പൂച്ചയായത്? പ്രശ്‌നത്തിന്റെ അകത്തു ലേശം തമാശയുണ്ട്. ഇതു ലോകത്തിലെ ആദ്യത്തെ മാന്ത്രികപ്പൂച്ചയാണോ? സംശയമാണ്. പ്രപഞ്ച ചരിത്രത്തിന്റെ ഏടുകള്‍ ക്ഷമയോടെ മറിച്ചുനോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഒത്തിരി കണ്ടെന്നുവരാം.

അന്നൊരു പക്ഷേ, ആരും ശ്രദ്ധിച്ചു കാണുകയില്ല. ഇപ്പോള്‍, ദാ, ഒരു സുവര്‍ണാവസരം. ശ്രദ്ധിക്കുക: ചുവന്ന കണ്ണുകള്‍. ചിരിക്കുന്ന മുഖഭാവം. ചെവികളിലും മുതുകിലും വാലിലും ലേശം ചുമപ്പുരാശിപ്പുണ്ട്. ബാക്കി എല്ലാം തൂവെള്ള. തറച്ചു മുഖത്തുനോക്കി ‘മ്യാാഒ!’ എന്നു പറയുന്നതു കേട്ടാല്‍ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നും.

ഈ പൂച്ച ഈ വീട്ടില്‍ വന്നത് ശംഖനാദത്തിന്റെ അകമ്പടിയോടുകൂടിയാണ്. സഹസ്രാബ്ദങ്ങളുടെ ശബ്ദകോലാഹലം! ഓര്‍ക്കാന്‍ രസമുണ്ട്. എന്നാല്‍, വലിയ പ്രമാദമായ കാര്യമോ മറ്റോ ആണോ? ഒന്നുമല്ല. താടി, മീശ, ജട എന്നിത്യാദികളോടുകൂടിയ ഒരു ഹൈന്ദവസന്ന്യാസി ഈ വീട്ടില്‍ വന്നു ശംഖനാദം മുഴക്കിയ സമയം.

‘പീപ്പിളി വിച്ച്ണ മിസ്‌ക്കീന്‍!’ എന്നാണ് അഞ്ചഞ്ചര വയസ്സായ എന്റെ മോള്‍ ഷാഹിന അദ്ദേഹത്തെപ്പറ്റി പറയാറുള്ളത്. സന്ന്യാസിക്ക് ഒരെഴുപതു വയസ്സു കാണും. എന്നാല്‍, ജരാനരകള്‍ ബാധിച്ച മട്ടില്ല. മന്ദഹസിക്കുന്ന കണ്ണുകള്‍. ജട കൂമ്പാരമായി ചുറ്റിവച്ചിരിക്കുന്നു. ദേഹം മുഴുവനും ഭസ്മം. നിലത്തു കുത്തിയാല്‍ ശബ്ദം കേള്‍ക്കുന്ന ശൂലം. തോളിലൊരു മാറാപ്പ്. മറ്റേ കൈയില്‍ വെളുവെളാ മിന്നുന്ന ശംഖ്, ഒരുപാടു വര്‍ഷങ്ങള്‍… യുഗങ്ങള്‍ എന്നു പറയാമോ എന്തോ… അതു കടലിന്റെ അടിത്തട്ടില്‍ കിടന്നതാവാം. ഞങ്ങളുടെ തൊട്ടുപിന്നില്‍ ആര്‍ത്തിരമ്പുന്ന കടലാണ്. അതിന്റെ ആക്രമണം തടുത്തുകൊണ്ടു കടല്‍ഭിത്തി ധീരമായി ഉയരുന്നുണ്ട്. ഭയപ്പെടാനില്ല! എങ്കിലും കടലിന്റെ എരപ്പു കേള്‍ക്കുമ്പോള്‍!… ഓര്‍ത്തുപോകുമെന്നു മാത്രം.

സന്ന്യാസിക്കു ഞങ്ങള്‍ ഇരുപത്തഞ്ചു പൈസ കൊടുക്കും. ബാക്കിയുള്ള ഭിക്ഷക്കാര്‍ക്കു പത്തു പൈസ വീതവും. ഈ ഹൈന്ദവ സന്ന്യാസിക്കു കാല്‍ രൂപ കൊടുക്കാന്‍ ഏറ്റവും എളിയതും വളരെ ചെറിയതുമായ ഒരു കാരണമുണ്ട്. പണ്ട് ഈയുള്ളവനും പാവപ്പെട്ട ഒരു സന്ന്യാസിയായിരുന്നു. ഹിന്ദു, പിന്നെ സൂഫി. തുടക്കത്തില്‍ തലയിലും മുഖത്തുമുള്ള രോമങ്ങളെല്ലാം വടിച്ചുകളഞ്ഞ്, ലങ്കോട്ടിമാത്രം ധരിച്ച്, കറുത്ത പുതപ്പും യോഗിദണ്ഡും മറ്റുമായി ഇരുന്നിട്ട്… മുടിയും താടിയും നീട്ടി എഴുന്നേല്‍ക്കുന്നു. എന്നില്‍നിന്നന്യമായി ഒന്നുമില്ല! പുല്ലും പുഴുവും മാമരങ്ങളും ജന്തുമൃഗാദികളും സാഗരവും പര്‍വ്വതവും പക്ഷികളും സൂര്യചന്ദ്രന്മാരും നക്ഷത്രകോടികളും ക്ഷീരപഥവും സൗരയൂഥവും അണ്ഡകടാഹവും…! പ്രപഞ്ചങ്ങളായ സര്‍വ പ്രപഞ്ചങ്ങളും… എല്ലാം, എല്ലാം ഞാന്‍തന്നെ! അനല്‍
ഹഖ്!

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>