2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. പാരിസ്ഥിതികവും ജൈവികവുമായ ഒരവബോധം എഴുത്തില്‍ സൃഷ്ടിക്കുവാന്‍ ആ നോവലിനു കഴിഞ്ഞിട്ടുണ്ട്. ‘ഇസ്തിരി’ എന്ന പുതിയ കഥാസമാഹാരവുമായിട്ടാണ് സോണിയ റഫീക്ക് വീണ്ടും വായനക്കാരുടെ മുന്നിലെത്തിയത്. മനുഷ്യബന്ധങ്ങളില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണവും ശിഥിലവുമായ നാനാതരം അവസ്ഥകളെ ചിത്രീകരിക്കുന്ന പത്തു കഥകളാണ് ഇതിലെ ഉള്ളടക്കം. നടപ്പുകാലത്തിന്റെ രീതിശാസ്ത്രങ്ങളെ നിരാകരിക്കുകയും പുതിയൊരു കഥനസമ്പ്രദായത്തിന്റെ വൈഖരി കേള്‍പ്പിക്കുകയും ചെയ്യുന്ന കഥകള്‍.
കഥകള്‍ തനിക്ക് ഭ്രമിപ്പിക്കുന്ന സാഹസികതകളാണെന്നും ഈ പുസ്തകത്തിലെ കഥകളും മുറുകെ പിടിച്ചുകൊണ്ട് തന്റെ വായനക്കാരോടൊപ്പം ഉയരങ്ങളില്‍നിന്ന് ഒരു ബംഗി ചാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും പുസ്തകത്തിന്റെ ആമുഖത്തില്‍ കഥാകാരി എഴുതുന്നുണ്ട്. വായനക്കാരന്റെ / വായനക്കാരിയുടെ വായനാനുഭവത്തില്‍ ഉരുത്തിരിയുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരെഴുത്തുകാരിയുടെ പ്രതിബദ്ധതയും എഴുത്തിനോടുള്ള ആത്മാര്‍ത്ഥതയും ധ്വനിപ്പിക്കുന്നവയാണ് ആ വരികള്‍.
വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍തന്നെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ചചെയ്യപ്പെട്ടതുമാണ് ‘ഇസ്തിരി’യിലെ എല്ലാ കഥകളും. ഫുഡ് കോര്‍ട്ട്, ഇസ്തിരി, കബൂം, കത്രിക, ഒരു ഗള്‍ഫുകാരന്റെ വീട്, മറുകാഴ്ചാബംഗ്ലാവ്, പ്രാതലിനും കൂണിനും മദ്ധ്യേ മേതില്‍, രാത്രിയാണ്, വയലറ്റ് കാബേജ്, വൃത്തം എന്നിവയാണ് ഇതിലെ കഥകള്‍.