അകാലത്തില്‍ മരണമടഞ്ഞ യുവകവി ജിനേഷ് മടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം വിള്ളല്‍ പുറത്തിറങ്ങി. സ്വന്തം അനുഭവ പരിസരങ്ങളില്‍ നിന്നും ഉടലെടുത്ത ജിനേഷിന്റെ കവിതകള്‍ കാല്പനികതയുടെ ആവരണമല്ല, പകരം മനുഷ്യത്വത്തെയാണ് സ്വാംശീകരിച്ചത്.
കവിതയ്ക്കു മാത്രം വീണ്ടെടുക്കാന്‍ കഴിയുന്ന വിധം തകര്‍ന്നു പോയ ഒരു മനുഷ്യനുണ്ട് ജിനേഷിന്റെ കവിതകളില്‍. ജീവിതവും മരണവും പ്രണയവും കുഴച്ചു നിര്‍മ്മിച്ച ഒരു ആദിമ മനുഷ്യനാണയാള്‍. അത്രമേല്‍ തരിപ്പണമായിപ്പോയ അയാള്‍ക്ക് കാവല്‍ നില്ക്കുന്നവനാണ് അയാളിലെ കവി. അയാളുടെ ചോരയും കണ്ണീരുമാണ് കവിതയായി വേഷം മാറി നമ്മുടെ മുന്നിലെത്തുന്നത്. ഓര്‍മ്മകളോ മറവികളോ അല്ല, വര്‍ത്തമാനത്തില്‍ വീണവന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള സങ്കടം പുരണ്ടതെങ്കിലും പ്രത്യാശാനിര്‍ഭരമായ ഗാഥകളാണ് ജിനേഷിന്റെ കവിതകള്‍.
തിളച്ചുമറിയുന്ന സ്വന്തം പരിസരങ്ങളെ ആഴത്തില്‍ അനുഭവിക്കുന്ന കവിതകളാണ് ജിനേഷിന്റേത്. സ്വന്തം വീട്ടിലും നാട്ടിലും തന്റെ ഊടുവഴിയിലും നിന്നുകൊണ്ട് ലോകത്തെ നോക്കുകയാണവ. അതിനാല്‍ ഒരു ഗ്രാമീണന്റെ ഹൃദയത്തെ തൊട്ടുകൊണ്ടു കടന്നു പോകുന്ന മനുഷ്യാനുഭവങ്ങളെല്ലാം ഈ കവിതകളില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നുണ്ട്.
ഒഴുകിപ്പരക്കുമ്പോള്‍ മൃദുവാകുന്ന
ഒരു തുറസ്സിലല്ല അതു പടരുന്നത്(കെണി)
എന്നു പറയുന്നതു പോലെ ജിനേഷിന്റെ കവിതകള്‍ ഒഴുകിപ്പരക്കുകയല്ല, ആഴങ്ങള്‍ തേടുകയാണു ചെയ്യുന്നത്. വിള്ളലിലെ ഏറ്റവും ഹൃദയഭേദിയായ ഒന്നാണ് ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ എന്ന കവിത. വിശേഷിച്ചും കവിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ആ വരികള്‍ നമ്മെ പൊള്ളിക്കുക തന്നെ ചെയ്യും.
‘ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്കുമുമ്പ്
മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്കു മുന്‍പ്
തീരുമാനിച്ചിരുന്നതിനാല്‍…’
വിള്ളല്‍ എന്ന കവിത ജിനേഷിന്റെ മനസ്സിലേക്കുള്ള പാതി ചാരിയ ഒരു വാതിലാണ്. അപകടാവസ്ഥയിലായ പാളങ്ങള്‍ പോലെ അപകടാവസ്ഥയിലായ മനുഷ്യരുമുണ്ട്; ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാതെ ബന്ധങ്ങള്‍ കയറിയിറങ്ങിപ്പോയവര്‍. ഇളകിയാടുന്ന കല്‍ത്തൂണുകളെ തൊട്ടിലാട്ടങ്ങളായി കണ്ടവര്‍. ആഴങ്ങളില്‍ ഇറങ്ങിയവന്നു മാത്രമേ ആ പാലം ഇടിഞ്ഞു വീഴുന്ന ദിവസം ഏതെന്ന് അറിയൂ. കൈവരികള്‍ ഉലഞ്ഞുപോയ ആ മനുഷ്യരില്‍ നിന്ന് എപ്പോളും നിങ്ങള്‍ തെന്നിവീണേക്കാം, അവരെ സൂക്ഷിക്കുക എന്ന ആഹ്വാനവുമായാണ് കവിത തീരുന്നത്.