മലയാള ചെറുകഥയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയ്ക്കു ശേഷം മറ്റൊരു കഥകൂടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. കഥയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. അതില്‍ കഥയെ അനുകൂലിച്ചും പ്രതികൂലിച്ചും ഡോ.പി സുരേഷ്, എം.പി.അനസ്, ശിവകുമാര്‍ എന്നിവര്‍ എഴുതിയ അഭിപ്രായങ്ങളാണ് ശ്രദ്ധേയമായതില്‍ ചിലത് ..
കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിക്കാം..
ഡോ.പി സുരേഷ്
‘വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും, മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ, വേദാഗമസാരങ്ങളറിഞ്ഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!’ എന്ന് കുമാരനാശാന്‍. വേദസാരങ്ങളറിയുന്നതിനാല്‍ ഭേദാദികള്‍ വെടിഞ്ഞ് മോദസ്ഥിതനായി വസിക്കുന്ന ഒരു ഗുരു കേരളീയന്റെ അബോധത്തിലുണ്ട്.
‘അഴലാഴിയാഴുമെന്നില്‍ അണികരമേകിയണഞ്ഞിടുന്ന നാരായണ ഗുരുദേവനാണ്’ തന്റെ ദൈവം എന്നും ആശാന്‍ പറഞ്ഞിട്ടുണ്ട്. ഈ ഗുരു മാത്രമല്ല, ജാതിഭേദങ്ങളും ഇന്നും മല പോലെ കേരളീയനില്‍ വസിക്കുന്നുണ്ട് എന്നാണ് ഹരീഷ് തന്റെ കഥയില്‍ സൂചിപ്പിക്കുന്നത്. നമ്മളൊഴിച്ച പിശാചുക്കള്‍ വീണ്ടും കാവിയില്‍ പൊതിഞ്ഞു പ്രത്യക്ഷപ്പെടുന്നതിന്റെ ഭീകരത കഥാകാരന്‍ വ്യഞ്ജിപ്പിക്കുന്നു. വി.ടി.യും ഇ.എം.എസും പൊട്ടിച്ചെറിഞ്ഞ പൂണൂലും സഹോദരന്‍ അയ്യപ്പന്‍ മുറിച്ചു കളഞ്ഞ കുടുമയും നമ്മുടെയൊക്കെ ബോധാ ബോധങ്ങളില്‍ നിലീനമാണെന്ന് കഥ സൂചിപ്പിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥ ഓര്‍ക്കാവുന്നതാണ്.
ഗുരു അഭിമാന ചിഹ്നമായിരുന്ന അവസ്ഥയില്‍ നിന്ന് അപമാന ചിഹ്നമായി മാറുന്ന വര്‍ത്തമാന വൈരുദ്ധ്യം ഹരീഷ് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. തന്റെ മറ്റു കഥകളിലെന്നതു പോലെ കഥപറച്ചിലിന്റെ ലാളിത്യത്തിനും അനായാസതയ്ക്കുമിടയില്‍ നിന്ന് സങ്കീര്‍ണമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങളെ ഖനിച്ചെടുക്കാന്‍ ഹരീഷിന് വിദഗ്ദമായി സാധിക്കുന്നു.
ശിവകുമാര്‍
എസ് ഹരീഷിന്റെ കഥ, ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന ആ വരി കുമാരനാശാന്റെയാണ്. നാരായണഗുരുവിനെപ്പറ്റിയുള്ളതുമാണ്. അതല്ലാതെ കഥയില്‍ ഗുരുവെന്ന പേരിനെപ്പറ്റി കമായെന്നൊരക്ഷരമില്ല. എന്നാല്‍ ഗുരു ആകെ ഉണ്ടുതാനും. ആദ്യമായല്ല ഹരീഷ് ഗുരുവിനെ അവതരിപ്പിക്കുന്നത്. ‘രസവിദ്യയുടെ ചരിത്ര’ത്തില്‍ ഗുരു ഉണ്ടായിരുന്നു, മനുഷ്യനെ സ്വര്‍ണ്ണമാക്കാനായി പരീക്ഷണം നടത്തുന്ന തയ്ക്കാട്ട് അയ്യാസ്വാമികളുടെ രണ്ടു ശിഷ്യന്മാരില്‍ ഒരാളായി. പരീക്ഷണത്തിന്റെ വിജയമറിയാനും രഹസ്യം തട്ടിയെടുക്കാനുമായി കാത്തുനിന്ന വിദേശികളടക്കമുള്ള വക്രദൃഷ്ടികള്‍ അയ്യടായെന്നായി.. പക്ഷേ അയ്യാസ്വാമികള്‍ അവരെ സ്വര്‍ണ്ണമാക്കുകതന്നെ ചെയ്തു എന്ന് കഥ പറയുന്നു.. പക്ഷേ അതെന്തു സ്വര്‍ണ്ണം, ആമാതിരികള്‍ വല്ല ഉപയോഗവുമുള്ളതാണോ എന്ന പ്രായോഗികതയെയാണ് പുതിയ കഥ ചിരിയോടെ നമ്മുടെ കാലത്തിലേക്ക് ഇറക്കി വിടുന്നത്. നമ്മുടെ പ്രതിബദ്ധതാ സാഹിത്യത്തിന് ജാതിമതാദികളിലേയ്ക്ക് വശപ്പിശകായ ചില നോട്ടങ്ങളുണ്ട്. വായിക്കുന്നവന് പെട്ടെന്ന് കാര്യം മനസ്സിലാകും എന്നൊരിദുണ്ട്. വികാരം കൊള്ളാന്‍ പറ്റും, രാഷ്ട്രീയശരി പറഞ്ഞും തെറ്റു പറഞ്ഞും. ഭാഷയിലെ സൂക്ഷ്മമായ പണിത്തരമാണ് ഹരീഷിന്റെ കഥ. മുന്‍പ് ദേവദാസ് ‘അഗ്രഹസ്ത’ത്തില്‍ എടുത്തു പെരുമാറിയ തോക്കുപോലെയാണ് ഭാഷ ഇതിനകത്തും. ഏതു സമയവും അപകടകരമായി പൊട്ടിയേക്കാവുന്ന നിലയില്‍. ചരിത്രം വച്ച് കഥയെഴുതുമ്പോലെയല്ല, ഭാഷയെ അറിഞ്ഞെഴുതുന്നത്. രചനയുടെ ലേഖനവ്യഗ്രത അവിടെ തീരും. സര്‍ഗാത്മകതതന്നെ പീലി വിടര്‍ത്തിയതായി മനസ്സിലാവും. രസം അതല്ല, ഇതിന് ഹരീഷ് എടുത്ത ആശാന്റെ വരിയില്‍തന്നെ ഒരു ചിരിയുണ്ട്. ആശാന്‍ മറ്റൊരു ഭാഷാഗ്രേസരനായിരുന്നല്ലോ.. കഥയുടെ പേരിനു കാരണമായ ആ നാലുവരികള്‍ഒന്നുകൂടി വായിച്ചു നോക്കൂ.. ‘അങ്ങ് മോദസ്ഥിതനായങ്ങു വസിക്കുന്നു’. എന്ന്.. :
കുമാരനാശാന്‍ പറഞ്ഞത് ഇതാണ് :
ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം: ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ!
അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ! സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ!
വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞ്ഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!
മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്‌നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ!
അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ ‘യോഗം’ എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീ ഗുരുമൂര്‍ത്തേ..
എം.പി.അനസ്
എന്താണ് കഥയിലൂടെ ഹരീഷ് പറയാന്‍ ശ്രമിക്കുന്നത് ഈഴവര്‍ ഗുരുവിനെ ഉപേക്ഷിച്ചുവെന്നോ അല്ല ഗുരുവിനെ ഈഴവര്‍ തന്നെ കൊണ്ടു നടക്കണമെന്നോ? മനസ്സിലാകുന്നില്ല. കഥ അപൂര്‍ണ്ണമാണെന്ന വായനാനുഭവമാണ് നല്‍കുന്നത്.കഥാകൃത്ത് അറിഞ്ഞോ അറിയാതെയോ യാഥാസ്ഥിതിക മുദ്രകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു കഥയായി മാറിപ്പോയിട്ടുണ്ട് ഇക്കഥ.
സവിശേഷമായ കൂടിച്ചേരലുകള്‍ക്ക് ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നും
ആര് എന്തൊക്കെ പരിണാമത്തിനാണ് വിധേയമാകേണ്ടതെന്നും പഠിപ്പിക്കുന്നുമുണ്ടത്. മുതലാളിത്ത/ മൂലധന സാമൂഹികാവസ്ഥയാണ് പവിത്രയും അനൂപും തമ്മിലുള്ള പൊരുത്തത്തെ സാധ്യമാക്കുന്നതെന്ന സൂചനയും കഥയില്‍ നിന്ന് വായിക്കാനാവും. അഥവാ നാരായണ ഗുരു ചെയ്ത പണിയൊക്കെ വൃഥാവിലാണെന്നും. ജാതിമിശ്ര താലി കെട്ടൊക്കെ മൂലധനാഗമന ന്യായേന രൂപം കൊണ്ടതാണെന്നും.
ചുമരിലെ പടമെടുത്തു മാറ്റുന്നതിനെ വിമര്‍ശന വിധേയമാക്കുന്ന കഥാകൃത്ത് തന്നെ കൃത്രിമമായ ഫോട്ടോ എടുത്തു മാറ്റിയാലും ഇല്ലെങ്കിലും സ്വത്വം ചിലപ്പോള്‍ മലയേക്കാള്‍ വലുപ്പത്തില്‍ പ്രത്യക്ഷപ്പെട്ടു പോകും. എന്നും പറയുന്നു മനസ്സിലായില്ലേ അതാണ് കഥയുടെ ഒരു ഘട്ടത്തില്‍ പവിത്രയുടെ അച്ഛന്‍ ബ്രഷൊക്കെ അരയില്‍ കുത്തി സ്വത്വം വെളിവാക്കി നില്‍ക്കുന്ന നിപ്പ്.
‘ പവിത്ര വാങ്ങിയ മഞ്ഞ ടോപ് യഥാര്‍ത്ഥത്തില്‍ എടുത്തു മാറ്റുന്നത് കഥാകൃത്ത് തന്നെയാണ് ‘ അല്ലെങ്കില്‍ പിന്തിരിപ്പന്‍ ആശയങ്ങളെല്ലാം സ്ത്രീ പക്ഷ മാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണിക്കഥ. അവരുടെ മകളാണെങ്കില്‍ അവനെ പുണര്‍ന്ന് കിടക്കാന്‍ ക്ലാസ്സ് കട്ട് ഇറങ്ങുന്നവളും. സൂക്ഷ്മമായി പറഞ്ഞാല്‍ അതൊക്കെ പണ്ടേയുളളതാണല്ലോ. കീഴാള സത്രീകളുടെ ഉടലിന്‍ മേലുള്ള അവകാശം. ക്ഷമിക്കണം അങ്ങനെയൊന്നും കഥയില്‍ പറഞ്ഞിട്ടില്ലല്ലോ ല്ലേ; അതി വായന തന്നെ.
ഗുരുവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി പിന്തിരിപ്പന്‍ രാഷ്ടീയ നിലപാടുകളിലേക്ക് മുന്നേറിപ്പോയ ഈ കഥ ഒരു സങ്കടം തന്നെയാണ്. പുതിയ കഥാകൃത്തുകള്‍ക്കൊന്നുീ. നവോത്ഥാനാശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്. ( അത്തരം ഒരാശയത്തില്‍ നിന്നു കൊണ്ട് കഥ പറയാനുള്ള ശ്രമമാണല്ലോ കഥാകൃത്ത് നടത്തുന്നത് എന്ന അര്‍ത്ഥത്തില്‍)കൂടാതെ ‘കല്യാണത്തിന് ഓം എന്നെഴുതിയ താലി വേണ്ട’ എന്ന അനൂപിന്റെ അമ്മ പറയുന്നതിനെ എങ്ങനെയാണ് പുതിയ കാലത്തെ ചരിത്രത്തില്‍ നിന്നു കൊണ്ട് വിശദീകരിക്കേണ്ടത്. അനൂപിന്റെ ആളുകള്‍ മറ്റുജാതി ചിഹ്നങ്ങളെ തിരസ്‌കരിക്കുന്നുവെന്നതിനേക്കാള്‍ മതചിഹ്നങ്ങളെ നിരസിക്കുന്നു എന്നതിലേക്കല്ലേ ആ മുദ്ര നീണ്ടു പോകുന്നത്. അങ്ങനെയും വായിക്കാമല്ലോ.
അപ്പോള്‍ പിന്നെ ഫോട്ടോ വേണ്ട എന്നു പറയുന്നതിനും പല മാനങ്ങള്‍ വരും. ഇത് വായനക്കാരെ അരാഷ്ട്രീയ വായനയ്ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്യുക. സമീപകാല കേരളത്തിലെ സാമൂഹികാവസ്ഥകളിലെ പരിഗണിക്കുന്നു എന്ന പ്രതീതി ഉളവാക്കുന്നു എന്ന ഇക്കഥയെക്കുറിച്ചുള്ള വായനകള്‍ക്ക് അപ്പോഴെന്താണ് പ്രസക്തി.
The post എസ് ഹരീഷിന്റെ കഥ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു appeared first on DC Books.