ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉഷസ്സിനെപ്പോലെ ഉണര്‍ത്തുന്ന ലോകക്ലാസ്സിക്കാണ് ആയിരത്തൊന്ന് രാത്രികള്‍ എന്ന പേരില്‍ അറിയപ്പെട്ട അറബിക്കഥകള്‍. ഈ കഥകള്‍ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. അവ പഞ്ചേന്ദ്രിയങ്ങളെ മധുരിപ്പിക്കുന്നു; ലഹരിപിടിപ്പിക്കുന്നു. വിശ്വസാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത കഥകളുടെ രാജധാനിയാണ് ആയിരത്തൊന്ന് രാത്രികള്‍. ശൃംഗാരവും ഹാസ്യവും കരുണവും രൗദ്രവും വീരവും ഭയാനകവും ബീഭത്സവും അത്ഭുതവും ശാന്തവും നവരസങ്ങളും അലതല്ലുന്ന കഥകളുടെ പാരാവാരം. വിശ്വസാഹിത്യത്തിലെ പല ഉത്കൃഷ്ടകൃതികളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ള എം.പി. സദാശിവനാണ് ഇതിന്റെ പുനരാഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്.
ഈ കൃതിയെപ്പറ്റി വിശ്വവിഖ്യാതനായ ഖലീല്‍ ജിബ്രാന്‍ പറഞ്ഞു:
രാത്രിയുടെ വിശുദ്ധിയില്‍ സത്യം അമ്മയെപ്പോലെ എന്റെ കിടക്കയ്ക്കരികില്‍ വന്നുനിന്നിട്ട് ചോദിച്ചു: നിനക്ക് ഏതു രാജധാനിയാണിഷ്ടം…നിന്നെ ഞാന്‍ അങ്ങോട്ടു കൊണ്ടുപോകാം. ഞാന്‍ പറഞ്ഞു: ‘കഥയുടെ രാജധാനി- ആയിരത്തൊന്ന് രാത്രികള്‍.’
ഈ കൃതിയുടെ ആമുഖക്കുറിപ്പില്‍ നിന്നും..
അറബിക്കഥകള്‍ അഥവാ ആയിരത്തൊന്നു രാത്രികള്‍ (ശരിയായ പേര് അല്‍ഫ് ലെയ്‌ലാ വ ലെയ്‌ലാ-ആയിരം രാത്രികളും പിന്നെയൊരു രാത്രിയും) പേരു സൂചിപ്പിക്കുന്നതുപോലെ അറബിഭാഷയിലാണു രചിക്കപ്പെട്ടത്. ഇന്ത്യയും ചീനയും ഉള്‍പ്പെട്ട ഭൂപ്രദേശം ഭരിച്ചിരുന്ന ഷഹ്‌രിയാര്‍ എന്ന രാജാവ് സ്വന്തം രാജ്ഞിയുടെ വിശ്വാസവഞ്ചനയ്ക്കു ദൃക്‌സാക്ഷിയായി. രാജ്ഞിയെ വധിച്ചിട്ടും രോഷം തീരാഞ്ഞ് ദിനംപ്രതി ഓരോ കന്യകയെ വിവാഹം ചെയ്യുകയും ആദ്യരാത്രിയുടെ അന്ത്യത്തില്‍ അവളെ കൊന്നുകളയുകയും ചെയ്തുപോന്നു.
ഒടുവില്‍ കന്യകയായ മന്ത്രിപുത്രി മാത്രം അവശേഷിച്ചു. ഷഹറാസാദ് എന്ന ആ പെണ്‍കുട്ടി സുന്ദരി മാത്രമല്ല, ബുദ്ധിശാലിയും കലാകാരിയുമായിരുന്നു. നാട്ടിലെ പെണ്‍കുട്ടികളുടെ
പ്രാണരക്ഷാര്‍ത്ഥം അവള്‍ രാജപത്‌നിയായി. ഷഹറാസാദ് പറഞ്ഞ കഥകള്‍ ഷഹരിയാറുടെ ഉറക്കം കെടുത്തുകയും ജാഗ്രദവസ്ഥയില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ജിജ്ഞാസയുടെ വിത്തു പാകുകയും ചെയ്തു. ഒന്നിനു പിറകിലൊന്നായി ആയിരത്തൊന്നു രാത്രികള്‍ കഥ പറഞ്ഞ് ഷഹറാസാദ് രാജാവിന്റെ മനം കവര്‍ന്നു.
”ഷഹരിയാറുടെ നിയ്യദ്ദേശാനുസരണം നാടിന്റെ നാലു കോണിലും നിന്നെത്തിയ അറിയപ്പെടുന്ന എഴുത്തുകാര്‍ ഈ കഥകളത്രയും സുവര്‍ണ്ണ ലിപികളില്‍ മുപ്പതു വാല്യങ്ങളിലായി എഴുതിവച്ചു. മൂലകൃതി സ്വര്‍ണ പേടകത്തിലാക്കി ഖജാനയില്‍ സൂക്ഷിക്കാനും നിരവധി പകര്‍പ്പുകളെടുത്ത് പ്രജകളുടെയും സന്തതിപരമ്പരകളുടെയും വിജ്ഞാനപോഷണസ്ഥിനായി
പ്രചരിപ്പിക്കാനും രാജാവു കല്‍പിച്ചു” എന്ന പ്രസ്താവനയോടെയാണ്
കഥാകാരന്‍ ഉപസംഹരിക്കുന്നത്….