സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ ചെറുപ്പക്കാരന്റെ കഥ. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി ആയിരങ്ങള്‍ക്ക് പ്രചോദനമായി മാറിയ മുഹമ്മദലി ശിഹാബിന്റെ ആത്മകഥ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിരലറ്റം എന്ന ആത്മകഥക്ക് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എഴുതിയ അവതാരിക
“മുഹമ്മദ് അലി ശിഹാബ് ചെറുപ്പക്കാരനാണ്. ആത്മകഥ എഴുതേണ്ട പ്രായമൊന്നും ആയിട്ടില്ല. ഐ.എ.എസ്സില്‍ പ്രവേശിച്ചിട്ട് അധികം വര്‍ഷങ്ങളും പിന്നിട്ടിട്ടില്ല. അതുകൊണ്ട് സര്‍വീസ് സ്റ്റോറികള്‍ രൂപപ്പെട്ടുവരുന്നതേയുള്ളൂ. എന്നിരുന്നാലും എന്തുകൊണ്ട് ഞാന്‍ ‘വിരലറ്റം‘ ഏതാണ്ട് ഒറ്റയിരുപ്പിന് വായിച്ചു? അതിനു കാരണം അത്രയ്ക്ക് അപൂര്‍വ്വമാണ് ഇതില്‍ പരാമര്‍ശ്യമായ ഇച്ഛയുടെ പരമമായ വിജയം-ശിഹാബിന്റെ കഥയുടെ പൊരുള്‍.
പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന്, അനാഥാലയത്തില്‍ എത്തുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നു വയസ്സുവരെ അദ്ദേഹം യതീംഖാനയില്‍ തുടര്‍ന്നു. അവിടെ നിന്ന് വിദ്യാഭ്യാസവും ജീവനകൗശലങ്ങളും സ്വന്തമാക്കി. കല്ലുവെട്ടുകാരനായിട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണിയില്‍ കൂലിവേല. തുടര്‍ന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും പല പല ജോലികള്‍. അതിനിടയില്‍ ബിരുദവും നേടി. പിന്നെ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ എന്നു കരുതുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോള്‍ നാഗാലാന്റ് കേഡറില്‍ ജോലി ചെയ്യുന്നു.
അതുകൊണ്ട് പ്രായം നോക്കേണ്ടതില്ല. ഈ കഥ ലോകം അറിയുവാനായി ആത്മകഥ എഴുതേണ്ടിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് പ്രചാരം നേടിയിട്ടുള്ള ബയോപിക് സിനിമയ്ക്ക് പറ്റിയ വിഷയം. വാഴക്കാട് ഗ്രാമത്തില്‍നിന്ന് മസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ വരെയുള്ള യാത്രാവിവരണം കൗതുകങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ശിഹാബ് കുറേക്കൂടി ആഴത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. ഓരോ ജീവിത സാഹചര്യത്തിലും നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തര്‍ധാര. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല; ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ്.
ശിഹാബിന്റെ പറയാതെ പറയുന്ന ഒരു കഥയുണ്ട്; അതാണ് ഈ പുസ്തകത്തെ എന്നോട് കൂടുതല്‍ അടുപ്പിച്ചത്. ലക്ഷക്കണക്കിന് രൂപ കോച്ചിങ് ക്ലാസുകള്‍ക്കായി ചെലവഴിച്ച്, സമൂഹത്തിലെ മധ്യവര്‍ഗത്തിനും അതിനു മുകളില്‍ ഉള്ളവര്‍ക്കും വേണ്ടി, ബോധപൂര്‍വ്വമല്ലെങ്കിലും, വര്‍ഗപരമായ ചായ്‌വുള്ള സിവില്‍ സര്‍വീസ് പരീക്ഷ സ്വപ്‌നം കാണുവാനുള്ള ധൈര്യം, ചുറ്റുപാടുകള്‍ എത്ര വിപരീതമായാലും അത് നേടിയെടുക്കാനുള്ള പോംവഴികള്‍ കണ്ടെത്തുക, ഇതെല്ലാം എല്ലാവര്‍ക്കും സാധ്യമാണെന്ന് ഈ ആത്മകഥ ധ്വനിപ്പിക്കുന്നു. അതായത് ഇതൊരു സാര്‍വ്വ ലൗകികമായ കഥയാണ്; വേണമെങ്കില്‍ ആര്‍ക്കും എഴുതാമെന്ന് സവിനയം ശിഹാബ് ഈ പുസ്തകത്തിലൂടെ പറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളും ഈ പുസ്തകം വായിക്കേണ്ടതാണ്.”
എന്‍.എസ്. മാധവന്‍