അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റെ ആദം എന്ന കഥാസഹാരത്തിലുള്ളത്. 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഈ കഥാസമാഹാരത്തിനാണ്.
മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ലഭിച്ച ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ എന്നിങ്ങനെ സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പതു കഥകള്‍ അടങ്ങിയ സമാഹാരമാണ് ആദം. ഇതിലെ ഓരോ കഥയും തന്റെ സുഹൃത്തുക്കള്‍, പരിചയക്കാര്‍ അങ്ങനെ പലരുടേയും സംഭാഷണത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമൊക്കെ കടംകൊണ്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇവയില്‍ പച്ചയായ ജീവിതത്തിന്റെ തുടിപ്പുകള്‍ ദര്‍ശിക്കാം.
വിമുക്തഭടനായ എന്‍.കെ കുറുപ്പ് നാട്ടിലേക്ക് കൊണ്ടുവന്ന നൂറ് എന്ന ബെല്‍ജിയന്‍ മാലിനോയിസ് എന്ന നായയും അതിന്റെ തലമുറയില്‍ ഉണ്ടായ ആദം, വിക്ടര്‍ എന്നീ നായ്ക്കളുടേയും സംഭവബഹുലമായ ജീവിതവും, കുറുപ്പിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ട പല ആളുകളുടേയും കഥയാണ് ‘ആദം’ പറയുന്നത്. എന്നാല്‍ നീതു, ബിനീഷ് എന്നിവരുടെ ജിവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്ന കഥയാണ് മാന്ത്രികവാല്‍.
മാധവന്‍ എന്നയാളിന്റെ മരണവും അതിലൂടെ ശങ്കുണ്ണിയാശാന്‍, മാധവന്‍ എന്നിവരുടെ ശത്രുതയുടെ കഥയും പറയുകയാണ് രാത്രികാവല്‍ എന്ന കഥ. ഇങ്ങനെ വ്യത്യസ്തമായ കഥാതന്തുക്കളാണ് എസ്.ഹരീഷ് തന്റെ കഥകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദം എന്ന ചെറുകഥാസമാഹാരത്തിന്റെ ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക