കേരളത്തിലെ കത്തോലിക്കാ സഭയില്‍ കൊടികുത്തിവാഴുന്ന പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും ആമേന്‍ എന്ന ആത്മകഥയിലൂടെ തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ പുസ്തകം പുറത്തിറങ്ങുന്നു. വീണ്ടും ആമേന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കൃതി വിവാദ രചനയായ ‘ആമേന്‍:ഒരു കന്യാസ്ത്രീയുടെ ആത്മകഥ’യുടെ തുടര്‍ച്ചയാണ്. സഭയ്ക്കുള്ളിലെയും പുറത്തെയുമുള്ള കന്യാസ്ത്രീ ജീവിതത്തെയും അഴിമതികളെയും മറ നീക്കി പുറത്തു കൊണ്ടുവരികയാണ് ‘വീണ്ടും ആമേന്‍’.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നീതിന്യായ സംവിധാനങ്ങളെ ചോദ്യചെയ്തു കൊണ്ട് സഭയിലെ ആണധികാരത്തെ ഊട്ടിയുറപ്പിക്കുമ്പോള്‍, സഭ അതിനെ പരസ്യമായി പിന്തുണയ്ക്കുമ്പോള്‍ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയുടെ ഈ തുടര്‍ച്ചയ്ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വീണ്ടും ആമേന്‍’ ഉടന്‍ പുറത്തിറങ്ങും.
ക്രൈസ്തവ സഭയുടെ അനവധി വെല്ലുവിളികളെ അതിജീവിച്ച രചനയാണ് ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. മൂന്നു പതിറ്റാണ്ടിലേറെ സി.എം.സി സഭാംഗമായിരുന്ന സിസ്റ്റര്‍ ജെസ്മി 51-ാമത്തെ വയസ്സില്‍ അധികാര സ്ഥാനങ്ങള്‍ക്കു നേരെ ഉയര്‍ത്തിയ കലാപക്കൊടി സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കത്തോലിക്കാ സന്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെയും അഴിമതികളെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള ഒരു കന്യാസ്ത്രീയുടെ നേരനുഭവങ്ങളായിരുന്നു ‘ആമേന്‍‘.