കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് മലയാളികള്‍ നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതീജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാര്‍ഗ്ഗങ്ങളെ കുറിച്ചും രേഖപ്പെടുത്തുന്ന ലേഖനങ്ങളാണ് പെരുമഴ പകര്‍ന്ന പാഠങ്ങള്‍ എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയിലെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ലേഖനങ്ങള്‍ ഡി.സി ബുക്‌സാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃതിയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
മുരളി തുമ്മാരുകുടിയുടെ ലേഖനസമാഹാരത്തില്‍ നിന്ന്
“വെള്ളപ്പൊക്കം വാസ്തവത്തില്‍ ഒരു പ്രകൃതി ദുരന്തമല്ല, മഴ ഒരു പ്രകൃതി പ്രതിഭാസമാണ്. മഴ വരുമ്പോള്‍ വെള്ളം പൊങ്ങുന്നതും സ്വാഭാവികം. വെള്ളം പൊങ്ങുന്ന വഴിയില്‍ നമ്മള്‍ വീടുവെയ്ക്കുകയും പാടം നികത്തി ഫാക്ടറി ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തുന്നതാണ്.
കേരളത്തില്‍ അണക്കെട്ടുകള്‍ ഉണ്ടാകുന്നതിനു മുമ്പ് എല്ലാ വര്‍ഷവും മലവെള്ളം എന്ന പേരില്‍ ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാറുണ്ട്. വെള്ളം മാത്രമല്ല, വലിയ തടിയും ചെളിയും പാമ്പും ഒക്കെ ഒഴുകിവരും. അത് നദീതടങ്ങളിലുള്ള പറമ്പില്‍ കയറും. ഇതാണ് നദിയുടെ സ്വാഭാവിക രീതി. ഇതുകൊണ്ടാണ് നദീതടത്തിലുള്ള ഭൂമി ഫലഭൂയിഷ്ഠമായിരിക്കുന്നത്. അതുകൊണ്ടാണ് പണ്ടുകാലത്ത് നദിയുടെ തൊട്ടുകരയില്‍ ആളുകള്‍ വീടുവെയ്ക്കാതിരുന്നത്.
അണക്കെട്ടുകള്‍ വന്നതോടെ കാര്യം മാറി. മലവെള്ളം വരാതായി, ആളുകള്‍ മലവെള്ളത്തെ മറന്നു. നദിക്കരയില്‍ വീടുവെയ്ക്കാന്‍ തുടങ്ങി എന്നു മാത്രമല്ല, അതൊരു ഫാഷനായി. ആലുവയ്ക്കും പെരുമ്പാവൂരിനും ഇടയ്ക്കുള്ള ഏറ്റവും വിലയുള്ള റിയല്‍ എസ്റ്റേറ്റ് ഇപ്പോള്‍ പെരിയാറിന്റെ തീരമാണ്.
നാട്ടുകാര്‍ മറന്നാലും പുഴ അതിന്റെ സ്വാഭാവിക അതിരുകള്‍ മറക്കില്ല എന്നും കൂടുതല്‍ മഴയുള്ള കാലത്ത് ഡാമുകള്‍ ഇരുതല വാളാണെന്നും ഞാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്.”
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മുരളി തുമ്മാരുകുടിയുടെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക