പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദ്ധനായ ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങളുടെ സമാഹാരമാണ് ജീവിതമെന്ന അത്ഭുതം. ജീവിതമെന്ന നീണ്ട യാത്രയില്‍ കണ്ടുമുട്ടിയ അനേകം മനുഷ്യരെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളാണ് ഈ കൃതിയില്‍ വായനക്കാര്‍ക്കായി പങ്കുവെക്കുന്നത്. നിസ്സംഗനായ ഒരു കാഴ്ചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ചു തീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങള്‍. പ്രശസ്ത കഥാകൃത്ത് കെ.എസ് അനിയനാണ് ഡോ.വി.പി ഗംഗാധരന്റെ തീവ്രാനുഭവങ്ങളെ അവിസ്മരണീയമായ ഭാഷയില്‍ വായനക്കാര്‍ക്കായി പകര്‍ന്നു നല്‍കിയത്. ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴിക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഭിക്ഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്‌നമാണ് ഈ പുസ്തകം. ഈ കൃതിയുടെ ഇരുപതാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പുസ്തകത്തിന് ഡോ. വി.പി. ഗംഗാധരന്‍ എഴുതിയ കുറിപ്പ് വായിക്കാം
“കാന്‍സര്‍ രോഗത്താല്‍ തളര്‍ന്നുപോകുന്ന കുറെ മനസ്സുകളെയെങ്കിലും സമാധാനത്തിന്റെ തീരങ്ങളിലെത്തിക്കാനുള്ള ഒരു കൊച്ചുസംരംഭമായിരുന്നു ‘ജീവിതമെന്ന അത്ഭുതം‘. അനിയന്റെ തൂലിക ഈ അനുഭവക്കുറിപ്പുകള്‍ക്ക് ആത്മാവും ജീവനും നല്‍കി. അനിയന്‍ എനിക്കൊരു സുഹൃത്ത് മാത്രമല്ല, സഹോദരന്‍ തന്നെ. ആ ആത്മബന്ധം കൊണ്ടാകാം എന്റെ മനസ്സിലേക്ക് കടന്നുകയറാന്‍ അനിയന് അനായാസം സാധിച്ചത്.
കാന്‍സര്‍രോഗിയായിരുന്ന ഒരു വായനക്കാരി എഴുതി: ‘സത്യം പറഞ്ഞാല്‍ ഞാന്‍ ജീവിതത്തെ വീണ്ടും സ്‌നേഹിച്ചു തുടങ്ങിയത് ഈ പുസ്തകം വായിച്ചതിന് ശേഷമാണ്. ജീവിതത്തിന്റെ പല മുഖങ്ങള്‍. എന്താണ് ജീവിതമെന്ന് ഞാന്‍ ഈ പുസ്തകത്തിലൂടെ മനസ്സിലാക്കുന്നു. നമ്മുടെയൊക്കെ ദുഃഖം ഒന്നുമല്ലെന്നും.’
മറ്റൊരു മനസ്സ് തുറന്നത് ഈ വാക്കുകളിലൂടെയാണ്:’ പൂജാമുറിയിലാണ് ഞാന്‍ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജ് എങ്കിലും വായിക്കാതെ ഞാന്‍ ഒരു ദിവസവും ഉറങ്ങാറില്ല. ഒരു ടീച്ചറായിരുന്ന മുത്തശ്ശിയുടെ പ്രതികരണം.
ഞങ്ങള്‍ കൃതാര്‍ത്ഥരാണ് ലക്ഷക്കണക്കിന് വായനക്കാര്‍ ഈ പുസ്തകം തുറന്ന മനസ്സോടെ സ്വീകരിച്ചു. ഇരുളിലാണ്ട കുറെ ജീവിതങ്ങളെ തൊട്ടറിയാനും അവരില്‍ പ്രകാശത്തിന്റെ ഒരു കൊച്ചു കൈത്തിരി കത്തിക്കാനും സാധിച്ചതില്‍ ഞങ്ങള്‍ ധന്യരാണ്.”
ഡോ. വി.പി. ഗംഗാധരന്‍