ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം മലയാളികളുടെ ആസ്വാദനമണ്ഡലത്തില്‍ ഇടം പിടിക്കുന്നത്. ഭൂതകാലത്തെ താലോലിക്കുവാനും അതിന്റെ നനുത്ത സ്പര്‍ശങ്ങളില്‍ കുളിരണിയാനും ആഗ്രഹിക്കാത്തവരില്ല. ചിലര്‍ക്കത് നഷ്ടമായൊരു കാലത്തിന്റെ വേദനയാണെങ്കില്‍ മറ്റു ചിലര്‍ക്ക് സുഖദമായൊരു വേദനയാകാം.
തന്റെ നിലപാടുതറ ഉറപ്പിച്ചുകൊണ്ട്, പ്രിയവും അപ്രിയവും നോക്കാതെ കൃത്യമായ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന എഴുത്തുകാരിയാണ് ദീപാനിശാന്ത്. പൗരബോധത്തിലും നൈതികതയിലും ഉറച്ചുനിന്നുകൊണ്ട് സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും തന്റെ ഓര്‍മ്മകളും ആശയങ്ങളും പങ്കുവെയ്ക്കുവാന്‍ ഈ എഴുത്തുകാരിക്കു കഴിയുന്നു.
പുസ്തകത്തിന്റെ തുടക്കത്തില്‍ എസ്. ശാരദക്കുട്ടി ഇങ്ങനെ കുറിക്കുന്നു
“ദീപയുടെ ചെറുകുറിപ്പുകളില്‍ ചിലപ്പോള്‍ ഞാന്‍ എന്നെത്തന്നെ കാണുന്നുണ്ട്. ഒരു കൗമാരമനസ്സിന്റെ തിടുക്കങ്ങളും വെപ്രാളങ്ങളുമാണ് അവയില്‍ ഏറ്റവും ആകര്‍ഷണീയമായി ഞാന്‍ കാണുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് യേശുദാസ് നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയായി ദീപ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പ്രതികരണം എനിക്ക് വളരെ ശ്രദ്ധേയമായി തോന്നിയിരുന്നു. അതിലെ നര്‍മവും സാമൂഹികവിമര്‍ശനവും ഒരുപാടു പേര്‍ കയ്യടിച്ചു സ്വീകരിച്ചുവെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. ഒരു പെണ്ണിനുമാത്രം വശമുള്ളതായിരുന്നു അതിലെ പ്രഹരശേഷിയുള്ള ആക്ഷേപം.
നിത്യജീവിതത്തില്‍ ഓരോ സംഭവത്തിനോടും പ്രതികരിക്കുന്നതിനിടയില്‍ സ്ത്രീ തെളിയിക്കാറുണ്ട്, ഭാഷകൊണ്ടുള്ള ഒരു കളിയാണ് തങ്ങളുടെ ജീവിതമെന്ന്. ഓരോ നാരിനും നൂറു നാവുകളുള്ള ഭാഷയിലൂടെ അവള്‍ ജീവിതത്തിലെ നൂറായിരം പ്രശ്‌നങ്ങളെ ചിലപ്പോള്‍ ചിരിച്ചുതള്ളുന്നു. മറ്റുചിലപ്പോള്‍ അടിച്ചൊതുക്കുന്നു. പിന്നെ ചിലപ്പോള്‍ വരുതിയിലാക്കുന്നു. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞു നല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ്. വായനാസുഖമുള്ള, സാമൂഹികബോധമുള്ള കുറിപ്പുകളാണ് ഇവ.”