വിദൂഷക കഥകള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ചവയാണല്ലോ. വിജയനഗരത്തിലെ തെനാലിരാമന്‍, സാമൂതിരി കോവിലകത്തെ കുഞ്ഞായിന്‍ മുസ്‌ല്യാര്‍, ഗോല്‍കോണ്ട കൊട്ടാരത്തിലെ അഹമ്മദ്, മദ്ധ്യകാലഘട്ടത്തിലെ തന്നെ ഷെയ്ഖ് ചില്ലി, മുല്ലാ ദോ പ്യാസ, പൂനെയിലെ നാനാ ഫെഡ്‌നാവിസ്, രാജാ കൃഷ്ണചന്ദറിന്റെ ഗോപാല്‍ ഭാണ്ട് തുടങ്ങിയ കഥാപാത്രങ്ങള്‍ ഏറെയാണ്. പക്ഷെ, അസാമാന്യ യുക്തിബോധത്താല്‍ നമ്മെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബീര്‍ബല്‍ ഒരു വിദൂഷകനായിരുന്നില്ല. അദ്ദേഹം അതിശക്തമായ മുഗള്‍ സാമ്രാജ്യത്തിലെ അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയും ദിവാനും വസീറുമായിരുന്നു. ഒരു സേനാനായകനായി രാജ്യത്തിനു വേണ്ടി പടക്കളത്തില്‍ പൊരുതിയാണ് അദ്ദേഹം രക്തസാക്ഷിയായത്. മിക്ക ബീര്‍ബല്‍ കഥകളും വില കുറഞ്ഞ തമാശകളല്ല, യുക്തിയുടെയും ന്യായത്തിന്റെയും നീതിയുടെയും കഥകളാണവ.
അക്ബര്‍-ബീര്‍ബല്‍ കഥകള്‍ വിശ്വപ്രസിദ്ധമാണ്. അഞ്ഞൂറിലധികം ബീര്‍ബല്‍ കഥകള്‍ പ്രചാരത്തിലുണ്ടെന്നാണു പറയപ്പെടുന്നത്. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദ്ദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മാത്രം നിലനിന്നിരുന്ന ഈ കഥകള്‍ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ബീര്‍ബല്‍ കഥകളുടെ ഏറ്റവും വലിയ പ്രത്യേകത അവ നല്കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ്. അതിനാല്‍ത്തന്നെ സന്മനസും സഹിഷ്ണുതയും സത്യവും വിരളമാകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ബീര്‍ബല്‍ കഥകള്‍ കുട്ടികളില്‍ സഹജീവി സ്‌നേഹത്തിന്റെ പുത്തന്‍ പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്.
ഇതുവരെ രേഖപ്പെടുത്തിയതും വാമൊഴിയായി പ്രചരിക്കുന്നതുമായ ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരമാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബീര്‍ബല്‍ കഥകളുടെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കണ്ടത്തില്‍ പാത്തുമ്മക്കുട്ടിയാണ് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.