Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

അനന്യസുന്ദരം ഈ കാവ്യാഖ്യായിക

$
0
0

കവി എന്‍.പ്രഭാവര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയാണ് കനല്‍ച്ചിലമ്പ്. കാളിദാസന്റെ പ്രശസ്തമായ ഒരു സമസ്യയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് കവിയുടെ ഈ രചനയ്ക്കു പിന്നില്‍. ഇതേക്കുറിച്ച് കവി ആമുഖത്തില്‍ കുറിക്കുന്നത് ഇപ്രകാരമാണ്: ‘പാല്‍ക്കുടം ഉടഞ്ഞപ്പോള്‍ പാല്‍ക്കാരി ചിരിച്ചതെന്തുകൊണ്ട് എന്നു ചോദിക്കുന്ന ഒരു സമസ്യ കാളിദാസന്റെ കാലത്ത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഉള്ളതാവാം;ഇല്ലാത്തതാവാം.കാളിദാസന്റേതാവാം; കാളിദാസന്റേതല്ലാത്തതാവാം. കാളിദാസന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സമസ്യകളെയുമെല്ലാം ദുരൂഹതയുടേതായ ഏതൊക്കെയോ പുകമഞ്ഞ് മൂടിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ആകെയുള്ളത് തലമുറകള്‍ കൈമാറി എന്നിലേക്കെത്തിയ ഈയൊരു ചോദ്യം മാത്രമാണ്:’പാല്‍ക്കുടം ഉടഞ്ഞപ്പോള്‍ പാല്‍ക്കാരി ചിരിച്ചതെന്തുകൊണ്ട്? ഈ സമസ്യ മുന്‍നിര്‍ത്തിയുള്ള ഒരു കാവ്യസഞ്ചാരമാണ് കനല്‍ച്ചിലമ്പ്.’ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കാവ്യാഖ്യായിക ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ഡോ.എം.ലീലാവതി കനല്‍ച്ചിലമ്പിന് എഴുതിയ അവതാരികയില്‍നിന്ന്

അസ്തിത്വത്തിലെ പ്രഹേളികാത്വം

അനുക്ഷണവികസ്വരമായ പ്രപഞ്ചംപോലെ സന്തതസ്വയംപരിഷ്‌കാര വൈഭവത്തോടുകൂടിയ മനനേന്ദ്രിയം നല്‍കി നിയതി അനുഗ്രഹിച്ചത് മനഷ്യജനുസ്സിനെ മാത്രമാണ്. ആ അനുഗ്രഹംതന്നെ ഉത്തരം കിട്ടാത്ത പ്രഹേളികകളുടെ അനന്തമായ നീഹാരികാപടലമായി മാനവാസ്തിത്വത്തെ അറിയാന്‍ നിര്‍ബന്ധിക്കുന്ന അഭിശപ്തതയായി ഭവിക്കയും ചെയ്തു. കാരണമില്ലാതെ കാര്യമുണ്ടാവില്ലെന്നും ഒരു കാരണത്തില്‍നിന്ന് അനേകം കാര്യങ്ങളും അനേകം കാരണങ്ങളില്‍നിന്ന് ഒരൊറ്റ കാര്യവും ഉണ്ടാവാമെന്നും മനനപ്രക്രിയയിലൂടെ കണ്ടെത്തുന്നതിനോടൊപ്പം കാരണങ്ങളെന്തെന്ന് അറിയാനേ ആവാത്തവിധം കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നും കൂടി കണ്ടെത്തേണ്ടിവരുന്ന അഭിശപ്തതയ്ക്കു മുന്നില്‍ മനനേന്ദ്രിയശക്തിയായ പ്രജ്ഞ അസ്തപ്രഭമാവുന്നു.  കാരണകാര്യ ബന്ധത്തിലടിയുറച്ച യുക്തിവിചാരത്തില്‍നിന്ന് ‘കര്‍മഫല’ തത്ത്വം പിറന്നു. ഒരുതരം ദുഷ്‌കര്‍മ്മവും ചെയ്തിട്ടില്ലാത്തവര്‍ക്കും അതിനുള്ള കാലംപോലും കിട്ടിയിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പലപ്പോഴും അനുഭവിക്കേണ്ടിവരുന്ന യാതനകളുടെയും ദുരന്തങ്ങളുടെയും കാരണം തേടുന്ന യുക്തിവിചാരത്തിന് പഞ്ചേന്ദ്രിയഗോചരമോ യുക്തിനിഷ്ഠമോ ആയ തെളിവുകളില്ലാത്ത പൂര്‍വജന്മസങ്കല്പത്തില്‍ എത്തിനില്‍ക്കേണ്ടിവന്നു. അങ്ങനെ മര്‍ത്യാസ്തിത്വത്തില്‍ ഉത്തരം കിട്ടാത്ത പ്രഹേളികകള്‍ അനന്തമാണെന്ന വസ്തുതയുടെ മുന്നില്‍ പകച്ചു തളര്‍ന്നുനില്‍ക്കുന്ന അവസ്ഥയും മനുഷ്യജനുസ്സിന്റെ ‘തലവര’യായി; പ്രഹേളികകള്‍ക്ക് ഒരു കര്‍ത്താവിനെ സങ്കല്പിക്കാതെ തരമില്ലെന്നു വന്നപ്പോള്‍ ചിലര്‍ ഈശ്വരനെന്നോ മറ്റു ചിലര്‍ ‘കര്‍ത്താവെ’ന്നുതന്നെയോ ആ ശക്തിക്കു പേരും നല്‍കി.

പ്രഹേളികകളുടെ ഹേതുക്കളും ഉത്തരങ്ങളും ആ ശക്തിക്കു മാത്രം വഴങ്ങുന്നവയെന്ന് അടിയറവു പറഞ്ഞു. വിത്തനാഥന്റെ പൊന്നുകിടാവിനു പാലും ദരിദ്രന്റെ കരുമാടിക്കിടാത്തന് ഉമിനീരും വിധിച്ച ശക്തി ഈശ്വരനല്ല; ആണെങ്കില്‍ അതിനെ ചവിട്ടണം എന്ന് ചിലര്‍ നിരീശ്വരത്വത്തിലേക്കു നീങ്ങുന്നു. ഈശ്വരഭജനത്തില്‍ നിരുപാധികം വിശ്വസിച്ചുപോന്ന ഒരു വെറും വീട്ടമ്മയെക്കൊണ്ട്, നിഷ്‌കളങ്കനായ ഒരു പിഞ്ചുകുഞ്ഞ്
നേരിടേണ്ടിവന്ന പീഡനം കണ്ടു ഹൃദയം നുറുങ്ങിയ വേളയില്‍ ഒരു കഥാകൃത്ത് പറയിച്ചു: ”ദൈവാത്രെ. ഇങ്ങനെണ്ടോ ഒരു ദൈവം!” (ബൃഹദാരണ്യകം–സി. രാധാകൃഷ്ണന്‍).

ഇപ്രകാരം ”അന്തംവിട്ടു നിന്നുപോവുന്ന” സന്ദര്‍ഭങ്ങളെ മുക്തകങ്ങള്‍ എന്ന അടക്കുപെട്ടികളിലൊതുക്കി അന്വേഷണത്വരയില്‍നിന്നു മുക്തിനേടുക ഭാരതത്തില്‍ പഴയ കാലത്ത് കവികള്‍ പയറ്റിയ ഒരു ‘വിദ്യ’യായിരുന്നു. താമരപ്പൂമൊട്ടിനകത്തു പെട്ടുപോയ ഒരു വണ്ട് ‘രാവൊടുങ്ങും; സൂര്യനുദിക്കും; പൂവിടരും; ഞാന്‍ പറന്നു രക്ഷപ്പെടും’ എന്നു സ്വപ്‌നംകണ്ടുകൊണ്ടിരിക്കെ ആനത്തുമ്പി നീണ്ടുവന്നു താമരച്ചെടിയെത്തന്നെ പിഴുതു ഞെരിച്ചതെന്തുകൊണ്ട്? വണ്ടിന്റെ കര്‍മഫലമോ, ദൈവഹിതമോ? ആരു കണ്ടു!! ‘അംധേര്‍നഗരീ ചൗപട്ട്‌രാജാ’ എന്ന ഒരു പ്രഹസനം ഭാരതേന്ദു ഹരിശ്ചന്ദ്ര രചിച്ചിട്ടുണ്ട്. അതിനു പിന്നില്‍ ഒരു പ്രഹേളികാമുക്തകമുണ്ടായിരിക്കാനിടയുണ്ട്. എന്തെന്നാല്‍ സംസ്‌കൃതത്തില്‍നിന്നു വിവര്‍ത്തനം ചെയ്തുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നതും കേരളത്തില്‍ പ്രചരിച്ചിരുന്നതുമായ ഒരു മുക്തകത്തില്‍ സമാനമായ കഥയുണ്ട്.

ആനന്ദ് രചിച്ച ‘ഗോവര്‍ധന്റെ യാത്ര’യെന്ന കഥയിലെ മുഖ്യകഥാപാത്രം എഴുന്നേറ്റു വന്നത് ഹരിശ്ചന്ദ്രയുടെ ആ പ്രഹസനത്തില്‍നിന്നാണെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത നോവലിലെ സംഭവങ്ങളില്‍ പ്രഹേളികാപരമ്പര കാണാം; അകാരണമായി, അയുക്തികമായി, അസഹ്യ ദുരിതമനുഭവിക്കുന്ന നീണ്ട നിരയായി കഥാപാത്രങ്ങളെയും. മനനസിദ്ധി അഥവാ മേധാവിത്വം എന്ന അനുഗ്രഹത്തെ ശാപമാക്കി മാറ്റുന്ന മാനുഷമാനസ ഭാവമാണ് ആധിപത്യവാഞ്ഛ. അകാരണമല്ല മേധാവിത്വമെന്ന പദത്തിന് ആധിപത്യമെന്ന അര്‍ത്ഥവിപരിണാമം സംഭവിച്ചത്. അധിപതികളായി വാണ ചിലര്‍ ബഹുഭൂരിപക്ഷമായ അടിയാളരെ നരകയാതനകളിലേക്കു നയിച്ചതിന്റെ നിദര്‍ശനങ്ങള്‍ മാനവ ചരിത്രത്തില്‍ നിറഞ്ഞുവഴിഞ്ഞ് അളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നു. കല്പിതമല്ലാത്ത സംഭവങ്ങള്‍തന്നെ തീര്‍ത്തും അവിശ്വസനീയമായിത്തീരുമ്പോള്‍ അവ മിഥ്യയായി, ‘മിത്തായി, ഐതിഹ്യമായി, കെട്ടുകഥയായി പലപ്പോഴും അറിയപ്പെടുന്നു. യാതനകളാല്‍ പടിഞ്ഞുപോയവര്‍ മിത്തുകളില്‍ തെയ്യങ്ങള്‍ (ദൈവങ്ങള്‍) ആയി, അമരരായി, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. മിത്തുകളെ ആസ്പദമാക്കി രചിക്കുന്ന കവിതകളില്‍ അധിപതിമാരുടെ കൊടുംക്രൂരകര്‍മങ്ങള്‍, അടിയാളരുടെ സഹനങ്ങള്‍, അനിവാര്യസന്ദര്‍ഭങ്ങളില്‍ അവരില്‍നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങള്‍, നരകത്തീയില്‍ വെന്തുനീറായവര്‍ക്കുണ്ടാകുന്ന ദൈവത്വപ്രാപ്തി (മുീവേലീശെ)െ എന്നിങ്ങനെയുള്ള പ്രതിഭാസങ്ങള്‍ പ്രത്യക്ഷമായോ
പ്രച്ഛന്നമായോ ഉരുവപ്പെടുന്നു.

‘കെട്ടുകഥകള്‍’ എന്നറിയപ്പെടുന്നവയില്‍ പലതും മിഥ്യകളോ കെട്ടിയുണ്ടാക്കിയ കഥകളോ അല്ല; കെടുകഥകളുമല്ല; അവയുടെ അന്തസ്തലങ്ങള്‍ മര്‍ത്യാസ്തിത്വത്തെ നരകമാക്കിത്തീര്‍ക്കുന്ന കെടുശക്തികള്‍ക്കെതിരെയുള്ള വാങ്മയ സമരമോ, ബഹുഭൂരിപക്ഷത്തിന്റെ ഹിതവും ശിവവും സാക്ഷാല്‍ക്കരിക്കാന്‍ ‘സഹയജ്ഞരായി’ പിറക്കുന്നവരില്‍ ചിലര്‍ നടത്തുന്ന ആത്മബലികര്‍മമോ ആണെന്ന് സൂക്ഷ്മതല ദര്‍ശനസിദ്ധിയുള്ളവര്‍ ഗ്രഹിക്കുന്നു. അതില്ലാത്തവരില്‍നിന്ന് ഈ ചോദ്യമുയര്‍ന്നേക്കും: ”എന്തിനീ പഴം
കഥകള്‍ പാടുന്നു?” ‘ചന്ദനക്കട്ടില്‍’ (ജി), ‘ഒരു പഴയ പാട്ട്’, ‘തീവണ്ടിയിലെ പാട്ട്’ (എന്‍ വി), ‘പഴയൊരു പാട്ട്’ (ഒ എന്‍ വി), ‘കാവിലെ പാട്ട്’, ‘പൂതപ്പാട്ട്’ (ഇടശ്ശേരി), ‘അഗ്‌നിപരീക്ഷ’ (കടവനാടു കുട്ടിക്കൃഷ്ണന്‍) മുതലായി മലയാളത്തില്‍ പൂത്ത പുണ്യങ്ങളെപ്പറ്റി, ശത്രുവേഷം കെട്ടുന്ന സന്ദര്‍ഭങ്ങളില്‍പോലും വിമര്‍ശകര്‍ അങ്ങനെ ചോദിക്കയുണ്ടായില്ല എന്നാണ് തോന്നുന്നത്. എന്നാല്‍, ‘ഒരു മഴുവിന്റെ കഥ’യെപ്പറ്റിയും മറ്റും ആ ചോദ്യം ഉയരാതിരുന്നിട്ടില്ല. പഴംകഥകള്‍ക്ക് ഭവത്കാലത്തിലേക്ക് ”ഊര്‍ധ്വമൂലം അധഃശാഖം” എന്ന ശൈലിയിലുള്ള പടര്‍ച്ചയെപ്പറ്റി ചിന്തിക്കാന്‍ വേണ്ടുന്ന ക്ഷമയോ, അതിനെപ്പറ്റി സദ്യഃജ്ഞാനം നല്‍കുന്ന ഉള്‍ക്കണ്ണോ ഇല്ലാത്തവരില്‍നിന്നാണ് ഈദൃശ വിപ്രതിപത്തികള്‍ പത്തിപൊക്കുക. സന്ദര്‍ഭോചിതമായ ബിംബകല്പനകളിലെ വിഭാവനവൈചിത്രൃം ഈ കൃതിയെ ഭാവാര്‍ത്ഥധ്വനിസമ്പന്നമാക്കിയിരിക്കുന്നു.

ഒരു കൃതി അതു പിറന്ന ഭാഷയെ ധന്യമാക്കാന്‍ അത്ര മാത്രമായാലും മതിയാവും. ഈ സുകൃതിയാവട്ടെ, പരിഹാരം കണ്ടെത്താനാവാത്ത സമസ്യകളുടെ സമൃദ്ധിയാലും പരിഹാരം മര്‍ത്യസാധ്യമാണെന്നിരുന്നിട്ടും അതിനു വഴികള്‍ കണ്ടെത്താന്‍ വേണ്ടുന്ന സന്നദ്ധതയുടെ അഭാവത്താലും സംഭവിക്കുന്ന ദുരന്തങ്ങളുടെ വിമലീകരണശക്തിയിലൂടെ കാലാതീതവും കാലോചിതവുമായ സാംസ്‌കാരികമൂല്യത്തെ അന്തര്‍നിഹിതമായിണക്കിച്ചേര്‍ക്കയാല്‍ ധന്യതരമായിരിക്കുന്നു. ആസുരകശ്മലതയെ കരവാളുവീശി സംഹരിച്ച കരാളകാളി, തട്ടകത്തിന്റെ സമഗ്രക്ഷേമത്തിനുവേണ്ടി അവളുടെ രക്തതൃഷ്ണയാറ്റാന്‍ അരുമമകന്‍ സ്വന്തം കണ്ഠത്തിലേക്ക് വാളുവീശുമ്പോള്‍ അവന്റെ കൈത്തണ്ട വിറച്ചില്ലല്ലോ എന്ന അമ്മച്ചോദ്യത്തിനു മുന്നില്‍ വിളറിപ്പോവുകയും സുരഭിലപ്പൂവല്ലിപോലെമാറിപ്പോയ അവള്‍ സമൂഹരക്ഷികയായി, കാവുകളില്‍ ഭഗവതിയായി, കുടികൊള്ളുകയും ചെയ്ത കഥ പറയുന്ന ‘കാവിലെ പാട്ട്.’ അവള്‍ സംരക്ഷണവ്യഗ്രതയില്‍ സ്വന്തം ശിരസ്സിലേക്ക് കരവാളുവീശിക്കൊണ്ടിരിക്കുമെന്നാണ് വെളിച്ചപ്പാടന്മാരുടെ വെളിപാടുകളിലൂടെ അവള്‍ നല്‍കുന്ന സന്ദേശം. പതിസ്‌നേഹത്തിന്റെയും അപത്യവാത്സല്യത്തിന്റെയും പാല്‍ക്കുടം ശിരസ്സിലും മാറിലും പേറുന്നവള്‍; ആസുരന്നവള്‍-ഈ രണ്ടു സത്തകളുടെ സംയുക്തമാണ് സ്ത്രീ. അവളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ യുഗമാണ് പുലരാന്‍ പോകുന്നത്. ആ നവയുഗത്തിന് പുഷ്പാഞ്ജലിയോടു കൂടിയ വരവേല്‍പ്പായി ഈ സുകൃതി സുരഭിലമാകുന്നു; പ്രഭാപൂരിതമാകുന്നു.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>