Image may be NSFW.
Clik here to view.
കല തന്നെ ജീവിതമെന്നു വിശ്വസിക്കുന്ന ഒരാളുടെ നീണ്ട ജീവിതയാത്രകള്‍ക്കിടയില്‍ മനസ്സിലേറ്റ മുറിവുകള്‍ രേഖപ്പെടുത്തുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. കണ്ണീര്‍ച്ചാലുകള്‍ മാത്രമല്ല, ഈ മുറിവുകള്‍ വായനക്കാര്‍ക്ക് നല്‍കുന്നത്. രോഷത്തിന്റെ പോറലുകളെ ഒതുക്കിയ നിമിഷങ്ങളും ഈ ഓര്‍മ്മക്കുറിപ്പുകളിലുണ്ട്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മുറിവുകളുടെ ആറാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
ഒരു ജീവിപോലും മുന്നിലില്ലാതെ കൃഷ്ണനാട്ടം സ്വയംവരം കഥ ആടിത്തീര്‍ത്ത കലാകാരന്‍, സമ്മാനം വാങ്ങുന്ന കുട്ടികളെല്ലാം കാശു കൊടുത്ത് ഫോട്ടോ എടുക്കുന്നതിനിടയില്‍ കാശില്ലാതെ പടമെടുക്കാന്‍ പറ്റാതെ നടന്നകലുന്ന കുട്ടി, മുന്നുനേരം ഭക്ഷണം കഴിക്കാനാവുക എന്നതിനപ്പുറം ഒരു സ്വപ്‌നവുമില്ലാത്ത, മലയാളത്തിലെ ആദ്യസിനിമയിലെ ഒരു നടി, കുന്നിക്കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ച മകന്റെ ദുഃഖം തീര്‍ക്കാന്‍ പിറന്ന മകള്‍ വളര്‍ന്നപ്പോള്‍, കാശില്ലാതെ അവളുടെ വിവാഹം നടത്താന്‍ കഴിയാതെ, ആ മകളും കുന്നിക്കുരു വായിലിട്ടിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോകുന്ന അമ്മ, ചെറിയ ക്ലാസില്‍ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പിരിഞ്ഞ് ഏറെ കഴിഞ്ഞ് തന്റെ വിദ്യാര്‍ത്ഥിയെ സമീപിച്ച് മകന് ഒരു ജോലി കിട്ടാന്‍ സഹായിക്കണം സാര്‍ എന്നു പറയേണ്ടി വരുന്ന ദുര്‍വിധി, ഇങ്ങനെ ജീവിതയാത്രയില്‍ നേരിടേണ്ടി വന്ന ചില അനുഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം മുറിവുകളില്‍ ഓര്‍ത്തെടുക്കുന്നത്.
Image may be NSFW.
Clik here to view.വിപുലവും സങ്കീര്‍ണ്ണവുമായ സ്വന്തം അനുഭവങ്ങളില്‍നിന്ന് ചില മുന്തിയ മാത്രകള്‍ മുത്തുപോലെയെടുത്ത് കൈക്കുടന്നയില്‍ വച്ചുകാട്ടുകയാണ് ഗ്രന്ഥകാരന്‍. അപൂര്‍വ്വമായൊരു കൗതുകവും സന്തോഷവും നമുക്ക് പകര്‍ന്നു തരുന്ന ഈ കുറിപ്പുകള്‍ ഒരുകുറി വായിച്ച് അലസമായി മാറ്റിവയ്‌ക്കേണ്ടവയല്ല. അവയില്‍ ചിലതെങ്കിലും പട്ടില്‍ പൊതിഞ്ഞ് ഓര്‍മ്മയില്‍ സൂക്ഷിച്ചുവയ്ക്കാന്‍ പോന്നവയാണ്. ഇടയ്ക്കിടെ അവയിലൊന്നെടുത്ത് പതുക്കെയൊന്നു തുടച്ച് കൈവെള്ളയില്‍ വച്ച് അതില്‍ നോക്കിയിരുന്നാല്‍ മഹാഭാരതത്തിലെ സഞ്ജയന്റെ ‘കരതലാമലക’ത്തിലെന്നപോലെ, ജീവിതകുരുക്ഷേത്രത്തിലെ പല സത്യങ്ങളും വെളിപ്പെടുത്തുന്നു.
ഈ കൃതിക്ക് ആമുഖമായി സൂര്യ കൃഷ്ണമൂര്‍ത്തി എഴുതുന്നു…
“കഥക്കുപിന്നിലെ കഥകള്‍ എന്നാണ് ഈ കഥകള്‍ക്ക് ആദ്യം നാമകരണം ചെയ്തത്. പിന്നെയാണ് ഓര്‍ത്തത് എന്റെ ഒരു കഥ പോലും അച്ചടിമഷി പുരണ്ടിട്ടില്ലല്ലോ. എല്ലാ കഥകളും ഞാന്‍ ശബ്ദത്തിലും വെളിച്ചത്തിലും കൂടി വേദിയില്‍ അവതരിപ്പിക്കുക മാത്രമാണല്ലോ ചെയ്തിട്ടുള്ളത്.
‘ഒരു ആത്മകഥ’ എന്നു പിന്നീട് നാമകരണം ചെയ്തു. ആത്മകഥ എഴുതുവാനുള്ള വലിപ്പം എനിക്കില്ല എന്ന് എന്റെ മനസ്സു പറഞ്ഞപ്പോള്‍ അവിടെയും ഞാന്‍ തിരുത്തി.
ആത്മനൊമ്പരത്തിന്റെ ഈ കഥകളില്‍ എന്റെ കണ്ണുനീരിന്റെ ഉപ്പും നനവും പുരണ്ടിട്ടുണ്ട്. അതുകൊണ്ട്, ഈ കഥകള്‍ക്ക് ‘മുറിവുകള്‍‘ എന്നു നാമകരണം ചെയ്തു.
ഈ കഥകളിലെ ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തതുമായ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ എന്റെ ‘മുറിവുകള്‍‘ സമര്‍പ്പിക്കുന്നു.”