മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. പലകാലങ്ങളിലായി അന്‍വര്‍ അലി എഴുതിയ കവിതകളാണ് മഴക്കാലം എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. നവ്യമായ ഒരു കാവ്യബോധത്തിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുന്ന കവിതകളാണ് മഴക്കാലത്തില്‍. സൂക്ഷ്മരൂപത്തില്‍ ആധുനികതയില്‍നിന്നു മുന്നോട്ടുപോകുന്ന മലയാളകവിതയുടെ പുതിയ ആഴം ഈ രചനകളില്‍ തെളിയുന്നു.
മഴക്കാലം, അനാദിശില്പങ്ങള്‍, ഏകാന്തതയുടെ അമ്പതു വര്‍ഷങ്ങള്‍, മറവിയിലെ സഞ്ചാരികള്‍, അശ്വത്ഥാമാവ്, മുസ്തഫാ, വഴിയമ്പലം, നിളയുടെ നിഴല്‍പ്പാടില്‍, ഫോസിലുകള്‍, ആര്യാവര്‍ത്തത്തിലെ യക്ഷന്‍ തുടങ്ങി അന്‍വര്‍ അലി എഴുതിയ 27 കവിതകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മഴക്കാലത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അന്‍വര്‍ അലി മഴക്കാലത്തിന് എഴുതിയ ആമുഖത്തില്‍നിന്നും
“പതിറ്റാണ്ടുകള്‍ക്കുശേഷം ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ മറവിയുടെ അടിയടരിലെവിടെയോ ഉള്ള മറ്റൊരാള്‍ മൊഴിപ്പെടുത്തിയവ പോലെ; ഏതോ തിരിവില്‍ വെച്ച്, ഓര്‍മ്മയുടെ മിന്നായത്തില്‍ പാതവിളക്കുകളെല്ലാം ഒന്നിച്ച് തെളിയുന്നതുപോലെ.
പത്തൊമ്പതു കൊല്ലത്തിനു ശേഷമാണ് മഴക്കാലത്തിന്റെ ഈ രണ്ടാം പതിപ്പ്. മുമ്പേ ആകാമായിരുന്നു. പറ്റിയില്ല. 1983-98 കാലയളവിലെ കവിതാപരിശ്രമങ്ങളില്‍ മുക്കാല്‍ പങ്കും ഉപേക്ഷിച്ചതിനു ശേഷം ബാക്കിയായവയാണ് 1999-ല്‍ സമാഹരിച്ചത്. ഇപ്പോഴും ചില ഒഴിവാക്കലുകള്‍ നടത്തിയിട്ടുണ്ട്. ഒരു കവിതാഖണ്ഡവും ചില വരികളും വേണ്ടെന്നുവച്ചു. അപൂര്‍വ്വം ചില തിരുത്തലുകളും വരുത്തി. ആദ്യ പതിപ്പ് പുറത്തിറങ്ങിയ കാലത്തേ മനസ്സിലുണ്ടായിരുന്നവയാണ് മിക്ക തിരുത്തുകളും.
ഒരു കൂട്ടിച്ചേര്‍ക്കലുമുണ്ട്. ‘ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍’ എന്ന കവിതയെപ്പറ്റി ആര്‍.നരേന്ദ്രപ്രസാദ് എഴുതിയ ആസ്വാദനം. ആധുനികതാ പ്രസ്ഥാനകാലത്തെ മികച്ച കാവ്യനിരൂപകനും ഞങ്ങളുടെ പ്രിയ അദ്ധ്യാപകനുമെന്നതിലുപതി എഴുത്തുജീവിതത്തിലേക്കുള്ള എന്റെ കൗമാരനടപ്പിലെ ഇടര്‍ച്ചകള്‍ നിശിതമായി തിരുത്തിക്കൊണ്ടിരുന്ന ഭാവുകത്വശക്തി കൂടിയായിരുന്നു പ്രസാദ് സാര്‍. പിന്നീട് സിനിമാവിനോദത്തില്‍ ആസകലം മുഴുകിയ നാളുകളിലും അദ്ദേഹം കവിതകള്‍ ജാഗ്രതയോടെ വായിക്കുകയും കാവ്യനിരൂപണത്തിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇനി എഴുത്തൊന്നും നടക്കില്ലെന്ന ഞങ്ങളുടെ പൊതുവായ തോന്നലിനെ അട്ടിമറിച്ചുകൊണ്ട്, മരണത്തിന് ഏതാനും ദിവസം മുമ്പ് സാര്‍ മൂന്നു ലേഖനങ്ങള്‍ എഴുതി. അതിലൊന്ന് ‘ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷ’നെപ്പറ്റി. എഴുതാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തെക്കുറിച്ചും ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്ത ആ ലേഖനത്തെക്കുറിച്ചും അദ്ദേഹം തന്റെ അവസാനകാല ഡയറിയില്‍ കുറിച്ചിരുന്നു.
മഴക്കാലത്തിലെ കവിതകളെ സാധ്യമാക്കിയ അനുഭവലോകത്തിനും ഭാഷയിലും നരേന്ദ്രപ്രസാദ് സാറിന്റെ ഉപ്പും ചോരയുമുണ്ട്. ഉത്തരവാദിത്വവുമുണ്ട്. സാര്‍ പോയി. ആ ലോകവും ഭാഷയും പല തവണ പടമുരിഞ്ഞു.
മരുതുംകുഴിയിലെ ഗീതച്ചേച്ചിയുടെ വീട്ടുവരാന്തയിലിരുന്ന് ‘മുസ്തഫാ’യുടെ കയ്യെഴുത്തുപ്രതി വായിച്ചശേഷം പതിവു നാടകീയതയൊന്നുമില്ലാതെ ശബ്ദം താഴ്ത്തി സാറു പറഞ്ഞു: മുസ്‌ലിം ഐഡന്റിറ്റിയുള്ളവര്‍ക്ക് ഇന്ത്യയില്‍ സ്വസ്ഥമായി ജീവിക്കാന്‍ അധികകാലം സാധ്യമല്ലെടാ.’
ആര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത കാലമായി സാര്‍, നിഴലുപോലെ അങ്ങയുടെ പിന്നാലെ നടന്നിരുന്ന ആ കവിപ്പയ്യനും ഇന്നില്ല. അവന്റെ പഴയ മഴക്കാലമൊഴിയുടെ മിച്ചമാണിത്. ആത്മാവായി ഇവിടെയെവിടെയെങ്കിലും ഉണ്ടെങ്കില്‍ പിണ്ഡമായി എടുത്തുകൊള്ളുക.”