സുഗന്ധവ്യഞ്ജനങ്ങളുടെയും വനവിഭവങ്ങളുടെയും കേളീരംഗമായിരുന്ന കേരളത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തിലെ ഇതരസ്ഥലങ്ങളുമായും വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. ഇവിടെ സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, പ്രത്യേകിച്ച് ‘കുരുമുളക് ‘സ്വന്തമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കുരുമുളകിന്റെ എരിവും വീര്യവും സ്വാദും
അവര്‍ക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ഏതെല്ലാം രാജ്യക്കാര്‍ഏതെല്ലാം കാലഘട്ടങ്ങളിലാണ് നമ്മുടെ രാജ്യവുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും നാവികകലയിലും കപ്പല്‍നിര്‍മ്മാണത്തിലും സമര്‍ത്ഥരായ കേരളീയര്‍ നടത്തിയിരുന്ന വ്യാപാരയാത്രകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ എന്ന കൃതിയിലൂടെ.
പുറംനാടുകളുമായുള്ള കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ ഏതുകാലം മുതല്‍ക്കാണ് തുടങ്ങിയതെന്ന് വ്യക്തമായി പറയുവാന്‍ കഴിയുകയില്ലെങ്കിലും ഏറ്റവും പ്രാചീന നഗരജനയിതാക്കളായ മോഹന്‍ജോദാരോ ഹരപ്പാ നിവാസികളുമായി മെസപ്പൊട്ടാമിയക്കാരുമായും കേരളീയര്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന് ചില തെളിവുകളുണ്ട്. കേരളത്തില്‍നിന്ന് സിന്ധിന്റെ തീരത്തുകൂടി മദ്ധ്യപൗരസ്ത്യദേശങ്ങളിലേക്ക് കരയിലൂടെ വാണിജ്യപാത ഉണ്ടായിരുന്നുവെന്നും ഈ മാര്‍ഗ്ഗത്തിലൂടെ കേരളത്തിലെ ഉല്പന്നങ്ങള്‍ അയച്ചിരുന്നുവെന്നും ജെ. ഡബ്ല്യൂ.പാരി എന്ന ഗവേഷകന്‍ കണ്ടെത്തിയിട്ടുണ്ട്.
അതിപ്രാചീനകാലത്ത് വിദേശീയരെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്, കേരളത്തിന്റെ തനത് സ്വത്തായിരുന്ന കുരുമുളകായിരുന്നുവെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്. അത് ശരിയല്ല. ഏറ്റവും ആദ്യം കയറ്റിക്കൊണ്ടു പോയിരുന്ന ചരക്കുകളുടെ കൂട്ടത്തില്‍ കുരുമുളകിന്റെ പേര് കാണുന്നില്ല. കുരുമുളകിന്റെ എരിവും വീര്യവും വിദേശീയരെ മത്തുപിടിപ്പിച്ചത് പില്ക്കാലത്താണ്. അസ്സീറിയക്കാര്‍, ബാബിലോണിയക്കാര്‍, ഫിനീഷ്യക്കാര്‍ എന്നിവരാണ് കേരളവുമായി ആദ്യം ബന്ധം പുലര്‍ത്തിയിരുന്ന മറ്റു വിദേശിയര്‍.
കേരളത്തിന്റെ സമ്പത്തായ കറുവാപ്പട്ട, ഏലം എന്നിവയെക്കുറിച്ച് ബൈബിളില്‍ പല സ്ഥലത്തും പരാമര്‍ശിച്ചിട്ടുണ്ട്. ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ 35-ാം അദ്ധ്യായത്തില്‍ മോസസ് മതകര്‍മ്മങ്ങള്‍ക്കായി കറുവാപ്പട്ട തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവരുവാന്‍ ഇസ്രായേല്‍ ജനതയോട് ആഹ്വാനം ചെയ്തതായും മതകര്‍മ്മങ്ങളില്‍ ഇവ ധാരാളം ഉപയോഗിച്ചതായും കാണാം. സുന്ദരിമാരുടെ ശരീരം സുഗന്ധപൂരിതമാക്കുവാനുള്ള തൈലങ്ങളും ധൂമക്കൂട്ടുകളും ഉണ്ടാക്കുവാന്‍ മാത്രമല്ല, ശവശരീരം കേടുകൂടാതെ സൂക്ഷിക്കുവാനും നമ്മുടെ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചിരുന്നു.
പ്രാചീനകാലത്ത് ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെ ചരക്കുകളും കേരളത്തിലെ തുറമുഖങ്ങളില്‍നിന്ന് കയറ്റി അയച്ചിരുന്നുവെന്ന് പെരിപ്ലസിന്റെ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ത്തേജ് പട്ടണത്തിന്റെ ഗോപുരവാതിലുകള്‍ കേരളത്തില്‍നിന്ന് കൊണ്ടുപോയിരുന്ന ചന്ദനമരങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. ഇത്തരത്തില്‍ വാണിജ്യബന്ധങ്ങള്‍ പഠിക്കുന്നതൊടൊപ്പംതന്നെ വിദേശീയരുടെ സാന്നിദ്ധ്യം മൂലം നമ്മുടെ സാമൂഹിക രംഗത്ത് വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പരിശോധിക്കുകയാണ് പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ എന്ന കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാരന് ലഭ്യമാണ്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വേലായുധന്‍ പണിക്കശ്ശേരിയുടെ കൃതികള്‍ വായിയ്ക്കുവാന്‍ സന്ദര്‍ശിക്കുക