പ്രപഞ്ചംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യത്തെപ്പറ്റി ഏറെക്കുറെ വെളിപ്പെടുത്തിത്തന്നത്, ആപേക്ഷികതാസിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റീനാണ്. കേവലം ഒരു ബലമായിമാത്രം അതിനെ കണ്ട ന്യൂട്ടനെയും അദ്ദേഹം തിരുത്തി. പ്രപഞ്ചമാകുന്ന ചിത്രകമ്പളം ഗ്രാവിറ്റിയാണ് നെയ്തുണ്ടാക്കിയതെന്ന് ഐന്‍സ്റ്റീന്‍ വിവരിച്ചുതന്നു. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും അതാതിടത്തു നിര്‍ത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണമാണ്. 2016 ഫെബ്രുവരി 16നാണ് ഈ ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയവാര്‍ത്ത ലോകമറിയുന്നത്. മനുഷ്യനിര്‍മ്മിതയായതില്‍വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ഒരുപകരണമാണ് ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയത്.
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണ ശക്തിയെ സാധാരണജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഡോ. ജോര്‍ജ്ജ് വര്‍ഗീസ് എഴുതിയ ഗ്രാവിറ്റി. ഗുരുത്വാകര്‍ഷണം എന്തെന്നു തിരിച്ചറിഞ്ഞ ചരിത്രപശ്ചാത്തലങ്ങളിലൂടെയും ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നടത്തിയ ഒരു പര്യടനമാണ് ഈ പുസ്തകം. ഒപ്പം ഭൗതികശാസ്ത്രത്തിന്റെയും പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്രദര്‍ശനങ്ങളുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്റെയും നേര്‍ക്കാഴ്ചകളും, ഗ്രാവിറ്റിതരംഗങ്ങളെകുറിച്ചുള്ള കണ്ടെത്തലിനെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളും ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു.
ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണത്തിനും നിലനില്പിനും കാരണമായ ഗുരുത്വാകര്‍ഷണബലത്തെപ്പറ്റി അറിയേണ്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന ഒരു അപൂര്‍വ്വ ശാസ്ത്രസാഹിത്യകൃതിയാണ് ഡോ. ജോര്‍ജ്ജ് വര്‍ഗീസിന്റെ ഗ്രാവിറ്റി. ഭൗതിക ശാസ്ത്രവിഷയം ദീര്‍ഘകാലം പഠിച്ചതിലൂടെ ലഭിച്ച ആത്മസംതൃപ്തിയാണ് ഗ്രാവിറ്റി എന്ന പുസ്തക രചനയില്‍ തന്നെ പ്രചോദിപ്പിച്ചത് എന്ന് ഗ്രന്ഥകാരന്‍ തുറന്നുപറയുന്നു.
പുതുയുഗപ്പിറവി, ഗലീലിയോയും ഗ്രാവിറ്റിയും, ന്യൂട്ടനും ഗ്രാവിറ്റിയും,തുല്യാര്‍ത്ഥനിയമങ്ങളും ഗ്രാവിറ്റിയും തുടങ്ങി ഗ്രാവിറ്റയുമായി ബന്ധമുള്ള എല്ലാത്തിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. നോവല്‍ കഥ എന്നിവപോലെ വായനക്കാരുടെ ജിജ്ഞാസയെ തൊട്ടുണര്‍ന്ന ഒരു ശാസ്ത്ര കൃതിയാണ് ഗ്രാവിറ്റി.
ശാസ്ത്രാദ്ധ്യാപകന്‍, പ്രഭാഷകന്‍, ഗവേഷകന്‍, പോപ്പിലര്‍ സയന്‍സ് ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ ജോര്‍ജ്ജ് വര്‍ഗീസ്. ഇപ്പോള്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഡയറക്ടറാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ സ്വദേശത്തും വിദേശത്തും അന്താരാഷ്ട്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.