ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന സി. രവിചന്ദ്രന്റെ കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. പ്രസിദ്ധീകൃതമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യ പതിപ്പ് വിറ്റുതീരുകയും വിവിധ മേഖലകളിലുള്ള വായനക്കാരുടെ അനുമോദനങ്ങള്‍ നേടുകയും ചെയ്ത കൃതിയാണിത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
കൃഷ്ണന്റെ സ്ഥാനത്ത്, അര്‍ജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കില്‍ കുരുക്ഷേത്രയുദ്ധം തന്നെ നടക്കില്ലായിരുന്നുവെന്നാണ് സി. രവിചന്ദ്രന്‍ പറയുന്നത്. ഗീതയെക്കുറിച്ച് ബുദ്ധന്‍ നിശ്ശബ്ദനായിരുന്നെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് പുസ്തകത്തിലൂടെ രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. ഗീത നെഞ്ചോട് ചേര്‍ത്തു പിടിച്ചവരായിരുന്നു അഹിംസാവാദിയായ ഗാന്ധിജിയും അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുമെന്ന് രവിചന്ദ്രന്‍ പറയുന്നു.
ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ് പുസ്തകത്തിന്റെ ആദ്യഭാഗമായ ‘ഗീതയും മായയും’. വ്യാഖ്യാനഫാക്ടറിയിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണ്‍ മാത്രമാണ് ഭഗവദ്ഗീതയെന്നും, കൂടോത്രവും ഭഗവദ്ഗീതാഭക്തിയും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം വാദിക്കുന്നു. രണ്ടാം ഭാഗമായ ‘വേദാന്തം എന്ന യക്ഷിക്കഥ’ ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ‘ബോധത്തിന്റെ രസതന്ത്രം’ എന്ന മൂന്നാം ഭാഗത്തില്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി ബോധം സംബന്ധിച്ച മതവാദങ്ങള്‍ പരിശോധിക്കുകയാണ് സി. രവിചന്ദ്രന്‍.