എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമ്മുക്കില്ലൊരു ലോകം….
മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണിമാഷ്. വിരുദ്ധോക്തിയുടെ കല ആവിഷ്‌കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ നാടന്‍പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ് ദ്രാവിഡത്തനിമ പരകര്‍ന്നുനല്‍കുന്നു. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ ഒരോ കവിതയും ഓരോ വെളിപാടുകളാണ്. ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വസംമുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം. ആ കാവ്യലോകത്തില്‍നിന്നും പകര്‍ത്തിയെടുത്ത കവിതാശകലങ്ങള്‍ സമാഹരിച്ച പുസ്തകമാണ് കുഞ്ഞുണ്ണിക്കവിതകള്‍.
കുഞ്ഞുണ്ണിക്കവിതകളുടെ ആദ്യപതിപ്പ് പ്രകാശിപ്പിച്ചത് കോഴിക്കോട് പ്രതിഭാ ബുക്‌സാണ്. പിന്നീട് 1987 കുറേക്കൂടി കവിതകള്‍ ഉള്‍പ്പെടുത്തി കറന്റ്ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനൊരു ഡി സി ബി പതിപ്പുണ്ടാകുന്നത് 2010ലാണ്. എം എന്‍കാരശ്ശേരി അവതാരികയും എസ് കെ വസന്തന്‍ പഠനവും തയ്യാറാക്കി പ്രസിദ്ധീകിച്ച പുസ്തകത്തിന്റെ അഞ്ചാമത് ഡി സി പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനും കവിയുമായിരുന്ന കുഞ്ഞുണ്ണി നല്ലൊരു ചിത്രകാരന്‍കൂടിയായിരുന്നു. ഈ പുസ്തകത്തില്‍ അദ്ദേഹം വരച്ച രണ്ട് ചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 നാണ് കുഞ്ഞുണ്ണി ജനിച്ചത്. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. കുഞ്ഞുണ്ണിമാഷും കുട്ട്യോളും, കുട്ടികളുടെ നിഘണ്ടു, നമ്പൂതിരി ഫലിതങ്ങള്‍,കുട്ടേട്ടന്‍, കുഞ്ഞുണ്ണിക്കവിതകള്‍ കഥകള്‍ ( രണ്ട് വോള്യം),എന്നിലൂടെ, കുഞ്ഞുണ്ണിക്കവിതകള്‍, കിലുകിലുക്കാംപെട്ടിതുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അവിവാഹിതനായിരുന്ന കുഞ്ഞുണ്ണിമാഷ് വലപ്പാടുള്ള തന്റെ തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു.
The post കുഞ്ഞുണ്ണിക്കവിതകള്‍ appeared first on DC Books.