കൊണ്ടും കൊടുത്തും പകവീട്ടിയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായിത്തീരുകയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന കീര്‍ത്തികേട്ട നമ്മുടെ കൊച്ചുകേരളം. ബോംബിന്റെയും വാള്‍മുനയുടെയും ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണിവിടെ നിലനില്‍ക്കുന്നത് എന്ന് ബോധ്യപ്പെടുത്തുകയാണ് സമീപകാലത്ത് കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍. കതിരൂര്‍ മനോജ്, ടി പി ചന്ദ്രശേഖരന്‍ എന്നിവരുടെ ഓര്‍മ്മകള്‍ മായുംമുമ്പേ സുജിത്ത് പാപ്പിനിശ്ശേരി, രമിത്ത് എന്നിവരും രാഷ്ട്രീയ പകപോക്കലിന്റെ ഇരകളായിത്തീര്‍ന്നു. ഇതൊക്കെ എന്തിനുവേണ്ടി..? ആര്‍ക്കുവേണ്ടി..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് തുടര്‍ക്കഥപോലെ നീളുകയാണ് ഇവിടുത്തെ രാഷ്ട്രീയ പശ്ചാത്തലം.
കൊലപാതകരാഷ്ട്രീയത്തെ ആസ്പദമാക്കി കവിതകളും നോവലുകളും ലേഖനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഈ അവസരത്തില്‍ അവയെക്കെല്ലാം പ്രസക്തിയേറുകയാണ്. ചോരപ്പുഴകള്‍, വെട്ടുവഴിക്കവിതകള്‍, ടി പി വധം: സത്യാന്വേഷണ രേഖകള്‍, ഒഞ്ചിയം രേഖകള്‍ എന്നീ പുസ്തകങ്ങള്‍ അവയില്‍പ്പെടുന്നു.
മനശ്ശാസ്ത്രപരമായി കൊലപാതകത്തെ സമീപിക്കുന്ന, ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നവരുമായ കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുന്ന ആദ്യനോവലാണ് അനില്‍കുമാറിന്റെ ചോരപ്പുഴകള്‍. കൊലപാതക രാഷ്ട്രീയത്തിന്റെ ഫ്‌ലാഷ് ന്യൂസുകള്‍ സൃഷ്ടിച്ച് ഒടുവില്‍ മറ്റൊരു ഫ്‌ലാഷ് ന്യൂസായി ഒതുങ്ങാന്‍ വിധിക്കപ്പെട്ട ആധുനിക ചേകവന്മാരുടെ കഥയാണ് ചോരപ്പുഴകള്‍ പറയുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകമാണ് ഈ നോവലിലെ വിഷയം. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടക്കുന്ന, കുടിപ്പകയാല്‍ മനോനില തെറ്റിയ പാനൂര്‍ എന്ന പ്രദേശമാണ് നോവലിന്റെ ഭൂമിക. പാനൂരിനെ നോവലിസ്റ്റ് വിണ്ണൂരാക്കിയിരിക്കുന്നു. ബൈ പോളാര്‍ മൂഡ് ഡിസോഡര്‍ ബാധിച്ച പ്രദേശമാണ് വിണ്ടൂര്‍ എന്ന് നോവലിസ്റ്റ് പറയുന്നു. രാഷ്ട്രീയ നേതാക്കളാണ് വിണ്ണൂരിലെ അശാന്തിക്ക് തീകൊളുത്തുന്നതെന്ന് ടി.കെ. അനില്‍കുമാര്‍ ആവിഷ്‌കരിക്കുന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ രാഷ്ട്രീയഫാസിസത്തിന്റെ നിഗൂഢവഴികളെയും സാംസ്‌കാരിക ബുദ്ധിജീവികളുടെ അപചയങ്ങളെയും പരിശോധിക്കുന്ന വ്യത്യസ്ത അന്വേഷണങ്ങളാണ് ടി.പി വധത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഒഞ്ചിയം രേഖകള്‍ എന്ന കൃതിയില്‍ ഉള്ളത്. സി.ആര്‍ നീലകണ്ഠന്‍ എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ പുതിയൊരു ഇടതുപക്ഷ സംസ്‌കാരത്തിനായി, നിലവിലുള്ള ഇടതുപക്ഷത്തിന്റെ അപചയങ്ങളെ പഠിക്കുന്ന 34 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്‌കാരിക മണ്ഡലങ്ങളൈലെ പ്രമുഖര്‍ തയ്യാറാക്കിയ കുറിപ്പുകളാണിവ.
കേരള ജനതയെ ഇത്രയേറെ വിഹ്വലരാക്കിയ രാഷ്ട്രീയക്കൊലപാതകം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാതിരിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട് മലയാളത്തിലെ ശ്രദ്ധേയ കവികള്‍ ഒത്തുചേര്‍ന്ന പുസ്തകമാണ് വെട്ടുവഴിക്കവിതകള്‍. ടി.പി.വധത്തിന്റെ അലയൊലികള്‍ നിരവധി പുസ്തകങ്ങള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും വെട്ടുവഴിക്കവിതകള്‍ അവയില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ലിപികളിലാണ് പുസ്തകം ആലേഖനം ചെയ്യപ്പെട്ടത്. കെ. ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍ , വിജയലക്ഷ്മി, ചെമ്മനം ചാക്കോ, എന്‍. പ്രഭാകരന്‍ തുടങ്ങിയ മുതിര്‍ന്നകവികളും ബിജു കാഞ്ഞാങ്ങാട്, കെ.വി.സുമിത്ര, അബ്ദുള്‍സലാം, സുധീഷ് കൊട്ടേമ്പ്രം തുടങ്ങിയ യുവകവികളുമടക്കം നാല്പത്തഞ്ചോളം കവികളുടെ കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെയും വിധിയുടേയും പശ്ചാത്തലത്തില്‍ കേസന്വേഷണ കാലഘട്ടത്തിലെ ആഭ്യന്തരമമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വധത്തിന് പിന്നിലെ സത്യങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകമാണ് ടി പി വധം: സത്യാന്വേഷണ രേഖകള്‍. കേരളം ഏറെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ കൊലപാതകമായ ടിപി വധത്തിന്റെ കാര്യകാരണങ്ങള്‍ സഹിതമുള്ള വിശദീകരണങ്ങളാണ് പുസ്തകത്തില്‍ . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തിരുവഞ്ചൂരിന്റെ ഈ ലേഖനങ്ങള്‍ ചിലതരത്തിലുള്ള വെളിപ്പെടുത്തലുകളാണ്. ടി.പി. വധക്കേസിന്റെ നാള്‍വഴികളില്‍ സംഭവിച്ച വസ്തുതകളും പോലീസ് അന്വേഷണത്തിനിടയില്‍ നടന്ന കാര്യങ്ങളും വായനക്കാര്‍ക്കായി വെളിപ്പെടുത്തുകയാണ് ടി പി വധം: സത്യാന്വേഷണ രേഖകള്‍ എന്നപുസ്തകത്തിലൂടെ.
The post രാഷ്ട്രീയകൊലപാതകത്തിലെ ചില കണ്ണികള്‍ appeared first on DC Books.