നിത്യതയുടെ മറുകരയില്‍നിന്ന് നീ തിരിഞ്ഞുനോക്കിയതുപോലെ. ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്ന നിന്റെ ശബ്ദം ഞാന്‍ സംഗ്രഹിച്ചത് കാതിലോണോ നെഞ്ചിലാണോ, ഒരു ഓര്‍മക്കുടന്നയിലാണോ..?എന്റെ കളിമുറ്റങ്ങളില്‍ നീ ഉണ്ടായിരുന്നില്ല. ബാല്യകൗതുകങ്ങളെ നീ തൊട്ടൊഴിഞ്ഞില്ല. കൗമാരംകുലച്ച ഞരമ്പുകളില്‍ നീ കോരിയെറിഞ്ഞില്ല. യൗവ്വനശയ്യയില്‍ നിന്റെ വാര്‍മുടി ഉലഞ്ഞുവീണില്ല. നീ വരുന്നത് വൈകിയാണ്.നിന്റെ കരം ഗ്രഹിക്കാതെ അനിശ്ചതപഥങ്ങളിലൂടെ നീ എന്നെ കൊണ്ടുപോയി. ജീവിതമേ എന്നു വിളിച്ചിരുന്നു..! അതോ മരണമെന്നോ? ..
യൗവനത്തിന്റെ കണ്ണീര്‍പ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ് വി ആര്‍ സുധീഷ്. ഭാവനിര്‍ഭരമായ ഓര്‍മ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിന്റെ രചനകള്‍ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരന്റെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിന്റെ പൊരുള്‍ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ നോവല്‍ ‘മായ‘യും ഇതുതന്നെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രണയത്തിന്റെ രക്താംബരത്തില്‍ ഉദിച്ചുയര്‍ന്നസ്തമിച്ച ഒരു നക്ഷത്രവെളിച്ചത്തെ നിത്യയുടെ മറുകരയോളം ചെന്ന് അന്വേഷിക്കുകയാണ് ഈ നോവലിലൂടെ കഥാകാരന്‍. പ്രപഞ്ചത്തിലെ ഏകാന്തതയില്‍ തനിച്ചിരുന്നപ്പോള്‍ ഫേസ്ബുക്കിലെ ഇന്‍ബോക്‌സില്‍ തെളിഞ്ഞ മായാചന്ദന എന്ന പെണ്‍കുട്ടിയുടെ ഓര്‍മകളിലേക്കും അവള്‍ വാരിവിതറിയ സൗരഭ്യവും പ്രണയവും ഓര്‍മകളുമാണ് വി ആര്‍ സുധീഷിനെ മായ എന്ന നോവലിലെത്തിച്ചത്. വെറും 23 വയസ്സുമാത്രമുള്ള മായ.. മായാ ചന്ദന അങ്ങനെ കഥാകാരന്റെ എല്ലാമായി തീരുന്നു. ജീവിതത്തിലൊരിക്കലും പ്രണയിയെ തനിച്ചാക്കില്ലെന്ന് ആവര്‍ത്തിച്ച അവള്‍ ഒരുനാള്‍ രക്താര്‍ബുദത്തിന്റെ പിടിയിലകപ്പെട്ട് നിത്യതയിലേക്ക് മറഞ്ഞുപോകുന്നു. ഈ ശൂന്യത ഒരിക്കലും എഴുത്തുകാരന് താങ്ങാനാവുന്നില്ല. ഓര്‍മകളിലെന്നും ചന്ദനനിറമുള്ള സുന്ദരിയായ…ആ മായ നിറഞ്ഞുനില്‍ക്കുന്നു.. ഏതു ഋതുക്കളിലും പൂക്കുന്ന പ്രണയത്തിന്റെ വിപിനത്തിലൂടെ… ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്നുപോയ അതിന്റെ പരാഗരേണുക്കളുടെ തപിക്കുന്ന സ്മൃതിയിലൂടെ മായ ഓരോ വായനയിലും പുനര്‍ജനിക്കുന്നു.
മായയിലെ പ്രണയസങ്കല്പം സഹനത്തിന്റെ നിറക്കൂട്ടുകള്‍ ചാലിച്ചു വരച്ചതാണ്. മറ്റെല്ലാരചനകളിലെന്നപോലെ നന്മയുടെ പക്ഷം പറ്റിയ ജീവിത ദര്‍ശനമാണ് മായയിലും വി ആര്‍ സുധീഷ് മുന്നോട്ടുവയ്ക്കുന്നത്. ഉള്ളുപൊള്ളിക്കുന്ന ഒരു വായനാനുഭവമാണ് മായ നല്‍കുന്നതെന്നും പ്രണയാഗ്നിയുടെ ചുട്ടുപൊള്ളല്‍ വായനക്കാരില്‍ ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യുമെന്നും വായനക്കാരിയും സുഹൃത്തുമായ രജനി സുബോധ് കുറിക്കുന്നു.. ഒപ്പം, കഥാകാരന്റെ സുഹൃത്തും, മായയെ മാളൂന്ന് വിളിച്ച് സ്‌നഹവാത്സല്യങ്ങളാല്‍ പൊതിഞ്ഞ ജിജി ജോഗിയുടെ ഹൃദയസാക്ഷ്യവും ഈ നോവലിനെ ജീവനുള്ളതാക്കുന്നു..!