മലയാളത്തിലെ പ്രശസ്തനായ കാലിഗ്രഫി ചിത്രകാരനായ ആര്‍ട്ടിസ്റ്റ് ഭട്ടതിരി(നാരായണ ഭട്ടതിരി)ക്ക് സാന്‍ഫ്രാന്‍സ്‌കോയില്‍ നടക്കുന്ന കാലിഗ്രഫി ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന അന്താരാഷ്ട്രപ്രദര്‍ശനത്തിലേക്ക് ക്ഷണം. പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാരായണ ഭട്ടതിരിയുടെ കലാസൃഷ്ടികളും അവിടെ പ്രദര്‍ശിപ്പിക്കും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വരുന്ന ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായാണ് ഈ അന്താരാഷ്ട്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളത്തെ അക്ഷരങ്ങളിലൂടെ സ്‌നേഹിക്കുന്ന ഈ കലാകാരന്റെ കാലിഗ്രഫി ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്. പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രീകരണങ്ങള്‍ക്ക് പുറമേ നിരവധി സിനിമകളുടെ ടൈറ്റിലുകളും അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ഡി സി ബുക്‌സിനു വേണ്ടി ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാല് കവര്‍ ചിത്രങ്ങള്‍ അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന ഗ്രാഫിക് നോവലിന്റെയും ഡിസൈന്‍ നാരായണ ഭട്ടതിരിയുടേതാണ്.