സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. അദ്ദേഹത്തിന്റെ 88-ാം ജന്മദിനമായ മെയ് 27-ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ചാണ് വിപുലമായ പരിപാടികളോടെ ഒ.എന്‍.വി ജയന്തി ആഘോഷവും സാഹിത്യപുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചിരിക്കുന്നത്.
ഒ.എന്‍.വി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന്, സാഹിത്യരംഗത്തിന് മഹത്തും മൗലികവുമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സര്‍ഗ്ഗപ്രതിഭക്ക് വര്‍ഷംതോറും നല്‍കാറുള്ള ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമുള്‍പ്പെടെ ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരം കുമാരി അനഘ ജെ.കോലത്തും ഏറ്റുവാങ്ങും. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന പുസ്തകമാണ് അനഘയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.എസ്.ശ്രീദേവി, സി.രാധാകൃഷ്ണന്‍, ഡോ.കെ.സച്ചിദാനന്ദന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. ഒ.എന്‍.വി ഗാനസന്ധ്യയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.