Image may be NSFW.
Clik here to view.
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍.കരുണിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ മന്ത്രി എ.കെ.ബാലന്‍ ഒപ്പുവെച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുളള ഒഴിവിലേക്കാണ് നിയമനം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാര ജേതാവാണ് ഷാജി എന്‍.കരുണ്‍.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പിറവി എന്ന ചലച്ചിത്രത്തിലൂടെയാണ് ഷാജി എന്‍.കരുണ്‍ അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെയും അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസാഹിത്യ രംഗങ്ങളിലെ സംഭാവനക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് പുരസ്‌കാരവും 2011-ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെഡലോടുകൂടി ഛായാഹ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എന്‍.കരുണ്‍ പ്രശസ്ത സംവിധായകനായിരുന്ന ജി.അരവിന്ദനോടൊപ്പം ചേര്‍ന്നാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. കെ.ജി ജോര്‍ജ്, എം.ടി.വാസുദേവന്‍ നായര്‍ എന്നീ പ്രമുഖര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.