തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ വേലായുധന്റെയും കെ.ഭാനുക്കുട്ടിയമ്മയുടെ മകനായി 1925-ലായിരുന്നു പഴവിള രമേശന്റെ ജനനം. കൗമുദി ആഴ്ചപ്പതിപ്പില്‍ മാധ്യമപ്രവര്‍ത്തകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിനോക്കി. സമഗ്രസംഭാവനക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍( കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര(ലേഖന സമാഹാരങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചന നിര്‍വ്വഹിച്ചത് പഴവിള രമേശനാണ്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാളെ രാവിലെ പത്തുമണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ പൊതുദര്‍ശനത്തിനു ശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഭാര്യ: സി.രാധ, മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ.