ദുരിതപ്പെയ്ത്തിന് ശമനമായതോടെ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സമയമാണിത്. വെള്ളം ശരിക്കിറങ്ങിയതിനുശേഷം ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ വീട്ടിലേക്കു പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം.
ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
1. ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ. (സ്വന്തം വീടിന്റെ നാശം കണ്ട് ഹൃദയസ്തംഭനംവരെ ഉണ്ടാകുന്നവരുണ്ട്).
2.ആദ്യമായി വീട്ടിലേക്കു തിരിച്ചുപോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല, കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.
3.ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്കു ചെല്ലരുത്. വീടിനകത്ത് പാമ്പു മുതല്‍ ഗ്യാസ് ലീക്കുവരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയാണ്.
4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.
5. മതിലിന്റെ നിര്‍മ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടുതന്നെ ഗേറ്റ് ശക്തമായി തള്ളിത്തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.
6. റോഡിലോ മുറ്റത്തോ ചെളിയില്‍ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചെളിയുടെ നിരപ്പിനു മുകളില്‍ ഉള്ള ചെരുപ്പുകള്‍ ധരിക്കണം. വ്യക്തിസുരക്ഷയ്ക്കു വേണ്ടി ഒരു മാസ്‌ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത് മൂക്കിനു മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യില്‍ കട്ടിയുള്ള കൈയുറകള്‍ ഉണ്ടെങ്കില്‍ നല്ലതാണ്.
7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പോലീസിനെ അറിയിക്കണം.
8. വീടിനകത്ത് കയറുന്നതിനു മുന്‍പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്‍ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റു കൊണ്ടോ മാര്‍ക്ക്‌ചെയ്തുവെക്കുക.
9. വീടിനകത്തേക്കു കയറുന്നതിനു മുന്‍പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പെടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ, നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
10. വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞു വേണം അകത്തു പ്രവേശിക്കാന്‍.
11. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
12. വീടിനകത്തേക്കു പ്രവേശിക്കുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വീടിനു പുറത്തുനിന്നും പൈപ്പ് വഴിയാണ് ഗ്യാസ് വിതരണം ചെയ്യുന്നതെങ്കില്‍ അഥവാ ഗ്യാസിന്റെ സിലിണ്ടര്‍ വീടിന് വെളിയിലാണെങ്കില്‍ അത് ഓഫ് ചെയ്യണം.
13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളിയായതിനാല്‍ തുറക്കുക ശ്രമകരമായിരിക്കാനാണ് വഴി. ബലം പ്രയോഗിക്കേണ്ടിവരും. പഴയ വീടാണെങ്കില്‍ അത് ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്ഥിരപ്പെടുത്താന്‍ വഴിയുണ്ട്, സൂക്ഷിക്കണം.
14. വീടിനകത്ത് കയറുന്നതിനു മുന്‍പ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവികഗന്ധം) തോന്നിയാല്‍ വാതില്‍ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്തു കയറിയാല്‍ മതി.
15. നമ്മള്‍ അറേഞ്ച് ചെയ്തു വെച്ചിട്ടുപോയ വീടായിരിക്കില്ല നമ്മള്‍ അകത്ത് കാണാന്‍പോകുന്നത്. വെള്ളത്തില്‍ വസ്തുക്കള്‍ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയില്‍ വീഴാനുള്ള സാധ്യതയും മുന്നില്‍ കാണണം.
16.ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.
17. വീടിനകത്തെ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.
18. ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത് കേടായിക്കാണും, വലിയ ഫ്രീസര്‍ ആണെങ്കില്‍ മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ ഗ്യാസ് ഉണ്ടാകാന്‍ വഴിയുണ്ട്. ഫ്രീസര്‍ തുറക്കുമ്പോള്‍ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
19. വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്‍ഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും.
20. വീട്ടില്‍ ഫ്‌ളഷും വെള്ളപ്പൈപ്പും വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്കവെള്ളമാണോ എന്ന് ശ്രദ്ധിക്കുക.
21. വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കള്‍ (ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍) എല്ലാം ചെളിയില്‍ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തുവെക്കണം.
22. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.
വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷേ, അക്കാര്യം ചെയ്യുന്നതിനു മുന്‍പ് മണ്ണു കയറി നാശമാക്കിയ വസ്തുക്കള്‍ എല്ലാം എവിടെ കൊണ്ടുപോയി കളയാം എന്നതില്‍ കുറച്ച് അറിവ് വേണം.
(മുരളി തുമ്മാരുകുടി രചിച്ച പെരുമഴ പകര്‍ന്ന പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)