തിരുവനന്തപുരം: കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കാലവര്‍ഷക്കെടുതി ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായമായും നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും ചേര്‍ന്ന് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കും. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവര്‍ക്ക് മാനദണ്ഡപ്രകാരമായിരിക്കും നഷ്ടപരിഹാരം നല്‍കുക. പ്രളയം ബാധിച്ചവര്‍ക്ക് അടിയന്തര സഹായമായി 15 കിലോ അരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ദുരിതബാധിതരുടെ ബാക്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം കൈമാറുന്നതിന് എക്‌സ്‌ചേഞ്ച് നിരക്ക് ഈടാക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.