38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 30-ന് തുടക്കം കുറിക്കും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ പുസ്തകമേളയില്‍ മലയാളത്തില്‍നിന്നടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാതാരങ്ങളും പ്രസാധകരും പങ്കെടുക്കുന്നു. തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.
സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവായ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുഖാണ് ഇത്തവണ പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ഇംഗ്ലീഷ് എഴുത്തുകാരനും ബ്ലോഗറും സംരംഭകനുമായ മാര്‍ക് മാന്‍സണ്‍, എഴുത്തുകാരന്‍ സ്റ്റീവന്‍ ജയിംസ്, അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ സ്റ്റീവ് ഹാര്‍വേ തുടങ്ങിയവരും മലയാളത്തില്‍നിന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നടന്‍ ടൊവീനോ തോമസ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം. 81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയുടെ ഭാഗമായി എത്തുന്നുണ്ട്. കേരളത്തിലെയും യു.എ.ഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മേള അരങ്ങേറുന്നത്. 2019-ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ ഷാര്‍ജയെ തിരഞ്ഞെടുത്തിരുന്നു.
Open as many books as you can, time can’t stretch enough for you to read them and you can’t keep up with it.⠀
⠀
Open as many books as you can, your mind is only an island when surrounded by a sea of knowledge. ⠀⠀⠀#Shj #UAE #SBA #SIBF19 pic.twitter.com/0oXkfY2Kxe— Sharjah Book Authority (@SharjahBookAuth) October 1, 2019
മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജ പുസ്തകോല്‍വസത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2019-ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. കഴിഞ്ഞ 12 വര്‍ഷമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖ്യപങ്കാളികളായ ഡി സി ബുക്‌സാണ് ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9-ന് മേള സമാപിക്കും.