തൃശ്ശൂര്‍: മലയാളഭാഷയോടുള്ള അപകര്‍ഷതാ ബോധത്തില്‍നിന്നും കേരളസമൂഹത്തെ മോചിപ്പിക്കാന്‍ കുഞ്ഞുണ്ണി മാഷിനു കഴിഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ വലപ്പാടുള്ള കുഞ്ഞുണ്ണി മാഷിന്റെ വീടിനു സമീപം നിര്‍മ്മിച്ച സ്മാരകം നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്മാരകത്തില്‍ സ്ഥാപിച്ച കുഞ്ഞുണ്ണി മാഷിന്റെ അര്‍ധകായപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
ഇംഗ്ലീഷ് ഭാഷയോടുള്ള കൊളോണിയല്‍ വിധേയത്വം കുടഞ്ഞെറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചത് കുഞ്ഞുണ്ണി മാഷാണ്. മാതൃഭാഷയെ സ്‌നേഹിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. മലയാളഭാഷയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ കുഞ്ഞുണ്ണി മാഷ് ദുഃഖിതനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപൂര്‍ത്തികരണമാണ് ഭരണഭാഷ മലയാളമാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടിയാക്കുന്നത് കുഞ്ഞുണ്ണി മാഷോടുള്ള ആദരവാണ്, എല്ലാ കാപട്യങ്ങള്‍ക്കും നേരെ ചാട്ടുളി വീശുന്നതായിരുന്നു കുഞ്ഞുണ്ണി മാഷുടെ കവിത- മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞുണ്ണി മാഷ് സ്മാരക ലൈബ്രറി സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. പരിപാടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗോപിക നന്ദന വരച്ച കുഞ്ഞുണ്ണി മാഷുടെ ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.
ബജറ്റ് വിഹിതമായ 25 ലക്ഷം രൂപയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടില്‍നിന്ന് നല്‍കിയ 13 ലക്ഷവും ഗീത ഗോപി എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍നിന്നുള്ള നാല് ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.