കുടിയേറ്റം ഒരു ലോകപ്രതിഭാസമാകുന്നതിനു മുമ്പേതന്നെ, കേരളം കേരളമോ മലയാളി മലയാളിയോ ആകുന്നതിനു മുമ്പേ ആരംഭിച്ചതാണ് പ്രവാസം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ നമ്മുടെ പ്രകൃതി വിഭവങ്ങള്‍ തേടി വന്ന വിദേശികളുടെ ഒപ്പം അടിമയായോ സഞ്ചാരിയായോ പോയ ഒരാളായിരിക്കാം ആദ്യത്തെ പ്രവാസി. തൊഴിലന്വേഷകരിലൂടെ ആ ചരിത്രം തുടരുന്നു. അതുപോലെതന്നെ പൗരാണിക കാലം മുതലേ കേരളം അന്യദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സ്വപ്നഭൂമിയായിരുന്നു എന്ന കാര്യവും ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.
മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായും സഞ്ചാരത്തിനായും മലയാളി നടത്തിയ കുടിയേറ്റങ്ങളാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ച മുഖ്യഘടകങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമായ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍ രചിച്ച പുസ്തകമാണ് കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍.
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം എവിടെ എത്തിനില്‍ക്കുന്നു എന്ന അന്വേഷണമായി കേരളം 60 എന്നൊരു പുസ്തക പരമ്പരക്ക് ഡി സി ബുക്‌സ് തുടക്കമിടുകയാണ്. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ പുസ്തകമാണ് കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍.
യാത്രകള്‍ നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രാചീന നിലവിളിയാണെന്ന് ബെന്യാമിന്‍ പറയുന്നു. അതിനെ ഉപേക്ഷിച്ച് നാം എവിടെങ്കിലും സ്വസ്ഥമാകുമെന്ന് കരുതുക വയ്യ. പുതിയ കുടിയേറ്റ ഭൂമികകളും അതിന്റെ സാധ്യതകളും ആരാഞ്ഞുകൊണ്ടിരിക്കുന്ന നാം നിശ്ചയമായും അത് കണ്ടെത്തുമെന്ന വിശ്വാസത്തോടെയാണ് ബെന്യാമിന്‍ കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍ എന്ന പുസ്തകം അവസാനിപ്പിക്കുന്നത്.
ആടുജീവിതം എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ബെന്യാമിന്‍ നേടിയിട്ടുണ്ട്. ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം അറ്റ്‌ലസ് കൈരളി കഥാപുരസ്‌കാരം, കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം, കണ്ണശ്ശ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്, അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം,അബീശഗിന്‍, യുത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും, മനുഷ്യന്‍ എന്ന സഹജീവി, കഥകള്‍ ബെന്യാമിന്‍, തുടങ്ങിയവയാണ് ആദ്ദേഹത്തിന്റെ മറ്റ് പ്രധാനപ്പെട്ട കൃതികള്‍.
The post പ്രവാസത്തിന്റെ മലയാളിവഴികള്‍ appeared first on DC Books.