Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

മാമാങ്ക മഹോത്സവവും ചാവേര്‍ പോരാട്ടങ്ങളും; ഒരു ചരിത്രാന്വേഷണം

$
0
0

മാമാങ്കം എന്നു കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. വലിയ തോതിലുള്ള ആഘോഷങ്ങളെയൊക്കെ സൂചിപ്പിക്കാന്‍ ഇന്നും ആ വാക്കാണ് ഉപയോഗിക്കുന്നത്. മാമാങ്കം നിലച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷംമുന്‍പാണ് അവസാനത്തെ മാമാങ്കം നടന്നത്. എങ്കിലും ഓര്‍മ്മകളില്‍ ഇന്നും അത് ബാക്കിയാണ്. കേരളത്തിന്റെ മധ്യകാലചരിത്രത്തിലെ ഒരു പ്രധാന സംഭവം എന്നനിലയില്‍ മലയാളികളെ ഭൂതകാലത്തിന്റെ കുളിരിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ് മാമാങ്കം. എന്താണതിന്റെ ചരിത്രമെന്ന് അറിയാനുള്ള കൗതുകം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് സമീപകാലത്ത് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.

മാമാങ്കം എന്ന സിനിമപോലെ ചെങ്ങഴി നമ്പ്യാരെപ്പറ്റി സിനിമയെടുക്കാന്‍ ശ്രമിക്കുന്ന സിനിമാപ്രവര്‍ത്തകരെ എനിക്കറിയാം. പലപ്പോഴും അതിന്റെ തിരക്കഥാകൃത്ത് പല സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നു. എടപ്പാള്‍ സ്വദേശിയും ഗള്‍ഫില്‍ ജോലിചെയ്യുന്ന നാടകസംവിധായകനുമായ ബഷീര്‍ മാമാങ്കത്തെക്കുറിച്ച് നാടകം ചെയ്യുന്നുണ്ട്. ‘മാമാങ്കവും ചാവേറും’ എന്ന എന്റെ പുസ്തകത്തെ ആസ്പദമാക്കി പ്രസ്തുത നാടകം അവതരിപ്പിക്കാന്‍ അനുമതിയും അദ്ദേഹം തേടിയിരുന്നു. ഇവരൊക്കെ പല സ്ഥലങ്ങളില്‍ നിന്ന് പരസ്പരം അറിയാതെ വ്യത്യസ്ത നിലകളില്‍ മാമാങ്കത്തെപ്പറ്റി സര്‍ഗ്ഗാത്മകസൃഷ്ടി നടത്തുന്നവരാണ്.

മാമാങ്കത്തെപ്പറ്റി വര്‍ധിച്ചുവരുന്ന താത്പര്യത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍ 1887-ല്‍ മലബാര്‍ മാന്വലില്‍ മാമാങ്കത്തെപ്പറ്റി വിവരിക്കുമ്പോഴോ ചാവേറുകള്‍ കൊല്ലപ്പെട്ട കണക്കെഴുതിയ രേഖയുടെ പരിഭാഷ പ്രസിദ്ധീകരിക്കുമ്പോഴോ കെ.വി. കൃഷ്ണയ്യര്‍ 1938-ല്‍ ‘ദ സാമോറിന്‍സ് ഓഫ് കാലിക്കറ്റി’ല്‍ മാമാങ്കത്തെ പ്പറ്റി ഒരു അധ്യായം എഴുതുമ്പോഴോ ഇല്ലാതിരുന്ന താത്പര്യമാണിത്. ലോഗന്‍, മലബാര്‍ മാന്വല്‍ പ്രസിദ്ധീകരിച്ച് ശതാബ്ദി പൂര്‍ത്തിയാകുമ്പോഴാണ് എന്‍.എം. നമ്പൂതിരി 1987-ല്‍ ‘സാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അതില്‍ മാമാങ്കത്തെപ്പറ്റി ഒരധ്യായമുണ്ട്. 1990 കളില്‍ എന്‍.എം. നമ്പൂതിരിയുടെയും ചില സംഘടനകളുടെയും ശ്രമഫലമായി മാമാങ്കം പുനരാവിഷ്‌കരിക്കാന്‍ ശ്രമം നടന്നു. തിരുനാവായയിലെ റീ എക്കോ പോലെയുള്ള സംഘടനകള്‍ മാമാങ്കവു മായി ബന്ധപ്പെട്ട ചില സ്ഥലങ്ങളും സ്മാരകങ്ങളും കണ്ടെത്തി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം നടത്തി. മാമാങ്കവുമായി ബന്ധമുള്ള കുടുംബങ്ങളുടെ പിന്‍തലമുറക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു. ചാവേര്‍ കുടുംബങ്ങളില്‍പ്പെട്ടവരെയും അങ്ങനെ കണ്ടെത്തുകയുണ്ടായി.

ഇന്ന് പലരും മാമാങ്കസ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ഭൂതകാല സ്മരണകളെ ഉണര്‍ത്തുന്ന കഥകള്‍ കേട്ട് മടങ്ങുകയും ചെയ്യുന്നു. ഇതിനിടയില്‍ വിവാദങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല. നിലപാടുതറയെന്ന പേരില്‍ തിരുനാവായയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്മാരകത്തെച്ചൊല്ലിയാണ് ഒരു വിവാദം. പ്രസ്തുത സ്ഥലത്ത് നടന്ന പുരാവസ്തുവകുപ്പിന്റെ ഉദ്ഖനനത്തില്‍ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്നു. അതിനാല്‍ നിലപാടുതറയല്ല തളിക്ഷേത്രമാണതെന്ന് പറയുന്നുണ്ട്. തിരുനാവായയില്‍ ഒരു തളി ക്ഷേത്രമുണ്ടായിരുന്നതായി കണ്ടര്‍ മേനോനെപ്പറ്റിയുള്ള ചാവേര്‍ പാട്ടില്‍ സൂചനയുണ്ട്. എന്നാല്‍, അത് എവിടെയാണെന്നതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും. ഇതിനിടയില്‍ മാമാങ്കത്തെ നദീതീര്‍ത്ഥസ്‌നാനമെന്ന നിലയില്‍ ഒരു ഹിന്ദു ഉല്‍സവമായി ആഘോഷിക്കാനും ആരംഭിച്ചിട്ടുണ്ട്.

ചരിത്രമെന്നല്ല, ഓരോ ജ്ഞാനശാഖയെയും മനുഷ്യനന്മയ്ക്കായും വ്യത്യസ്ത ജനവിഭാഗങ്ങളുടെ സഹവര്‍ത്തിത്വത്തിനായും ഉപയോഗി ക്കുക എന്നതിലാണ് വിവേകമതികള്‍ ശ്രദ്ധചെലുത്തുക. സാമൂഹിക ശാസ്ത്രവിഷയമായ ചരിത്രമെന്ന ജ്ഞാനശാഖയുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ ചരിത്രകാരന്മാരൊക്കെയും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. എന്നാല്‍, ചരിത്രമെന്ന വിഷയത്തിന്റെ ഗൗരവംപോലും തിരിച്ചറിയാതെ കേട്ടുകേള്‍വികളെയും അര്‍ദ്ധസത്യങ്ങളെയും മിത്തുകളെയും പാഠവിമര്‍ശത്തിനുപോലും വിധേയമാക്കാതെ ചരിത്രമായി അവതരിപ്പിച്ച് സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കുറെയേറെ ആളുകള്‍ കേരളത്തിലും സജീവമായി രംഗത്തുണ്ടെന്നത് ഗൗരവമുള്ളൊരു വിഷയമാണ്. സ്വന്തം സമുദായത്തിന്റെയും ജാതിയുടെയും മേന്മകളെ പെരുപ്പിച്ചു കാട്ടലും വെള്ളപൂശലും എന്ന നിലയില്‍ തുടങ്ങി മറ്റുവിഭാഗങ്ങളോടുള്ള വെറുപ്പില്‍ എത്തിനില്‍ക്കുന്നതാണ് അത്തരക്കാരുടെ രചനകള്‍.

മാമാങ്കംപോലൊരു ഉത്സവം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന സഹവര്‍ത്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്ന മധ്യകാല കേരളീയസമൂഹത്തില്‍ മറ്റു മതവിഭാഗങ്ങളോട് സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടെയുമാണ് പെരുമാറിയിരുന്നതെന്ന് കാണാനാകും. കോഴിക്കോട്ടെ സാമൂതിരിമാരുടെ കാര്യമെടുക്കുകയാണെങ്കില്‍ അവര്‍ അറബികളോടും മാപ്പിളമാരോടുമൊക്കെ സൗഹാര്‍ദ്ദത്തോടെയാണ് ഇടപെട്ടിരുന്നത്. വ്യാപാരികളായും നാവികരായും ഏറ്റവും പ്രാധാന്യമുള്ളവരായതിനാല്‍ സ്വീകരിച്ച അടവുനയമായി വ്യാഖ്യാനിക്കാമെങ്കിലും പുറംപൂച്ചിനപ്പുറം അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കിയിരുന്നു. മാമാങ്കത്തിന് സാമൂതിരി നിലപാടു നില്‍ക്കുമ്പോള്‍ കോഴിക്കോട്ടു കോയയെ വലതുവശത്തു നിര്‍ത്തുന്ന കേരളോല്‍പത്തി ഐതിഹ്യവും സാമൂതിരിയുടെ എഴുന്നള്ളത്തില്‍ മുസ്‌ലിം വാദ്യക്കാരായ കാലുതൊലികളെ പങ്കെടുപ്പിക്കുന്നതുമൊക്കെ ഇതിന്റെ സൂചനയാണ്.

മാമാങ്കത്തെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും അത് ചാവേറുകളെ കേന്ദ്രീകരിച്ചാണ് വിശദീകരിക്കാറുള്ളതെന്നത് വിരോധാഭാസമാണ്. മാമാങ്കം തടയാന്‍ വന്ന പടയാളികളാണ് വാസ്തവത്തില്‍ ചാവേറുകള്‍. സിനിമയിലും കഥയിലും നാടകത്തിലുമൊക്കെ ചാവേറുകളുടെ കഥയാണ് വിവരിക്കുന്നത്. സ്വന്തം ജീവനെ തൃണവല്‍ഗണിച്ച് പോരാടി മരിച്ച വീരന്മാര്‍ എന്നനിലയ്ക്ക് അവര്‍ക്കു ലഭിച്ച പ്രശസ്തിയും പ്രചാരവുമാണതിനു കാരണം. ഇപ്പോഴും ചാവേറുകളെപ്പറ്റി അത്ഭുതത്തോടെയാണ് പലരും ഓര്‍ക്കുന്നത്. ഈ പുസ്തകത്തില്‍ ചാവേറുകളെപ്പറ്റി വിശദമായി ചര്‍ച്ചചെയ്തിട്ടുള്ളതിനാല്‍ അതേപ്പറ്റി കൂടുതല്‍ വിസ്തരി ക്കുന്നില്ല.

മാമാങ്കം നടന്ന പ്രദേശത്തിന്റെ ഒരു ചരിത്രഭൂപടം വാക്കുകള്‍കൊണ്ട് വരച്ചിടാം. ഇന്ന് ഭാരതപ്പുഴ എന്നറിയപ്പെടുന്ന, പണ്ട് പേരാര്‍ എന്നും പ്രതിചി എന്നും നിളയെന്നും പറയുന്ന, നദിക്കരയിലെ തിരുനാവായയില്‍വെച്ചാണ് പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ മാമാങ്കം നടന്നിരുന്നത്. മലബാറിലെ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചാകാം പേരാറിനെ ഭാരതപ്പുഴയെന്ന് വിളിക്കാനാരംഭിച്ചത്. കോഴിക്കോടന്‍ ഗ്രന്ഥവരിയില്‍ പേരാര്‍ എന്ന പേരാണ് പൊതുവേ ഉപയോഗിച്ചുകാണുന്നത്. ചിലപ്പോഴൊക്കെ നിളയെന്നും കാണാം. പേരുപറയാതെ നദിയെന്നും ഗ്രന്ഥവരിയിലുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രപരിസരവും അതിന്റെ മറുകരയിലെ തവനൂര്‍ പ്രദേശത്തെ, ഇന്ന് സര്‍വോദയമേള നടക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍. മാമാങ്കകാലത്ത് സാമൂതിരി താമസിച്ച വാകയൂര്‍ കോവിലകവും സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷനായിനില്‍ക്കുന്ന മണിത്തറയുള്‍പ്പെട്ട നിലപാടുതറയും കൂരിയാല്‍ത്തറയും അച്ചന്‍തറയും കളിത്തറയും സാമൂതിരിയുടെ നീരാട്ടുകുളിപ്പന്തലും മണിക്കിണറുമൊക്കെ പേരാറിന്റെ വടക്കേക്കരയില്‍ നാവാമുകുന്ദ ക്ഷേത്രത്തിനടുത്താണ്. തെക്കേക്കരയില്‍ തവനൂരില്‍ ഏറാള്‍പ്പാടിന്റെ തറയും തിരുമനച്ചേരി നമ്പൂതിരിയുടെ തറയുമുണ്ട്. അവര്‍ ഇവിടെയാണ് മാമാങ്കച്ചടങ്ങിനോടനുബന്ധിച്ച് നില്‍ക്കാറുള്ളത്. ഇതിനടുത്താണ് തിരുമനച്ചേരിയുടെ ഇല്ലമായ തിരുമനച്ചേരിക്കോട്ട. നദിയുടെ ഇരുകരകളിലും വിവിധ ചാത്തിരസഭകളുടെ മാടങ്ങളുണ്ട്. ആയുധമേന്തിയ ബ്രാഹ്മണരാണ് ചാത്തിരര്‍, അവരാണ് സംഘക്കളി അഥവാ യാത്രാക്കളി അവതരിപ്പിക്കുന്നത്. സാമൂതിരിയുടെ വംശത്തിലെ മറ്റ് തമ്പുരാക്കന്മാരുടെ താല്‍ക്കാലിക വസതികളും മന്ത്രിമാരുടെയും പ്രമാണിമാരുടെയും താവളങ്ങളുമൊക്കെ ഇവിടെത്തന്നെയാണ്.

നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും കച്ചവടത്തിനായി എത്തിച്ചേര്‍ന്നവരും ഇരുകരയിലുമായി തമ്പടിച്ചിരിക്കാം. കലം, പായ, ഗൃഹോപകരണങ്ങള്‍, കത്തി, കൊടുവാള്‍, മറ്റ് പണിയായുധങ്ങള്‍, വസ്ത്രം, ആഹാരസാധനങ്ങളായ ഈന്തപ്പഴം, അലുവ, കൗതുകവസ്തുക്കള്‍, അത്തര്‍, കരകൗശലവസ്തുക്കള്‍ മുതലായവയൊക്കെ അവിടെ വില്പ നയ്ക്കുണ്ടായിരിക്കാം. ഇന്നത്തെ മാജിക്കുകാര്‍ക്ക് സമന്മാരായ മന്ത്രജാലക്കാര്‍, അഭ്യാസികള്‍, പക്ഷിശാസ്ത്രക്കാര്‍, കൈനോട്ടക്കാര്‍, വേശ്യകള്‍, മദ്യവില്പനക്കാര്‍ എന്നിവര്‍ക്കൊപ്പം ഉത്സവം കാണാനെത്തുന്ന വലിയൊരുകൂട്ടം ജനങ്ങളും പടയാളികളും ചേര്‍ന്ന് മണല്‍ത്തരി വാരിയിട്ടാല്‍ താഴേക്കു വീഴാത്തത്രയും ജനത്തിരക്ക് മാമാങ്കോത്സവകാലത്ത് അവിടെ അനുഭവപ്പെട്ടിരിക്കാം. തിരുനാവായയില്‍ നിന്ന് പുഴമാര്‍ഗ്ഗം പത്ത് കിലോമീറ്റര്‍ പടിഞ്ഞാറോട്ടു പോയാല്‍ പേരാര്‍ കടലില്‍ ചേരുന്ന പൊന്നാനി അഴിമുഖമായി. തിരുനാവായയില്‍നിന്ന് പുഴവഴി പത്ത് കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ ഭാരതപ്പുഴയും തൂതപ്പുഴയും കൂടിച്ചേരുന്ന കൂടല്ലൂരായി. ഇവിടങ്ങളിലെല്ലാം ഉത്സവമേളത്തിന്റെ മാറ്റൊലി മുഴങ്ങിയിരിക്കും. വള്ളുവനാടും സാമൂതിരിനാടും വെട്ടത്തുനാടുമൊക്കെ അതിര്‍ത്തി പങ്കിടുന്ന ഭൂഭാഗങ്ങളാണ് മാമാങ്കത്തിന്റെ അരങ്ങെന്ന ഭൂമിശാസ്ത്ര പ്രത്യേകതയുമുണ്ട്. കൊച്ചിയുടെ ആദ്യകാല സ്വരൂപസ്ഥാനമായ വന്നേരി ചിത്രകൂടവും ഇതിനടുത്താണ്.

പൊതുവായനക്കാര്‍ക്ക് മാമാങ്കത്തെയും അത് മുടക്കാനെത്തിയ ചാവേറുകളെയുംകുറിച്ച് അറിയാന്‍ ഉപകരിക്കുന്നൊരു പുസ്തകമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍, കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി കോഴിക്കോടിന്റെ രാഷ്ട്രീയ സംസ്‌കാരത്തെപ്പറ്റിയും മധ്യകാല കേരളസംസ്‌കാരത്തെപ്പറ്റിയും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഈ പുസ്തകത്തില്‍ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ ഡോ.വി. വി. ഹരിദാസ് എഴുതി ആമുഖത്തില്‍നിന്നും


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A